ലോകത്തെ ഏറ്റവും വലിയ വിത്ത്; വില ഒരു ലക്ഷം; കൗതുകമായി 'കോകോ ഡി മെര്‍'–വിഡിയോ
Mail This Article
ലോകത്തെ ഏറ്റവും വലിയ വിത്തുമായെത്തി നാട്ടിലെ താരമായിരിക്കുകയാണ് ചങ്ങനാശേരി സ്വദേശി ഫെനില്‍. ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സില്‍ നിന്ന് കോകോ ഡി മെര്‍ എന്ന വിത്താണ് ഫെനിന്‍ എത്തിച്ചത്. വിപണിയില്‍ ഒരു ലക്ഷം രൂപ വരെ വിലയുണ്ടെന്ന് ഫെനില്‍ പറയുന്നു. അറുപതു വർഷത്തോളം കാലമെടുത്താണ് കൊകോ ഡിമെർ മരങ്ങൾ പൂവിടുന്നത്. പിന്നെയും ഒരു പതിറ്റാണ്ടെടുത്താണ് ഇവ കായ്ക്കുന്നതെന്നതും അപൂർവതയാണ്. കൊൽക്കത്തയിലെ ആചാര്യ ജെ.സി.ബോസ് ബൊട്ടാണിക്കൽ ഗാർഡനിലാണ് ഇന്ത്യയിലെ ഏക കൊകോ ഡിമെർ മരം നിലനിൽക്കുന്നത്. ഇത് 2020ൽ വിത്തുകൾ ഉത്പാദിപ്പിച്ചിരുന്നു. ഇന്ത്യൻ രൂപ ആറായിരത്തോളം നൽകിയാണ് അപൂർവവമായ ആകൃതിയുള്ള, ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഈ വിത്ത് ഫെനിൽ സീഷെൽസിൽ നിന്നു സ്വന്തമാക്കിയത്.
ഇരട്ടത്തേങ്ങ അഥവാ ഡബിൾ കോക്കനട്ട് എന്നുമറിയപ്പെടുന്ന കൊകോ ഡിമെറുമായി ബന്ധപ്പെട്ട് ഒട്ടേറെ കെട്ടുകഥകളും ഐതിഹ്യങ്ങളുമുണ്ട്. ചരിത്രകാലം മുതൽ ഇതു നിലനിന്നിരുന്നു. സീഷെൽസിലെ പ്രാസ്‌ലിൻ, ക്യൂരിയൂസ് എന്നീ ദ്വീപുകളിൽ മാത്രമാണ് കൊകോ ഡിമെർ ഉണ്ടായിരുന്നതെങ്കിലും ഇവ കടലിലൂടെ ഒഴുകി മാലിദ്വീപിലൊക്കെ എത്തിയിരുന്നു. സീഷെൽസ് ദ്വീപുകൾ കണ്ടെത്തുന്നതിനു ഈ വിത്തുകൾ എവിടെ നിന്നു വരുമെന്ന് ആർക്കുമറിയാമായിരുന്നില്ല. വ്യത്യസ്തമായ ആകൃതിയുണ്ടായിരുന്ന ഈ വിത്തുകൾ മറ്റു സ്ഥലങ്ങളിൽ എത്തിയാലും തേങ്ങ മുളയ്ക്കുന്നതു പോലെ മുളയ്ക്കുമായിരുന്നില്ല. ഇതെല്ലാം മൂലം ദുരൂഹതയുടെയും ഭാഗ്യത്തിന്റെയുമൊക്കെ അടയാളമായി കൊകോ ഡിമെർ മാറി. ഫ്രഞ്ച് ഭാഷയിൽ കൊക്കോ ഡിമെർ എന്നാൽ കടലിലെ തേങ്ങ എന്നാണ് അർഥം.
കൊകോ ഡീമെറുകൾ സീഷെൽസിലെ കൊകോ മരത്തിൽ നിന്നും കടലിൽ വീണ ശേഷം അടിത്തട്ടിലേക്കു പോരും. വെള്ളത്തിനടിയിൽ കുറച്ചുനാൾ കിടക്കുമ്പോൾ ഇവയുടെ പുറന്തോടിൽ അഴുക്കൽ പിടിക്കുകയും അകന്തോടിനുള്ളിൽ വാതക രൂപീകരണം ഉണ്ടാകുകയും ചെയ്യും. ഇങ്ങനെയാണ് ജലോപരിതലത്തിലേക്ക് ഇവ ഉയർന്നു പൊങ്ങുന്നത്. ഇതു കണ്ട ചില മീൻപിടിത്തക്കാർ, കടലിന്റെ അടിത്തട്ടിലാണ് ഈ ഫലങ്ങൾ ഉണ്ടാകുന്ന മരങ്ങളുള്ളതെന്ന് വിശ്വസിച്ചു. അപൂർവശക്തിയുള്ള ഏതോ മരമാണ് ഈ വിത്തുകൾ ഉത്പാദിപ്പിക്കുന്നതെന്നും വലിയ പക്ഷികളും മറ്റും ഈ മരങ്ങളിൽ പാർക്കുന്നുണ്ടെന്നുമൊക്കെ അവർ ഭാവനയിൽ കഥ മെനഞ്ഞു.
മാലദ്വീപിൽ കൊകോ ഡിമെറിന് അദ്ഭുതശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്നു. തീരത്ത് അപൂർവമായെത്തുന്ന കൊകോ ഡിമെറുകൾ, രാജാവിനെ ഏൽപിക്കണമായിരുന്നു. ആരെങ്കിലും സ്വന്തമായി സൂക്ഷിക്കുകയോ വിൽക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് തലപോകുന്ന കുറ്റമായിരുന്നു. റോമാ സാമ്രാജ്യം ഭരിച്ചിരുന്ന റുഡോൾഫ് രണ്ടാമൻ ഒരു സമയത്ത് 4000 സ്വർണനാണയങ്ങൾ മുടക്കി ഒരു കൊകോ ഡിമെർ സ്വന്തമാക്കിയിരുന്നു. ശരീരത്തിന് നവോന്മേഷവും യുവത്വവും നൽകാനുള്ള കഴിവ്, വിഷത്തെ വലിച്ചെടുക്കാനുള്ള കഴിവ് എന്നിവയെല്ലാം കൊകോ ഡിമെറിനുണ്ടെന്ന് അക്കാലത്ത് പലരും വിശ്വസിച്ചിരുന്നു. വിശ്വസിച്ചവരിൽ സസ്യശാസ്ത്രജ്ഞർ പോലുമുണ്ടായിരുന്നു എന്നതാണ് കൗതുകകരമായ വസ്തുത.
എന്നാൽ സീഷെൽസ് കണ്ടെത്തിയതോടെ കൊകോ ഡിമെറിന്റെ ഉത്ഭവം സംബന്ധിച്ച കെട്ടുകഥയ്ക്ക് അവസാനമായി. 1769ൽ ഫ്രഞ്ച് നാവികനായ ജീൻ ഡ്യൂച്ചെമിൻ പ്രാസ്‌ലിൻ ദ്വീപ് സന്ദർശിക്കുകയും തന്റെ കപ്പലിൽ കൊകോ ഡിമെറുകൾ നിറച്ച് വിപണികളിൽ വിറ്റഴിക്കുകയും ചെയ്തു. ഈ സംഭവത്തോടെ വളരെ വിലപിടുപ്പുള്ളതായിരുന്ന ഈ ഫലത്തിന്റെ വിലയിടിഞ്ഞു.
സീഷെൽസിൽ കൊകോ ഡിമെർ മരങ്ങൾ കണ്ടെത്തിയ ശേഷവും അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. കൊകൊ ഡീമെറിൽ ആൺമരവും പെൺമരവുമുണ്ട്. രാത്രിയിൽ ആൺമരം ഭൂമിയിൽ നിന്നു പിഴുതുമാറി പെൺമരത്തിനടുത്തേക്കു പോകുമെന്ന് ഇടക്കാലത്ത് ആളുകൾക്കിടയിൽ വിശ്വാസമുണ്ടായിരുന്നു. 34 മീറ്റററോളം വളരുന്ന തെങ്ങുകളെയും പനകളെയും അനുസ്മരിപ്പിക്കുന്ന മരങ്ങളിലാണ് കൊകോ ഡിമെർ വളരുന്നത്. ഈ മരങ്ങളും ഫലവും സീഷെൽസിന്റെ തനതു ചിഹ്നങ്ങളാണ്. അതിനാൽ തന്നെ സീഷെൽസിനു പുറത്തേക്ക് ഇവ കൊണ്ടുപോകണമെങ്കിൽ പ്രത്യേക അനുമതി വേണം.
English Summary: Double coconut: The largest seed in the world