ചതുപ്പുനിലത്തിൽ നിന്നുയർന്ന ആദിമ മനുഷ്യൻ! ഇന്നും ദുരൂഹത മാറാതെ ‘ടോളൻഡ് മാൻ’
Mail This Article
യൂറോപ്പിലെ സ്കാൻഡിനേവിയൻ പ്രദേശങ്ങളിലെ ചതുപ്പുനിലങ്ങളിൽ നിന്ന് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മനുഷ്യരുടെ മൃതശരീരങ്ങൾ സംരക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിന്റെ ധാരാളം സംഭവങ്ങളുണ്ട്. ആയിരക്കണക്കിന് ശരീരങ്ങൾ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ബോഗ് ബോഡീസ് എന്ന് ഇവ അറിയപ്പെടുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ കണ്ടെത്തലായിരുന്നു ടോളൻഡ് മാന്റേത്.
1950. ഡെൻമാർക്കിലെ ടോളൻഡിലുള്ള ഒരു കുടുംബം ഒരു ചതുപ്പിൽ ഉണങ്ങിയ പുല്ലും വിറകുകളുമൊക്കെ തിരിയുകയായിരുന്നു. പെട്ടെന്നാണ് അടിമുടി കറുപ്പ് നിറമുള്ള ഒരു മൃതശരീരം അവരുടെ ശ്രദ്ധയിൽ പെട്ടത്. ശരീരത്തിന്റെ കഴുത്തിൽ ഒരു കയർ കുരുങ്ങിയിരിക്കുന്നത് കാണാമായിരുന്നു. മൃതദേഹം നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടതിനാൽ, തൊട്ടുമുൻപുള്ള ദിവസം മരിച്ചതാണെന്നു വീട്ടുകാർക്കു തോന്നിപ്പോയി. ഇതു കണ്ടു ഭയന്ന അവർ പൊലീസിനെ വിളിച്ചു. അധികാരികൾ സ്ഥലത്തെത്തുകയും പരിശോധനകൾ നടത്തിയപ്പോൾ ഈ മൃതദേഹം ഇരുമ്പ് യുഗത്തിൽ ജീവിച്ചിരുന്നയാളുടേതാണെന്ന് മനസ്സിലാക്കി. ടോളൻഡ് മാൻ എന്ന് പിൽക്കാലത്ത് ആ ശരീരം അറിയപ്പെട്ടു.
മമ്മി എന്നു കേട്ടാൽ നമുക്ക് ഓർമ വരുന്നത് ഈജിപ്തിലെ മമ്മികളെക്കുറിച്ചാണ്. മരിച്ചവരുടെ ശരീരങ്ങൾ വളരെ സങ്കീർണമായ പ്രക്രിയകൾക്കു വിധേയമാക്കി കാലാകാലങ്ങളോളം സൂക്ഷിച്ചു വയ്ക്കുന്ന പ്രക്രിയയാണ് മമ്മിവത്കരണം. എന്നാൽ ചിലപ്പോൾ പ്രകൃതി തന്നെ സ്വാഭാവികമായി ചില മൃതശരീരങ്ങൾ മമ്മി രൂപത്തിലാക്കാറുണ്ട്. പീറ്റ് ബോഗ് എന്നറിയപ്പെടുന്ന ചതുപ്പുനിലങ്ങളിൽ കിടക്കുന്ന ശവശരീരങ്ങളാണ് ഇത്തരത്തിൽ മമ്മിയായി മാറുന്നത്. ചതുപ്പുനിലങ്ങളിലെ അമ്ലതയും താപനിലയും കൂടിയ വെള്ളമാണ് ഇതിന് വഴിയൊരുക്കുന്നത്. സൂക്ഷ്മാണുക്കൾക്ക് ഈ സാഹചര്യങ്ങളിൽ ശരീരത്തെ ആക്രമിച്ച് അഴുകിപ്പിക്കാനാകില്ല എന്നതാണ് ഇതിനു കാരണം.പ്രകൃതിയൊരുക്കിയ പ്രാചീന മമ്മി! അതാണു ടോളൻഡ് മാൻ. 2600 വർഷം പഴക്കമുള്ള ടോളൻഡ് മാൻ ബിസി 400 ലാണ് ജീവിച്ചിരുന്നത്.
English Summary: ആളുകൾ കൂടിയിരിക്കെ ഹാളിലേക്ക് പാമ്പുമായി കൊച്ചുകുട്ടി; ഭയന്നോടി സ്ത്രീകൾ- വിഡിയോ
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ബോഗ് ശരീരം ഡെൻമാർക്കിൽ കണ്ടെടുത്ത കോൽബെർഗ് മനുഷ്യന്റേതാണ്. 10000 വർഷം പഴക്കമുള്ളതാണ് ഈ ശരീരം. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ടോളൻഡ് മാനിന്റെ ശരീരം തന്നെയാണ്. ഏറെക്കുറെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അതുപോലെ സംരക്ഷിക്കപ്പെട്ടതാണ് ഈ മമ്മി. മരിച്ചു കിടന്നപ്പോഴുള്ള മുഖഭാവം പോലും അതുപോലെ തന്നെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ആദിമകാലത്ത് എന്തെങ്കിലും കുറ്റം ചെയ്തതിനാൽ കഴുവിലേറ്റി ശിക്ഷിച്ചതാകാം ടോളൻഡ് മാനെയെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇടയ്ക്ക് ഡെൻമാർക്കിലെ സിൽക്ബർഗ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞർ കുറെ പഠനഫലങ്ങൾ പുറത്തുവിട്ടു. ടോളൻഡ് മാന്റെ വയറ്റിലാണ് ഇവർ ശ്രദ്ധയോടെ പരീക്ഷണം നടത്തിയത്. അങ്ങനെ അദ്ദേഹം അവസാനം കഴിച്ച ഭക്ഷണത്തിന്റെ വിശദാംശങ്ങൾ അറിയാൻ അവർക്കു സാധിച്ചു. വളരെ വ്യത്യസ്തതയുള്ള ഭക്ഷണമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പലവിധ ധാന്യങ്ങളിട്ടുള്ള കഞ്ഞിയും മത്സ്യം പാകം ചെയ്തതും. ഡെൻമാർക്കിൽ അക്കാലത്ത് മത്സ്യം വ്യാപകമായി ഭക്ഷിക്കില്ലായിരുന്നത്രേ. വിശേഷാവസരങ്ങളിലായിരുന്നു വലിയ മത്സ്യങ്ങൾ പാകം ചെയ്തിരുന്നത്. അതിനാൽ ഡെൻമാർക്കിൽ 500 ബിസി കാലഘട്ടത്തിൽ നിലനിന്ന പ്രാചീന സമൂഹം തങ്ങളുടെ വിശ്വാസങ്ങളുടെ ഭാഗമായിട്ടാകാം ടോളൻഡ്മാനെ കഴുവിലേറ്റി കൊന്നതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
English Summary: Tollund Man: The accidental mummies from Europe