ജീവിതാവസാനം വരെ ഒരു ഇണ മാത്രം, മരക്കൊമ്പിൽ കാവല്‍ നിൽക്കുന്ന മലമുഴക്കി വേഴാമ്പലുകള്‍!
Mail This Article
കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലുകളെ കാണാന്‍ തെന്മലയിൽ സഞ്ചാരികളുടെ തിരക്കാണ്. വന്യജീവി ഫൊട്ടോഗ്രഫര്‍മാരടക്കം ഒട്ടേറെ പേരാണു മലമുഴക്കിയെ കാണാന്‍ ഇവിടേക്കെത്തുന്നത്. മലമുഴക്കുന്ന ചിറകടി ശബ്ദത്തോടെ ഇവ പറക്കുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ്. വംശനാശഭീഷണി നേരിടുന്ന ഇവയുടെ സാന്യധ്യം 2016ലും തെന്മല പതിമൂന്നുകണ്ണറയ്ക്ക് സമീപത്ത് കണ്ടിട്ടുണ്ട്. ശെന്തുരുണിയുടെ ഉൾവനങ്ങളിൽ മാത്രം കാണുന്ന വേഴാമ്പൽ പതിമൂന്നുകണ്ണറയ്ക്ക് സമീപത്തുള്ള വനത്തിലെ ആലിന്റെ പഴം ഭക്ഷിക്കാനാണ് എത്തുന്നത്. ദേശീയപാതയോട് ചേർന്നുള്ള ആൽമരത്തിലാണ് ഇവ ഇപ്പോൾ കൂട്ടമായി എത്തുന്നത്. ഇത്തവണ 10 എണ്ണത്തെവരെ ഒരുമിച്ച് കണ്ടു. കഴിഞ്ഞ വർഷം ഒരേസമയം 100 എണ്ണത്തെവരെ കണ്ടിരുന്നുഅത്തി, കുന്തിരിക്കം തുടങ്ങിയ പഴങ്ങളാണു വേഴാമ്പലുകളുടെ ഇഷ്ട ഭക്ഷണം.. സംസ്ഥാനത്ത് തെന്മല ശെന്തുരുണി കഴിഞ്ഞാൽ നെല്ലിയാമ്പതിയിലും, അതിരപ്പള്ളിയിലും ആണ് മലമുഴക്കിയെ കാണാൻ കഴിയുക.
മലമുഴക്കി വേഴാമ്പലുകളുടെ ജീവിതം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഒറ്റപ്പങ്കാളിയെ മാത്രം മനസ്സിൽ നിറച്ച് അമ്പതു വയസ്സു വരെ ജീവിക്കുന്നവരാണ് വേഴാമ്പലുകൾ. പ്രജനന കാലമായാല്‍ വളരെ അപൂര്‍വമായെ ഇവയെ കാണാന്‍ സാധിക്കുകയുള്ളു. മരപ്പൊത്തുകളിലാണ് ഇവ മുട്ടയിടാനായി കൂടുക്കൂട്ടുന്നത്. അടയിരിക്കുന്ന പെണ്‍പക്ഷി മുട്ടവിരിഞ്ഞ ശേഷം മാത്രമേ കൂടുവിട്ടു പുറത്തു വരികയുള്ളു, അതു വരെ ആണ്‍പക്ഷിയാണ് ഇവയ്ക്ക് കൂടിനുള്ളില്‍ തീറ്റയെത്തിക്കുന്നത്. ജനുവരി പകുതിയോടെ ഉയരമുള്ള മരത്തിന്റെ പൊത്തിൽ മുട്ടയിടുന്ന പെൺവേഴാമ്പൽ പിന്നീട് കൂട്ടിനുള്ളിൽ നിന്നു പുറത്തിറങ്ങില്ല. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ അൽപം വലുതാവുന്നതു വരെ അവൾക്കുള്ള ഭക്ഷണം എത്തിച്ചുകൊടുക്കേണ്ട ചുമതല ആൺ വേഴാമ്പലിന്റേതാണ്.
വേഴാമ്പലുകൾ പല തരമുണ്ടെങ്കിലും ‘മലമുഴക്കി’എന്ന പേര് ഇവന് വെറുതേ ചാർത്തിക്കിട്ടിയതല്ല. ഏഷ്യയിൽ ഉള്ളതിൽ ഏറ്റവും വലുപ്പമേറിയ വേഴാമ്പലുകളാണിത്. പൂർണ വളർച്ചയെത്തുമ്പോൾ ആൺ വേഴാമ്പലിന് മൂന്നു മുതൽ നാല് അടി വരെ ഉയരം വരും. തൂവലുകൾക്കുള്ളിലൂടെ കാറ്റ് കയറിയിറങ്ങുമ്പോൾ ഹെലികോപ്റ്റർ പറക്കുന്നതു പോലെ ശബ്ദമുയരും. പറക്കുമ്പോഴുള്ള ഈ ശബ്ദവും മല മുഴക്കുന്ന വിധത്തിലുള്ള കരച്ചിലും ഇവനെ മലമുഴക്കിയാക്കി. നീളമേറിയ വലിയ കൊക്കുകളും കറുപ്പും മഞ്ഞയും കലർന്ന മകുടവും ഇവനെ കാട്ടിലെ ഏറ്റവും സുന്ദരനുമാക്കി.
സൗന്ദര്യത്തേക്കാളുപരി വേഴാമ്പലുകളുടെ ജീവിതരീതിക്കാണ് ഏറെ പ്രത്യേകതയുള്ളത്. ജീവിതത്തിൽ ഒരു പങ്കാളി മാത്രമേ വേഴാമ്പലിന് ഉണ്ടാവുകയുള്ളൂ. മുട്ടയിടാനായി ശിഖരങ്ങളില്ലാത്ത, ഏറ്റവും ഉയരമുള്ള മരത്തിലെ പൊത്താണ് തിരഞ്ഞെടുക്കുക. പെൺപക്ഷി പൊത്തിൽ കയറിയാൽ തൂവലുകൾ പൊഴിക്കും. ഈ തൂവലുകളാണ് മുട്ടയ്ക്ക് പട്ടുമെത്തയൊരുക്കുന്നത്. മുട്ട വിരിയാൻ 45–50 ദിവസമെടുക്കും. ഇത്രയും ദിവസം കൂട്ടിൽ നിന്നു പെൺവേഴാമ്പൽ പുറത്തിറങ്ങില്ല. ആൺപക്ഷി, ചെളിയും കാഷ്ഠവും ഉപയോഗിച്ച് പൊത്ത് അടയ്ക്കുകയും ചെയ്യും. കൊക്ക് പുറത്തേക്കിട്ട് തീറ്റ സ്വീകരിക്കാനുള്ള ചെറിയൊരു ദ്വാരം മാത്രമേ പൊത്തിൽ ഉണ്ടാവുകയുള്ളൂ.
പിന്നീടാണ് ആൺപക്ഷിയുടെ അധ്വാനം തുടങ്ങുന്നത്. തൊണ്ടയിൽ നിറയെ പഴങ്ങൾ ശേഖരിച്ച് പ്രിയതമയ്ക്കെത്തിക്കും. ഓരോ പഴമായി കൊക്കിന്റെ അറ്റത്തേക്ക് എടുത്ത് പെൺപക്ഷിയുടെ ചുണ്ടിലേക്ക് അവൻ പകർന്നുകൊടുക്കും. പുലർച്ചെ ആറരയോടെ തുടങ്ങുന്ന അധ്വാനം ഉച്ചവരെ തുടരും. പിന്നെ അൽപം വിശ്രമം. അതിനു ശേഷം അസ്തമയം വരെ വീണ്ടും ഇതേ ജോലി. പെൺപക്ഷി ഉറങ്ങിക്കഴിഞ്ഞാൽ, നേരം പുലരുന്നതും കാത്ത് അടുത്തുള്ള മരക്കൊമ്പിൽ കാവൽ. മുട്ട വിരിയുന്നതു വരെ പഴങ്ങൾ മാത്രമായിരിക്കും അവൻ നൽകുക. അതിനു ശേഷം ഓന്ത്, ചെറു പാമ്പുകൾ, ഉരഗങ്ങൾ, എലി തുടങ്ങി ചെറു ജീവികളെയും പിടിച്ച് പെൺപക്ഷിക്കു കൊടുക്കും. ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് സംരക്ഷിക്കാനാണിത്. ഈ ഘട്ടത്തിൽ പെണ്ണിന് പുതിയ തൂവലുകൾ വന്ന് കൂടുതൽ സുന്ദരിയാവും. അധ്വാനിച്ച് ക്ഷീണിക്കുന്ന ആൺപക്ഷിയുടെ ഭാരം ഒരു കിലോയെങ്കിലും കുറയുകയും ചെയ്യും.
മുട്ട വിരിഞ്ഞ് 10–15 ദിവസങ്ങൾ കഴിഞ്ഞേ പെൺവേഴാമ്പൽ പുറത്തിറങ്ങുകയുള്ളൂ. പിന്നീട് പത്തു ദിവസത്തോളം പുറത്ത്, അവൾക്ക് വിശ്രമമാണ്. ഈ സമയത്തും അവൾക്കും കൂട്ടിലെ കുഞ്ഞുങ്ങൾക്കും ഭക്ഷണം കൊടുക്കുന്നത് ആൺവേഴാമ്പൽ തന്നെ. പിന്നീട് രണ്ടു പേരും ചേർന്ന് കുഞ്ഞുങ്ങളെ ഊട്ടും. പറക്കാറായാൽ കുഞ്ഞുങ്ങൾ കൂട്ടിൽ നിന്ന് പുറത്തിറങ്ങും. ഇരുവരും ചേർന്ന് അവരെ പറക്കാൻ പഠിപ്പിക്കും. ഒരു വർഷം വരെ അച്ഛനും അമ്മയും തന്നെയായിരിക്കും കുഞ്ഞുങ്ങളുടെ വഴികാട്ടി. ആൾപെരുമാറ്റമോ മറ്റു ശല്യങ്ങളോ ഇല്ലെങ്കിൽ ഒരേ പൊത്തിലായിരിക്കും വർഷങ്ങളോളം വേഴാമ്പലുകൾ കൂടുകൂട്ടുന്നത്. അമ്മപ്പക്ഷിയുടെ കാലശേഷം അവസാനത്തെ തവണ മുട്ട വിരിഞ്ഞുണ്ടായ പെൺപക്ഷിക്കായിരിക്കും കൂടിന്റെ അവകാശം എന്ന് നിരീക്ഷികർ കരുതുന്നു. അതായത് മരുമക്കത്തായം. പെൺകുഞ്ഞുങ്ങൾ മിക്കവാറും അച്ഛനമ്മമാരോടൊപ്പമായിരിക്കും സഞ്ചരിക്കുക.
നിത്യഹരിത വനവും അർധ നിത്യഹരിതവനവുമാണ് ഇവയുടെ ആവാസ കേന്ദ്രം. ഇന്ത്യ, മ്യാൻമാർ, തെക്കന്‍ ചൈന, വിയറ്റ്നാം, സുമാത്ര എന്നീ രാജ്യങ്ങളിലാണ് സാധാരണയായി കാണുന്നത്. കേരളത്തിൽ ശെന്തുരണി വനം, അതിരപ്പള്ളി, നെല്ലിയാമ്പതി എന്നിവടങ്ങളിലും ഇവയുടെ സന്നിധ്യമുണ്ട്. ഇലകളും, ചെറുപഴങ്ങളും പ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. വനത്തിൽ കൂട്ടമായിട്ടാണ് മലമുഴക്കിയെ കാണാറുള്ളത്. ഏറ്റവും ചെറിയത് 20 എണ്ണമടങ്ങുന്ന കൂട്ടമായിട്ടാണ് സഞ്ചാരം.
English Summary: Hornbill aficionados crowd Thenmala