ADVERTISEMENT

ഭൂമിയില്‍ വിവിധ തരത്തിലുള്ള വെള്ളച്ചാട്ടങ്ങളുണ്ട്. ഉയരത്തിന്‍റെ പേരിലും വെള്ളത്തിന്‍റെ അളവിലും വിസ്തൃതിയിലുമൊക്കെ പ്രശസ്തമായവ. അമേരിക്കയിലെ ചെസ്നട്ട് ഉദ്യാനത്തിന്‍റെ ഉള്‍വശത്തുള്ള ഒരു വെള്ളച്ചാട്ടവും ലോകപ്രശസ്തമാണ്. എന്നാല്‍ ഇതിന്‍റെ വലുപ്പം കേരളത്തിലെ മലഞ്ചെരിവുകളില്‍ കാണപ്പെടുന്ന ചെറിയ അരുവികളിലെ വെള്ളച്ചാട്ടത്തിന് സമമാണ്. ഈ വെള്ളച്ചാട്ടിത്തിനെ പ്രശസ്തമാക്കുന്നത് അതിന്‍റെ ഉള്ളിലായി എരിഞ്ഞു കൊണ്ടേയിരിക്കുന്ന തീനാളമാണ്. ഈ തീനാളം മൂലം തന്നെ ‘എറ്റേണല്‍ ഫ്ലെയിം വാട്ടര്‍ഫാള്‍’ എന്ന പേരാണ് ഈ വെള്ളച്ചാട്ടത്തിന് നല്‍കിയിരിക്കുന്നത്.

ഈ നാളം സ്ഥിരമായി ആരെങ്കിലും കത്തിച്ചതോ, മെഴുകുതിരിയോ, വിളിക്കോ പോലുള്ള മനുഷ്യനിർമിത വസ്തുക്കളില്‍ നിന്നുണ്ടാകുന്നതോ അല്ല. പ്രകൃതിയില്‍ തന്നെ കാണപ്പെടുന്ന പ്രത്യേകതകളാലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പാറക്കെട്ടിനുള്ളില്‍ ഈ തീനാളം എരിഞ്ഞു നില്‍ക്കുന്നത്. സ്വാഭാവികമായും സമാനതകളില്ലാത്ത ഈ പ്രതിഭാസത്തെ ചൊല്ലി ഒട്ടേറെ വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ തീനാളം കെടാതെ തുടരുന്നത് വരെ ലോകത്ത് സ്ഥിരതയുണ്ടാകുമെന്നും, ഇത് കെടുന്നതോടെ ലോകം അവസാനിക്കുമെന്നുമുള്ള ഒരു വിഭാഗം ആളുകളുടെ വിശദീകരണം ഇതിന് ഒരു ഉദാഹരണമാണ്.

അതേസമയം സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല ശാസ്ത്രലോകത്ത് തന്നെ ഈ തീനാളത്തിന്‍റെ ഉറവിടത്തെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഈ തീനാളം തുടര്‍ച്ചയായി എരിയാന്‍ കാരണമാകുന്നതിനുള്ള ഇന്ധന സ്രോതതത്തിനെ ചൊല്ലിയും ഇന്ധനമേതാണെന്നതിനെ കുറിച്ചുമാണ് ശാസ്ത്രലോകത്ത് ആശയക്കുഴപ്പമുള്ളത്. ചിലര്‍ സ്രോതസ്സ് മീഥെയ്ന്‍ ആണെന്ന് വാദിക്കുമ്പോള്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ പ്രകൃതി വാതകമാണ് ഈ തീനാളം കെടാതെ എരിഞ്ഞു കൊണ്ടേയിരിക്കാന്‍ കാരണമെന്ന് മറ്റുചിലർ വാദിക്കുന്നു.

ഈ തീനാളത്തിന് കാരണമായ ഇന്ധനം വരുന്നത് പാറക്കെട്ടിനടിയില്‍ നിന്നാണെന്ന കാര്യത്തിൽ ആര്‍ക്കും തര്‍ക്കമില്ല. ചില ഗവേഷകരുടെ അഭിപ്രായത്തില്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പാറക്കെട്ടിന് അടിയിലേക്കുള്ളത് ഷെയ്‌ല്‍ എന്ന മിശ്രിതത്താല്‍ നിർമിതമായ പാറകള്‍ തന്നെയാണ്. ഉയര്‍ന്ന താപനില നിലനില്‍ക്കുന്ന ഈ പാറക്കെട്ടിനുള്ളിലെ കാര്‍ബണ്‍ പദാര്‍ത്ഥങ്ങള്‍ തുടര്‍ച്ചയായി ഷെയ്‌ലില്‍ നിന്ന് വിഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ കാര്‍ബണ്‍ പദാരേ‍ഥങ്ങളാണ് തീനാളത്തിന് ഇന്ധനമായി മാറുന്ന പ്രകൃതി വാതകം സൃഷ്ടിക്കുന്നതെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ വാദിക്കുന്നത്.

അതേസമയം മറ്റൊരു വിഭാഗം ഗവേഷകര്‍ ഇതിനെ എതിര്‍ക്കുന്നു. ഈ തരത്തില്‍ കാര്‍ബണ്‍ വിഘടിക്കാന്‍ തക്ക പഴക്കം ഈ ഷെയ്ല്‍ പാറക്കെട്ടിനില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. പാറക്കെട്ടിനുള്ളിൽ വലിയ അളവില്‍ മീഥെയ്ന്‍ വാതകം കുടുങ്ങി കിടക്കുന്നുണ്ടെന്നും ഈ മീഥെയ്ന്‍ പുറത്തേക്ക് വരുന്നത് വെള്ളച്ചാട്ടത്തിന് അടിയിലുള്ള നേരിയ വിടവിലൂടെയാണെന്നും ഇവര്‍ പറയുന്നു. ഈ മീഥെയ്നില്‍ നിന്നാണ് തീനാളം എരിഞ്ഞ് കൊണ്ടിരിക്കുന്നതിനാവശ്യമായ ഇന്ധനം കണ്ടെത്തുന്നതെന്നാണ് ഇവരുടെ വിശദീകരണം. 

ഇന്ധനസ്രോതസ്സ് സ്വാഭാവകമായുണ്ടാകാമെങ്കിലും ഇതിലേക്ക് തീ പകര്‍ന്നതാരെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. പ്രകൃതിയില്‍ തന്നെയുള്ള മിന്നല്‍ പോലുള്ള കാരണങ്ങളാല്‍ ഇവിടേക്ക് തീയെത്താനുള്ള സാധ്യത വളരെ വിരളാണ്. അതുകൊണ്ട് തന്നെ എന്നോ ഒരിക്കല്‍ മനുഷ്യര്‍ തന്നെയാകാം അറിഞ്ഞോ അറിയാതെയോ ഈ തീനാളത്തിന് തുടക്കമിട്ടതെന്നാണ് വിശ്വസിക്കുന്നത്. മാത്രമല്ല പലരും കരുതുന്നത് പോലെ ഒരിക്കലും കെടാത്ത തീനാളമല്ല ഈ വെള്ളച്ചാട്ടത്തിനടിയിലുള്ളത്. ശക്തമായ പ്രതികൂല കാലാവസ്ഥയില്‍ ഈ തീനാളം കെടാറുണ്ടെന്നും, പിന്നീട് ഇവിടേക്ക് മലകയറിയെത്തുന്ന സഞ്ചാരികളിലാരെങ്കിലും വീണ്ടും തീ കത്തിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ തീയിലല്ല ഇവിടുത്തെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. തീനാളം തുടര്‍ച്ചയായി കത്താന്‍ സഹായിക്കുന്ന സ്രോതസ്സാണ് അറിയേണ്ടതെന്നതിനാല്‍ ഇതേ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിനാണ് ഒരു അവസാനം വേണ്ടതും. ഇപ്പോള്‍ നടക്കുന്ന പഠനങ്ങള്‍ ഈ സ്രോതസ്സിനെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.

English Summary: Eternal Flame Falls, the mysterious flame among the falls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com