തൊട്ടാൽ പൊള്ളും, കാഴ്ച നഷ്ടപ്പെടും; ഈ ചെടി ഏറ്റവും അപകടകാരി: ജാഗ്രത!
Mail This Article
കാഴ്ചക്കാരെ ആകർഷിക്കുന്ന വെളുത്ത പൂക്കളുമായി നിൽക്കുന്ന ഒരു സുന്ദരി ചെടിയുണ്ട് യുകെയിൽ. നദികളുടെയും കനാലുകളുടെയും തീരങ്ങളിലും പച്ചപ്പ് ധാരാളമുള്ള മേഖലകളിലുമൊക്കെയാണ് ഇതിനെ കാണാനാകുക. പക്ഷേ ഈ ചെടിയെ അങ്ങേയറ്റം സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സസ്യശാസ്ത്ര വിദഗ്ധർ. കാരണമെന്തെന്നല്ലേ? ഭംഗി കണ്ട് അരികിൽ എത്തുന്നവരെ പൊള്ളലേൽപ്പിക്കുന്ന അപകടകാരിയാണ് ഈ ചെടി. ജയന്റ് ഹോഗ്വീഡ് എന്ന് പേരുള്ള ചെടിക്ക് അതുകൊണ്ടുതന്നെ യുകെയിലെ ഏറ്റവും അപകടകാരിയായ ചെടി എന്ന വിളിപ്പേരും വീണുകിട്ടിയിട്ടുണ്ട്.
ജൂൺ, ജൂലൈ മാസങ്ങളിലാണ് ജയന്റ് ഹോഗ്വീഡ് തഴച്ചു വളരുന്നത്. ഇക്കാലയളവിൽ പല മേഖലകളിലും ഇവയെ കാണാനാകും. എന്നാൽ അബദ്ധത്തിൽ ഇവയുടെ നീര് ശരീരത്തിൽ പറ്റിയാൽ മാരകമായി പൊള്ളലേൽക്കും. ഇത് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന തരത്തിലുള്ള പാടുകളായി മാറും. ഏതാനും ദിവസങ്ങൾക്കു മുൻപ് ഈ സസ്യ ഭീകരന്മാരെ ജനവാസ മേഖലകളിൽ നിന്നും നീക്കം ചെയ്യുന്നതിനിടെ ഗാർഡനിങ് വിദഗ്ധനായ മാർട്ടിൻ ഫെർഗുസൺ എന്ന വ്യക്തിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ചികിത്സയിൽ തുടരുന്ന അദ്ദേഹം ബ്രിട്ടനിലെ ജനങ്ങളോട് അങ്ങേയറ്റം കരുതലോടെയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ബ്രിട്ടനിൽ ധാരാളമായി വളരുന്നുണ്ടെങ്കിലും ഇത് അവയുടെ ജന്മനാടല്ല. അർമേനിയ, അസർബൈജാൻ, ജോർജിയ, ദക്ഷിണ റഷ്യ എന്നിവിടങ്ങളിലാണ് ധാരാളമായി കണ്ടുവരുന്നത്. 1817ലാണ് ക്യൂ ഗാർഡൻസിൽ വളർത്തുന്നതിനായി ആദ്യമായി യുകെയിലേക്ക് എത്തിച്ചത്. എന്നാൽ 1981 ആയപ്പോഴേക്കും ചെടി അങ്ങേയറ്റം വിഷമാണെന്ന് കണ്ടെത്തുകയും പൂന്തോട്ടങ്ങളിൽ വളർത്താൻ പാടില്ലെന്ന നിയമവും നിലവിൽ വന്നു. അപ്പോഴേക്കും വിത്തുവീണ് നദീതീരങ്ങളിലും പൂന്തോട്ടങ്ങളിലും ചെടികൾ മുളച്ചുതുടങ്ങി.
3.5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടികളാണ് ജയന്റ് ഹോഗ്വീഡുകൾ. 15 വർഷമാണ് ഒരു ചെടിയുടെ ആയുസ്സ്. ഇവയുടെ പുറംഭാഗത്ത് സ്പർശിച്ചാൽ കാര്യമായ പ്രശ്നങ്ങളുണ്ടാകില്ല. എന്നാൽ അതിലെ നീര് ശരീരത്തിൽ തട്ടിയാൽ ദ്രാവകത്തിലെ കെമിക്കലുകൾ ത്വക്കുമായി പ്രതികരിക്കും. സ്പർശിച്ചയുടൻ പൊള്ളലേറ്റത് അറിയാനാവില്ലെന്നതാണ് കൂടുതൽ അപകടകരം. മണിക്കൂറുകൾക്കു ശേഷം തടിപ്പുകളോ പാടോ പൊള്ളലോ കാണാനാവുമ്പോൾ മാത്രമായിരിക്കും നാം തിരിച്ചറിയുന്നത്. ഇതിനിടെ ശരീരത്തിൽ സൂര്യപ്രകാശമേറ്റാൽ പൊള്ളലിന്റെ തോതും വർധിക്കും. തീപ്പൊള്ളലേൽക്കുന്നതുപോലെ തന്നെ അസഹനീയമായ വേദനയും ഉണ്ടാവും.
കണ്ണിലാണ് നീര് പറ്റുന്നതെങ്കിൽ കാഴ്ച്ച പോകുമെന്ന കാര്യത്തിലും സംശയം വേണ്ട. ശരീരത്തിൽ ഇതിന്റെ പൊള്ളൽ മൂലം ഉണ്ടാകുന്ന പാടുകൾ വർഷങ്ങളോളം, ചിലപ്പോൾ ജീവിതകാലം മുഴുവനും അതേ നിലയിൽ അവശേഷിക്കുകയും ചെയ്യും. ജയന്റ് ഹോഗ്വീഡ് എവിടെയെങ്കിലും വളരുന്നത് കണ്ടെത്തിയാൽ അതാത് സ്ഥലമുടമകൾ അത് നീക്കം ചെയ്യണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം.
ഒരു ലക്ഷത്തോളം വിത്തുകൾ ഉത്പാദിപ്പിക്കാൻ കഴിവുള്ളവയാണ് ഓരോ ജയന്റ് ഹോഗ്വീഡുകളും. അതിനാൽ ഇവ വളരുന്നതായി കണ്ടെത്തിയാൽ എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കൈയ്യുറകളും മുഖംമൂടിയുമടക്കം സുരക്ഷ ഉറപ്പാക്കുന്ന വിധത്തിൽ ശരീരം മറച്ച ശേഷം മാത്രമേ ചെടികൾ കൈകാര്യം ചെയ്യാവൂ എന്നും നിർദേശമുണ്ട്. ചെടിയുടെ നീര് പറ്റിയ വസ്ത്രങ്ങളും ഉടൻ തന്നെ കഴുകി വൃത്തിയാക്കണം.
English Summary: What is giant hogweed, the UK’s ‘most dangerous’ plant?