യുറേനിയം ഖനിയിൽ ‘ഏലിയൻ’ സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥ; ഭൂമിയിലേതിന് വ്യത്യസ്തം
Mail This Article
ജർമനിയിലെ തന്നെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിൽ ഒന്നാണ് എൽബെ സാൻഡ്സ്റ്റോൺ പർവതമേഖല. വളഞ്ഞൊഴുകുന്ന നദികളും മലയിടുക്കുകളും പുൽമേടുകളും നിറഞ്ഞ ഈ മേഖല ഭൂമിയിലെ തന്നെ ഏറ്റവും ആകർഷകമായ പ്രദേശങ്ങളിൽ ഒന്നായി കണക്കാക്കുന്ന മേഖല കൂടിയാണ്. എന്നാൽ സവിശേഷമായി ആവാസവ്യവസ്ഥ ഉള്ള ഈ പർവതമേഖലയ്ക്ക് കീഴെ മറ്റൊരു ലോകമുണ്ട്. ഒരു പക്ഷെ ഭൂമിയിൽ മനുഷ്യൻ ഇത് വരെ പരിചയമില്ലാത്ത തരത്തിൽ വ്യത്യസ്തതയുള്ള ആവാസവ്യവസ്ഥയോട് കൂടിയ ഒരു ലോകം.
ഈ പർവതമേഖലയ്ക്ക് കീഴിലായി ഒരു യുറേനിയം ഖനി സ്ഥിതി ചെയ്തിരുന്നു. 1960 ലാണ് ഈ യുറേനിയം ശേഖരം കണ്ടെത്തിയത്. പിന്നീടുള്ള പതിറ്റാണ്ടുകളിലെ ഖനനത്തിൽ ഒരു വർഷം ഏതാണ്ട് ആയിരം ടൺ എന്ന തോതിൽ യുറേനിയം ഈ ഖനിയിൽ നിന്ന് ലഭിച്ചിരുന്നു. ന്യൂക്ലിയർ ഫിഷന് വേണ്ടി ഉപയോഗിക്കുന്ന ധാതുക്കളിൽ ഒന്നാണ് യുറേനിയം. കോയിങ്സ്റ്റൺ എന്ന് പേരുള്ള ഒരു കമ്പനിയാണ് ഈ ഖനി നടത്തിയിരുന്നത്. എന്നാൽ 1990 കളുടെ തുടക്കത്തിൽ ഈ ഖനി തകർന്നു.
യുറേനിയം വേർതിരിക്കാൻ ഉപയോഗിച്ച രാസവസ്തുക്കൾ ശുദ്ധീകരിക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഖനി തകർന്നത്. രാസവസ്തുക്കൾ ശുദ്ധീകരിക്കാനായി ഖനിയിലേക്ക് കടത്തി വിട്ട വെള്ളം തുടർന്ന് പ്രളയത്തിന് കാരണമാകുകയായിരുന്നു. ഈ പ്രളയത്തിനെ തുടർന്ന് ഖനി ഉപേക്ഷിക്കപ്പെട്ടു. എന്നാൽ മനുഷ്യർ ഉപേക്ഷിച്ച ഖനിയിലേക്ക് മറ്റ് ചില ജീവനുകൾ കുടിയേറാൻ തുടങ്ങി. ഇതാണ് പിന്നീട് ഗവേഷകരെ പോലും അത്ഭുതപ്പെടുത്തിയ അപരിചിത ജൈവവ്യവസ്ഥയുടെ രൂപപ്പെടലിലേക്ക് നയിച്ചത്.
ഖനിക്കുള്ളിലെ സ്വയംപര്യാപ്തിത ജൈവ ആവാസ വ്യവസ്ഥ
ഈ ഖനിയിൽ കണ്ടെത്തിയ ജൈവവ്യവസ്ഥ ഏതാണ്ട് പൂർണമായും ഭൂമിയിലെ നിലനിൽക്കുന്ന ജൈവവ്യവസ്ഥയിൽ നിന്ന് വ്യത്യാസമുള്ളതാണെന്ന് ഗവേഷകർ പറയുന്നു. ഭൂമിയിലെ ജീവികളിലും സസ്യങ്ങളിലും കാണുന്ന പല ഘടകങ്ങൾ തന്നെയാണ് ഈ ഖനിയിലെ ജൈവവ്യവസ്ഥയിലും ഉള്ളത്. എന്നാൽ ഇവിടെ രൂപപ്പെട്ടിട്ടുള്ള ജീവനുകളും അവയുടെ പരസ്പരമുള്ള ആശ്രയത്തവും മറ്റ് ജൈവവ്യവസ്ഥകളിൽ നീരീക്ഷിക്കപ്പെടാത്ത വിധം ഉള്ളതാണ്. റേഡിയോ ആക്ടീവായ പാഴ്മേഖലയായി മാറിയിട്ടുണ്ടാകും എന്ന് വിചാരിച്ച ഖനിയാണ് ഈ രീതിയിൽ അപരിചിത ജൈവവ്യവസ്ഥയ്ക്ക് ആഥിത്യം വഹിക്കുന്നത് എന്നതാണ് ഗവേഷകരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം.
ഏകകോശ ജീവികളായ ബാക്ടീരിയകൾ മുതൽ ബഹുകോശ ജീവികളുടെ ഇനത്തിൽ പെട്ട യൂക്രയോട്സുകൾ വരെ ഈ ജൈവവ്യവസ്ഥയുടെ ഭാഗമാണ്. യൂക്രയോട്സിൽ രൂപം മാറാൻ കഴിയുന്ന അമീബകളും, കടലിലെ കവണകളെ ഓർമിപ്പിക്കുന്ന രൂപമുള്ള ഹെട്രലോബോസിയ എന്ന ജീവികളും, സ്ട്രാമനോപൈൽസ്, ഫ്ലാഗലൈറ്റ്സ്, സിലിയറ്റ്സ് തുടങ്ങിയ ജീവികളും ഈ ജൈവവ്യവസ്ഥയുടെ ഭാഗമായുണ്ട്. കൂടാതെ നീളമുള്ള വേരുകൾ പോലെ മേഖലയാകെ പടർന്ന് കിടക്കുന്ന ഫംഗസുകളുടെ വലിയ സാന്നിധ്യവും ഇവിടെയുണ്ട്.
ഡെല്ലോയിഡ് റോഡ്രിഫയർ എന്ന് വിളിക്കുന്ന 50 മൈക്രോമീറ്റർ വതിയും 200 മൈക്രോമീറ്റർ നാളവും ഉള്ള അതിസൂക്ഷ്മജീവികളാണ് ഈ ജൈവവ്യവസ്ഥയിൽ കണ്ടെത്തിയ ഏറ്റവും വലിപ്പമുള്ള ജീവികൾ. മുന്തിരി ജ്യുസിനോടോ, സോഡയോടോ ഉപമിക്കാൻ തക്ക വിധത്തിലുള്ള ആസിഡിക് അംശം ഈ മേഖലയിലുണ്ട്. ഈ അസിഡിക് അന്തരീക്ഷത്തിൽ ജീവിക്കാൻ കഴിയുന്ന ജീവികളാണ് ഖനിയിൽ തഴച്ച് വളരുന്നതെന്നും ഗവേഷകർ പറയുന്നു.
ഖനിയിലെ ഭക്ഷ്യശൃംഖല
ഏതൊരു ജൈവവ്യവസ്ഥിലേയും അതിജീവനത്തിന്റെ പ്രധാന ഘടകമാണ് ആ മേഖലയിലെ ഭക്ഷ്യശൃംഖല. പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന ഏകകോശ ബഹുകോശ ജീവികളാണ് ഈ ഖനയിലേയും ഭക്ഷ്യശൃംഖലയിൽ നിർണ്ണായകമാകുന്നത്. യൂക്രയോട്സ് തന്നെയാണ് ഈ ഖനിയിലെ ജൈവവ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്നത്. ഖനിയിലെ കാർബൺ ചംക്രമണമാണ് ഇവയുടെ പ്രധാന കടമ. ഈ കാർബണിനെ ഊർജമാക്കി മാറ്റുന്നതിലൂടെ ഖനിയിലെ ജൈവവ്യവസ്ഥയുടെ ഭാഗമായ മറ്റ് ജീവജാലങ്ങൾക്കും അത് ഉപകാരപ്രദമാകുന്നു.
ജർമനിയിലെ ഈ ഖനി മാത്രമല്ല വലിയ അളവിൽ അണു വികരണം ഉണ്ടായിട്ടു കൂടി ജീവൻ കണ്ടെത്തുന്ന ആദ്യത്തെ പ്രദേശം. അണുവികരണത്തിന്റെ പേരിൽ കുപ്രസിദ്ധിയാർജിച്ച ചെർണ്ണോബിലിലെ റിയാക്ടറുകളിൽ ഒന്നിൽ തന്നെ 1991 ൽ ഗവേഷകർ ബ്ലാക്ക് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് അന്ന് നടത്തിയ പഠനത്തിൽ ഈ ഫംഗസുകൾ റേഡിയേഷൻ വലിച്ചെടുത്ത് അതിന്റെ സ്വന്തം അവശ്യത്തിനുള്ള ഊർജമായി മാറ്റുന്നതായും കണ്ടെത്തിയിരുന്നു.
English Summary: Researchers Find ‘Alien’ Life Forms In An Abandoned Uranium Mine In Germany