ഉയരം 61 അടി; നവിമുംബൈയിൽ പാഴ്‌വസ്തുക്കൾ കൊണ്ടു നിർമിച്ചത് കൂറ്റൻ ഫ്ലെമിംഗോ ശിൽപം
Mail This Article
നവിമുംബൈ പാഴ്‌വസ്തുക്കൾ കൊണ്ടു 10 ആൾ പൊക്കത്തിൽ നിർമിച്ച ഫ്ലെമിംഗോ ഇൻസ്റ്റലേഷൻ റെക്കോർഡുകളുടെ പുസ്തകത്തിൽ ഇടം പിടിച്ചു. ഫ്ലെമിംഗോ നിൽക്കുന്ന സ്റ്റാൻഡ് സഹിതം 61 അടിയാണ് ആകെ ഉയരം. നെരുളിലെ ‘ജ്വവൽ ഓഫ് നവിമുംബൈ’ ജലാശയത്തിന് സമീപത്തെ തുറസ്സായ സ്ഥലത്താണ് ശിൽപമുള്ളത്. നഗര ശുചീകരണത്തിന്റെ ഭാഗമായി നവിമുംബൈ മുനിസിപ്പൽ കോർപറേഷൻ ആരംഭിച്ച യജ്ഞത്തിൽ ലഭിച്ച പാഴ് വസ്തുക്കൾ കൊണ്ടാണ് ഇത്രയും ഉയരമുള്ള മനോഹരമായ ഫ്ലെമിംഗോ ശിൽപം നിർമിച്ചത്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് ബുക്കിലാണ് ശിൽപം സ്ഥാനം പിടിച്ചത്.
ആക്രി വസ്തുക്കൾ കൊണ്ട് നിർമിച്ച ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിൽപമെന്ന പേരിലാണ് റിക്കോർഡ്. 1500 കിലോ ലോഹമാണ് ശിൽപത്തിനായി ഉപയോഗിച്ചത്. ഒരു ലക്ഷത്തിലേറെ ഫ്ലെമിംഗോകൾ കാതങ്ങൾ താണ്ടിയെത്തുന്ന നവിമുംബൈയെ മുനിസിപ്പൽ കോർപറേഷൻ അടുത്തിടെ ഫ്ലെമിംഗോ സിറ്റിയായി പ്രഖ്യാപിച്ചിരുന്നു. ഫ്ലെമിംഗോ സൗഹൃദ നഗരമെന്ന സന്ദേശം നൽകാനാണ് ശിൽപം സ്ഥാപിച്ചത്. താനെ ക്രീക്കിനോട് ചേർന്നള്ള ചതുപ്പുനിലങ്ങളിലാണ് ഫ്ലെമിംഗോകൾ കൂട്ടത്തോടെ വന്നിറങ്ങുന്നത്. ദേശങ്ങൾ താണ്ടി ശൈത്യകാലത്താണ് ഇവ മുംബൈയിൽ എത്തിത്തുടങ്ങുക.
English Summary: With tallest flamingo of junk metal, Navi Mum wings its way into records