നദിയിലൂടെ ഒഴുകിയെത്തുന്നത് സ്വർണം; അരിച്ചെടുത്ത് പ്രദേശവാസികൾ, ഉത്തരം കിട്ടാതെ ഗവേഷകർ
Mail This Article
നദിയിലൂടെ ഒഴുകിയെത്തുന്നത് സ്വർണം. ജാർഖണ്ഡിലെ സുബര്‍ണരേഖ എന്ന നദിയിലൂടെയാണ് സ്വർണം ഒഴുകിയെത്തുന്നത്. സ്വര്‍ണത്തിന്റെ രേഖ എന്നാണ് സുബര്‍ണരേഖ എന്ന വാക്കിന്റെ അര്‍ത്ഥം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശുദ്ധമായ സ്വര്‍ണം വഹിച്ചു കൊണ്ടാണ് ജാർഖണ്ഡിലൂടെ ഈ നദി ഒഴുകുന്നത്. ജാര്‍ഖണ്ഡിലെ വനമേഖലയില്‍ നിന്നാരംഭിച്ച് പശ്ചിമബംഗാളിലൂടെ ഒഡീഷയിലെത്തി സമുദ്രത്തിലേക്ക് ചേരുന്ന നദിയാണ് സുബര്‍ണ്ണരേഖ. ജാർഖണ്ഡിലെ രത്നഗര്‍ഭ മേഖല ഈ നദിയുടെ പ്രധാന സഞ്ചാര പാതകളില്‍ ഒന്നാണ്. ഇവിടെ ഈ നദിയുടെ കൈവഴിയാണ് കര്‍കരി. രത്നഗര്‍ഭ മേഖലയില്‍ ഈ രണ്ട് നദികളുടെയും മണല്‍ശേഖരത്തില്‍ സ്വര്‍ണത്തരികള്‍ വലിയ അളവില്‍ കണ്ടെത്താന്‍ സാധിക്കും. ലോകത്തിലെ തന്നെ അത്യപൂര്‍വ മേഖലകളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്.
ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് റാണി ചുവാന്‍ എന്ന ഗ്രാമം. ഈ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് നിന്നാണ് സുബര്‍ണരേഖ ഉദ്ഭവിക്കുന്നത്. ഇവിടെ തുടങ്ങി 474 കിലോമീറ്റര്‍ സഞ്ചരിച്ചാണ് സുബര്‍ണരേഖ ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നത്. ഒഡിഷയിലെ ബലേശ്വര്‍ മേഖലയിലാണ് ഈ നദി കടലിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം സുബര്‍ണരേഖയിലെ ഈ സ്വര്‍ണ സാന്നിധ്യത്തെ പറ്റി വ്യക്തമായ ഉത്തരം നൽകാൻ ഗവേഷകർക്കും സാധിച്ചിട്ടില്ല. വലിയ തോതിലുള്ള ഖനനമോ സംസ്ക്കരണോ ഒന്നും തന്നെ സുബര്‍ണരേഖയിലെ സ്വര്‍ണത്തിന്റെ കാര്യത്തില്‍ നടന്നിട്ടില്ല. ഈ മേഖലയിലെ ഗോത്രവര്‍ഗക്കാരാണ് ചെറിയ അളവില്‍ ഈ മേഖലയില്‍ നിന്ന് സംസ്കരണം നടത്തി സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത്. ഈ രീതിയില്‍ മാസത്തില്‍ ഏതാണ്ട് 80 ഗ്രാം വരെ സ്വര്‍ണ്ണം ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇതില്‍ വൈദഗ്ധ്യം നേടിയവര്‍ സംസ്കരണം ചെയ്തെടുക്കാറുണ്ട്.
മണ്‍സൂണ്‍ സമയത്തൊഴികെ മറ്റെല്ലാ സമയത്തും ഇത്തരത്തില്‍ സ്വര്‍ണസംസ്ക്കരണം ഗോത്രവര്‍ഗക്കാര്‍ നടത്താറുണ്ട്. മണല്‍ത്തരികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തുന്ന ഈ സ്വര്‍ണത്തരികള്‍ക്ക് അരിമണിയുടെ അത്ര തന്നെയോ അതില്‍ കുറവോ ആയിരിക്കും വലുപ്പമുണ്ടാകുക. റാഞ്ചിയിലെ തന്നെ പിസ്ക ഗ്രാമത്തിലാണ് ഈ സ്വര്‍ണ വേര്‍തിരിച്ചെടുക്കല്‍ ആദ്യം തുടങ്ങിയത്. തുടക്കത്തില്‍ നദിയുടെ അടിത്തട്ടിലായിരുന്നു സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് മണല്‍ത്തരികള്‍ക്കിടയിലും സ്വര്‍ണ്ണത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
English Summary: The Unsolved Mystery of Gold Beneath the Subarnarekha River