ADVERTISEMENT

കൂട്ടമായി പറന്നിറങ്ങിയ പ്രാവുകൾക്കിടയിൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ശരീരമാകെ പിങ്ക് നിറമുള്ള ഒന്നിനെ കണ്ടതിന്റെ ആശ്ചര്യത്തിലാണ് യുകെയിലെ മാഞ്ചസ്റ്ററിലുള്ള ജനങ്ങൾ. ബറി ടൗൺ സെന്ററിലാണ് തലയിലും വാലിലുമെല്ലാം പിങ്ക് നിറവുമായി പ്രാവ് വന്നിറങ്ങിയത്. മറ്റ് പ്രാവുകൾക്കൊപ്പം തീറ്റ തേടി നടക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചാരനിറവും വെളുപ്പ് നിറവും ഇടകലർന്ന പ്രാവുകളെ മാത്രം കണ്ടു ശീലിച്ചിട്ടുള്ള ജനങ്ങൾ പിങ്ക് പ്രാവിനെ കണ്ടതോടെ ഇത് യഥാർഥമാണോ എന്ന ആശയക്കുഴപ്പത്തിലായി. ആരെങ്കിലും പ്രാവിനെ പിടികൂടി ഇത്തരത്തിൽ നിറം മാറ്റിയതാവുമോ എന്നും അതല്ല പെയിന്റ് ബക്കറ്റിലോ മറ്റോ വീണത് മൂലമാവുമോ ഈ നിറം ലഭിച്ചതെന്നുമൊക്കെയായിരുന്നു ഇവരുടെ സംശയങ്ങൾ. സാധാരണഗതിയിൽ ഇത്തരം നിറവ്യത്യാസങ്ങളുള്ള ജീവികളെ പക്ഷി മൃഗാദികൾ കൂട്ടത്തിൽ കൂട്ടാറില്ല. എന്നാൽ ഇവിടെ പിങ്ക് പ്രാവും മറ്റ് പ്രാവുകൾക്കൊപ്പം തന്നെയാണ് സഞ്ചാരം.

പ്രാവിന് പിങ്ക് നിറം സ്വാഭാവികമായി ലഭിച്ചതാണെങ്കിൽ അത് ഏറെ കൗതുകകരമായ കാഴ്ചയാണെന്ന് ചിത്രങ്ങൾക്കുള്ള പ്രതികരണമായി ആളുകൾ കുറിക്കുന്നു. ആരെങ്കിലും വിനോദത്തിനായി പ്രാവിന്റെ ശരീരത്തിൽ ചായം തേച്ചതാണെങ്കിൽ പക്ഷികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന അത്തരം പ്രവർത്തികളിൽ നിന്നും പിന്തിരിയണമെന്ന് അപേക്ഷിക്കുന്നവരും കുറവല്ല.

Read Also: കാട്ടുപന്നിയെ കഷ്ടപ്പെട്ട് കീഴ്‌പ്പെടുത്തി പുള്ളിപ്പുലി; ഇടയ്ക്ക് കയറി ‘പ്ലാൻ’ പൊളിച്ച് കഴുതപ്പുലി

കുറച്ചുനാളുകൾക്കു മുൻപ് ന്യൂയോർക്കിൽ നടന്ന ഒരു ജെൻഡർ റിവീൽ പാർട്ടിക്കായി ഒരു പ്രാവിന്റെ ശരീരത്തിൽ പിങ്ക് നിറം പൂശിയ സംഭവം പുറത്തുവന്നിരുന്നു. ആരോഗ്യം ക്ഷയിച്ച നിലയിൽ കണ്ടെത്തിയ പ്രാവിനെ രക്ഷപ്പെടുത്തി വൈൽഡ് ബേർഡ്  ഫണ്ടിൽ എത്തിച്ച് ചികിത്സയും നൽകി. മാഞ്ചസ്റ്ററിൽ കണ്ടെത്തിയ പ്രാവിന്റെ കാര്യത്തിലും ഇത്തരത്തിൽ മനുഷ്യന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതാണ് ആളുകളുടെ ആശങ്ക.

Content Highlights: Pigeon | Manchester | BIrds 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com