ADVERTISEMENT

ജീവിതത്തിലെ അവസാന യാത്രയാണ് 'സോക്ക് എ സാൽമൺ'  എന്ന് പേരുള്ള ചുവപ്പൻ മൽസ്യങ്ങൾ അലാസ്കയിൽ നിന്നും ബ്രിട്ടീഷ് കൊളംബിയയിലെ ചൂച്വെക്ക് പാര്‍ക്കിലേക്ക് നടത്തുന്നത്. മുട്ടയിടുന്നതിനായി 4000 കിലോമീറ്റർ താണ്ടിയെത്തുന്ന മൽസ്യങ്ങൾ ഒക്ടോബർ ആദ്യ ആഴ്ച മുതലാണ് എത്തിത്തുടങ്ങുന്നത്. തങ്ങളെ വേട്ടയാടുന്ന മറ്റു ജലജീവികളുടെ കണ്ണുവെട്ടിച്ച് ഇവിടെയെത്താന്‍ ഇവയ്ക്ക് ഇരുപതോളം ദിനങ്ങളെടുക്കും.

 

British Columbia's sockeye bizarre, beautiful salmon run
Image Credit: dsafanda/Istock

ഇവയുടെ ജീവിതത്തിലെ അവസാനത്തെ യാത്രയാണിത്. ജനനസ്ഥലത്ത് തിരിച്ചെത്തിയ ശേഷം അടുത്ത തലമുറക്ക് ജന്മം നല്‍കാനായി മുട്ടയിടുന്നതോടെ ഇവ ചത്തുപോകുന്നു. ഒരിക്കല്‍ യാത്ര തുടങ്ങിയാല്‍ ഇവ ഒരു ഭക്ഷണവും കഴിക്കില്ല. ശരീരത്തില്‍ ആദ്യമേ സൂക്ഷിച്ചു വെച്ച കൊഴുപ്പാണ്‌ ഈ സമയത്ത് ഇവയ്ക്ക് ഊര്‍ജ്ജം നല്‍കുന്നത്. മുട്ടയിട്ട ശേഷം, ആദംസ് നദിയില്‍ ചത്തുപൊങ്ങുന്ന മത്സ്യങ്ങളെ ആളുകള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ബി.സി 2000 മുതലേ സാല്‍മണ്‍ മത്സ്യങ്ങള്‍ ഇവിടത്തെ ജനതയുടെ ഭക്ഷണക്രമത്തിന്‍റെ ഒരു പ്രധാനഭാഗമാണ്.

 

എല്ലാ വര്‍ഷവും എത്തുന്നുണ്ടെങ്കിലും ഓരോ നാലാമത്തെ വര്‍ഷവും ഇവയുടെ എണ്ണം വളരെ കൂടുതലായിരിക്കും. ഈ സമയത്ത് ആദംസ് നദി അവയുടെ ചുവപ്പന്‍ നിറമണിയും. 'ഡോമിനന്‍റ് റണ്‍' എന്നാണ് ഇതിനു പറയുക. 2018-ലായിരുന്നു കഴിഞ്ഞ തവണ ഇത്രയും കൂടുതല്‍ മത്സ്യങ്ങള്‍ എത്തിയത്, ഇനി ഈ വർഷമാണ് കാഴ്ച ആവർത്തിക്കുക. ഇത്തരം സമയങ്ങളില്‍ ഏകദേശം 34 മില്ല്യന്‍ മത്സ്യങ്ങള്‍ വരെ ഇവിടെയെത്തും എന്നാണു പറയുന്നത്.

 

ഡോമിനന്‍റ് റണ്‍ സമയത്ത് സഞ്ചാരികള്‍ക്കായി വിവിധ പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. ആദംസ് റിവര്‍ സാല്‍മണ്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 'സല്യൂട്ട് ടു ദി സോക്ക് ഐ' ആണ് അവയില്‍ ഏറ്റവും പ്രധാനം.  ചുവപ്പൻ മൽസ്യങ്ങൾ കൂട്ടത്തോടെയെത്തുന്നത് കാണുന്നതിനായി ഒക്ടോബറിൽ ചൂച്വെക്ക് പാര്‍ക്ക് സഞ്ചാരികളെ കൊണ്ട് സാധരണഗതിയിൽ നിറയാറുണ്ട്.

 

English Summary: British Columbia's sockeye bizarre, beautiful salmon run

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com