ADVERTISEMENT

‘അവളുടെ തലയിലേക്ക് ആ മരത്തിന്റെ കൊമ്പുകൾ പാമ്പുകളെ പോലെ കെട്ടിവരിഞ്ഞു.കഴുത്തിലും കൈകളിലും പിടിമുറുക്കിയ ശേഷം മരം ആ സ്ത്രീയെ കുറേശ്ശെയായി വിഴുങ്ങാൻ തുടങ്ങി. ഇരയാക്കപ്പെട്ട ആ വ്യക്തി ഭീതിദമായ ശബ്ദത്തിൽ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു.’ 

Trees

ജർമൻ പര്യവേക്ഷകനും സസ്യശാസ്ത്രജ്ഞനുമായ കാൾ ലിഷെ പത്തൊൻപതാം നൂറ്റാണ്ടിൽ തന്റെ സുഹൃത്തും ശാസ്ത്രജ്ഞനുമായ ഡോ. ഒമീലിയസ് ഫ്രീഡ്‌ലോസ്കിക്ക് അയച്ച കത്തിൽ കൊടുത്തിട്ടുള്ള വിവരണം. ആഫ്രിക്കൻ ദ്വീപരാജ്യമായ മഡഗാസ്കറിലെ എംകൊടോ എന്ന ഗോത്രം നടത്തിയ നരബലിയെക്കുറിച്ചാണ് ഇതു പ്രതിപാദിക്കുന്നത്. ഒരു ഭയങ്കര രൂപമുള്ള നരഭോജി മരത്തിന് ഗോത്രത്തിലൊരാളെ ഇരയാക്കി ഇട്ടുകൊടുക്കുകയായിരുന്നെന്ന് വിവരണം പറയുന്നു. മരത്തെപ്പറ്റി വളരെ നാടകീയമായും പേടിപ്പെടുത്തുന്ന രീതിയിലും വിവരിച്ചിട്ടുണ്ട്. എട്ടടി പൊക്കമുള്ള വലിയൊരു കൈതച്ചക്കയുടെ രൂപമുള്ള മരമാണത്രേ നരഭോജി മരം. ഇതിന് ഏഴടിയോളം നീളമുള്ള മുടി പോലെ പറക്കുന്ന വലിയ ശിഖരങ്ങളുമുണ്ട്.

അമേരിക്കയിലും യൂറോപ്പിലും അറിവുകൾ ആഘോഷിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. ഏഷ്യയിലും ആഫ്രിക്കയിലും തെക്കനമേരിക്കയിലും ഓസ്ട്രേലിയയിലുമൊക്കെ യാത്ര നടത്തി പര്യവേക്ഷണം നടത്തിയ യാത്രക്കാ‍ർ അറിവുകൾക്കൊപ്പം ഭയപ്പെടുത്തുന്ന കഥകളും ജന്മനാടുകളിലെത്തിച്ചു. വിദൂരസ്ഥലങ്ങളിലെ ഭയാനക ജീവികളും, തിമിംഗലങ്ങളും, മന്ത്രവാദികളും, പ്രേതങ്ങളുമെല്ലാം ഈ കഥകളിൽ കടന്നു വന്നു. കാൽ ലീഷേ എഴുതിയെന്നു പറയുന്ന ഈ എഴുത്ത് പ്രതിപാദിച്ചു കൊണ്ട് അമേരിക്കൻ ശാസ്ത്രമാസികയായ ന്യൂയോർക്ക് വേൾഡിൽ ഒരു ലേഖനം വന്നതോടെ അതൊരു പേമാരി പോലെ പ്രശസ്തമായി. ലോകമെമ്പാടും ഒട്ടേറെ പത്രങ്ങളും മാസികകളും ഇതിനെ അടിസ്ഥാനപ്പെടുത്തി ലേഖനങ്ങളെഴുതാൻ തുടങ്ങി.

തീർത്തും വനനിബിഡവും ഒറ്റപ്പെട്ടതുമായ ഒരു ദ്വീപാണ് മഡഗാസ്കർ. കരയുമായി ദീർഘകാലമായി ബന്ധമില്ലാത്തതിനാൽ, ലോകത്ത് മറ്റെവിടെയും കാണാത്ത തരം വൃക്ഷങ്ങളും മൃഗങ്ങളുമൊക്കെ ഇവിടെയുണ്ട്. വിചിത്രമായ രൂപമുള്ള ബോബാബ് തുടങ്ങിയ മരങ്ങൾ ഇതിന് ഉദാഹരണം. അതിനാൽ തന്നെ മഡഗാസ്കറിൽ ഇത്തരമൊരു നരഭോജി മരമുണ്ടാകാമെന്നു തന്നെ പലയാളുകളും ഉറച്ചുവിശ്വസിക്കാൻ തുടങ്ങി.

Trees

എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ ഇതിനെപ്പറ്റി അന്വേഷണങ്ങൾ വരാൻ തുടങ്ങി. നരഭോജി മരത്തെക്കുറിച്ചുള്ള കഥ പച്ചക്കള്ളമാണെന്നു തെളിഞ്ഞു. കാൽ ലീഷേ എന്നൊരു സസ്യശാസ്ത്രജ്ഞൻ ഇതു വരെ ജീവിച്ചിരുന്നിട്ടു പോലുമില്ല. ന്യൂ യോർക് വേൾഡിലെ എഡ്മണ്ട് സ്പെൻസർ എന്ന വിരുതൻ റിപ്പോർട്ടർ പറ്റിച്ച പണിയായിരുന്നു ‘മഡഗാസ്ക്കറിലെ നരഭോജിമരം’. 

ആ ലേഖനത്തിലെ എല്ലാ കാര്യങ്ങളും കള്ളമായിരുന്നു. മഡഗാസ്കറിൽ എംകൊടൊ എന്നു പേരുള്ള ഒരു ഗോത്രവുമുണ്ടായിരുന്നില്ല. എന്നാൽ സത്യമല്ലെന്നു തെളിഞ്ഞിട്ടും നരഭോജി മരങ്ങളെക്കുറിച്ചുള്ള  കഥകൾ നിലനിന്നു.പലരും അതു വിശ്വസിക്കുകയും ചെയ്തു.

ഈ മരത്തെ കാണാനായി മഡഗാസ്ക്കറിലേക്കു പോയവരും യാത്ര പോയവരും കുറേയേറെയുണ്ട്. ഫ്രാങ്ക് വിൻസെന്റ്, ചേസ് സാൽമൺ, തുടങ്ങിയ പര്യവേക്ഷണ രംഗത്തെ പ്രശസ്തരും ഇക്കൂട്ടത്തിൽ പെടും. പോയവരൊക്കെ മഡഗാസ്ക്കറിലെ വിചിത്രമായ ബോബാബ് മരം കണ്ട് മടങ്ങിയതല്ലാതെ നരഭോജി മരത്തെ കാണാൻ കഴിഞ്ഞില്ല.

എന്നാൽ ശരിക്കും നരഭോജി മരങ്ങളുണ്ടോ?

കീടങ്ങളെയും പ്രാണികളെയും തിന്നുന്ന മരങ്ങളുണ്ടെന്നു നമ്മൾ പഠിച്ചിട്ടുണ്ട്. വീനസ് ഫ്ലൈ ട്രാപ്, പിച്ചർ പ്ലാന്റ് തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽ പെടും. പിച്ചർ പ്ലാന്റിന്റെ ശ്രേണിയിൽ പെട്ട വലിയ ചെടിയായ നെപെന്തസ് രാജയ്ക്ക് എലികളെയും തവളകളെയുമൊക്കെ ദഹിപ്പിക്കാനുള്ള കഴിവുണ്ട്. വളർച്ചയ്ക്കാവശ്യമായ നൈട്രജൻ നേടുന്നതിനായാണ് ഈ സസ്യങ്ങൾ പ്രാണികളെ ഭക്ഷണമാക്കുന്നത്. എന്നാൽ മനുഷ്യനെയോ വലിയ മൃഗങ്ങളെയോ തിന്നുന്ന മരങ്ങൾ ലോകത്തൊരിടത്തും കണ്ടെത്തിയിട്ടില്ല. അതിനുള്ള സാധ്യതയുമില്ല. ഒട്ടനേകം വ്യാജവാർത്തകൾ പ്രചരിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യാജസൃഷ്ടികളിലൊന്നു മാത്രമാണ് നരഭോജി മരം.

English Summary:The Man-Eating Tree of Madagascar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com