ADVERTISEMENT

ഏതാനും മാസങ്ങളായി ഒരു സംഘം സമുദ്ര പര്യവേഷണ ഗവേഷകര്‍ ഓസ്ട്രേലിയയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ പഠനത്തിലാണ്. ഈ പര്യവേഷണത്തിനിടയിലാണ് കോക്കോസ് എന്നു വിളിക്കുന്ന ചെറു ദ്വീപ സമൂഹത്തിനു സമീപമായി ഒരു സംഘം പുതിയ ജീവി വര്‍ഗങ്ങളെ ഗവേഷകര്‍ കണ്ടെത്തിയത്. ഇതിനുപുറമെ തുടര്‍ന്നുള്ള പര്യവേക്ഷണത്തിലാണ് ഗവേഷകര്‍ സ്രാവുകളുടെ ശവപ്പറമ്പ് എന്നു വിളിക്കാവുന്ന ഒരു മേഖലയില്‍ എത്തിച്ചേര്‍ന്നത്. ദശലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള പലയിനത്തില്‍ പെട്ട പല വലുപ്പമുള്ള സ്രാവുകളുടെ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ ഇവിടെ നിന്ന് കണ്ടെത്തിയത്.

തുടക്കത്തില്‍ ഈ മേഖലയിലെത്തിയ ഗവേഷകരിലെ മുങ്ങല്‍ വിദഗ്ധ സംഘത്തിന് കാര്യമായൊന്നും ഇവിടെ നിന്ന് ലഭിച്ചില്ല. സാധാരണ സമുദ്രാവശിഷ്ടങ്ങള്‍ മാത്രം കണ്ടെത്തിയ ഗവേഷകര്‍ നിരാശയിലായിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് സ്രാവുകളുടെ വലിയ അളവിലുള്ള അവശിഷ്ടങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. പ്രധാനമായും പല വലുപ്പത്തിലുള്ള സ്രാവുകളുടെ പല്ലുകളാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. പല വിഭാഗത്തില്‍ പെട്ട സ്രാവുകളുടെയായിരുന്നു ഇവിടെ നിന്നു ലഭിച്ച പല്ലുകള്‍.

അതേസമയം കണ്ടെത്തിയ എല്ലാ പല്ലുകളെയും ഫോസിലുകളെന്ന് വിളിക്കാനാകില്ലെന്നും ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയവയില്‍ സമീപകാലത്ത്, അതായത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള കൊമ്പന്‍ സ്രാവുകളുടെ ഉള്‍പ്പടെ പല്ലുകളും ഉണ്ടായിരുന്നു. ഏതാണ്ട് 5.4 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഈ പല്ലുകളുടെ ശേഖരം ഗവേഷകര്‍ക്ക് ലഭിച്ചത്. കൗതുകകരമായ രീതിയില്‍ വളരെ പഴക്കമുള്ള സ്രാവുകളുടേതും അതേസമയം സമീപകാലത്തെ സ്രാവുകളുടെയും ഫോസിലുകള്‍ കൂടിക്കലര്‍ന്നാണ് ഇവിടെ കാണപ്പെട്ടത്.

മെഗാലഡോണിന്‍റെ പൂര്‍വികര്‍

കണ്ടെത്തിയ ഫോസിലുകളില്‍ മെഗാലഡോണ്‍ എന്ന കൂറ്റന്‍ സ്രാവിന്‍റെ പൂര്‍വികരും ഉള്‍പ്പെടുന്നു. പല്ലുകളുടെ ശേഖരത്തില്‍ കണ്ടെത്തിയ അസാധാരണ വലുപ്പമുള്ള പല്ലുകള്‍ മെഗാലഡോണിന്‍റെ കാലഘട്ടത്തിനും മുന്‍പുണ്ടായിരുന്ന സ്രാവുകളേടാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇതില്‍ നിന്നാണ് ഈ സ്രാവുകളായിരിക്കും പിന്നീട് മെഗാലഡോണ്‍ എന്ന പടുകൂറ്റന്‍ സ്രാവുകളായി പരിണാമം സംഭവിച്ചതെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്.  ഏതാണ്ട് 35 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മെഗാലഡോണ്‍ സ്രാവുകള്‍ക്ക് ഇന്നുള്ള കൊമ്പന്‍ സ്രാവുകളെ പൂര്‍ണമായി വിഴുങ്ങാന്‍ തക്ക ശേഷിയുള്ള വലുപ്പമുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്.

ഒട്ടുമിക്ക ജീവികളില്‍ നിന്നും വ്യത്യസ്തമായി സ്രാവിന്‍റെ ശരീരത്തിന് രൂപം നല്‍കുന്ന കൂട് അസ്ഥികള്‍ കൊണ്ട് നിർമിക്കപ്പെട്ടതല്ല. കുറച്ച് കൂടി ലളിതമായി പറഞ്ഞാല്‍ സ്രാവിന്‍റെ അസ്ഥികൂടം എല്ലുകള്‍ കൊണ്ടല്ല നിർമിയ്ക്കപ്പെട്ടിരിക്കുന്നത്. മറിച്ച് കാര്‍ട്ടിലേജ് എന്ന പദാര്‍ത്ഥമാണ് സ്രാവുകളുടെ ശരീരത്തിന് അതിന്‍റെ രൂപം നല്‍കുന്ന വിധത്തില്‍ കൂടായി വര്‍ത്തിക്കുന്നത്. കാര്‍ട്ടിലേജുകള്‍ എല്ലുകളില്‍ നിന്ന് വ്യത്യസ്തമായി മറ്റ് ശരീരഭാഗങ്ങള്‍ പോലെ സൂക്ഷ്മജീവികളാല്‍ വിഘടിക്കപ്പെട്ട ക്രമേണ അപ്രത്യക്ഷമാവുന്നവയാണ്. അതുകൊണ്ട് തന്നെ സ്രാവുകളുടേതായി വര്‍ഷങ്ങള്‍ക്ക് ശേഷം അവശേഷിക്കുന്ന ഒരേയൊരു ഫോസില്‍ തെളിവ് അവയുടെ പല്ലുകളാണ്. 

പുതിയ ജീവിവര്‍ഗങ്ങള്‍

ഓസ്ട്രേലിയ്ക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന രണ്ട് രാജ്യാന്തര സമുദ്ര സംരക്ഷണ മേഖലകളിലായാണ് ഗവേഷകര്‍ പര്യവേക്ഷണം നടത്തിയത്. ഓസ്ട്രേലിയയുടെ തീരത്ത് നിന്ന് 2500 കിലോമീറ്റര്‍ അകലെ ആണ് ഈ സംരക്ഷണ മേഖലകള്‍ സ്ഥിതി ചെയ്യുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ സ്രാവുകളുടെ ശവപ്പറമ്പ് മാത്രമല്ല പല പുതിയ സമുദ്ര ജീവികളെയും ഈ പര്യവേഷണത്തിനിടയില്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പുതിയൊരു സ്രാവ് വര്‍ഗവും ഉള്‍പ്പെടുന്നു. 

കടുവയുടെ പോലെ വരയുള്ള, ഏതാണ്ട് കഷ്ടി ഒരു മീറ്റര്‍ നീളമുള്ള ഹോണ്‍ ഷാര്‍ക്ക് എന്ന ജീവിവര്‍ഗത്തെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ക്രസ്റ്റഡ് ബുള്‍ഷാര്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന സ്രാവ് വര്‍ഗങ്ങളിലെ ഒന്നായാണ് ഹോണ്‍ ഷാര്‍ക്കിനെ കണക്കാക്കുന്നത്. ഓസ്ട്രലിയന്‍ തീരത്ത് മാത്രം കണ്ടെത്തിയിട്ടുള്ള ഈ ജീവികളെ ഇതുവരെ നേരിട്ട് പരിശോധിക്കുകയോ പേരിടുകയോ ചെയ്തിരുന്നില്ല. 

English Summary: Scientists Discovered Something Morbidly Mysterious at The Bottom of The Indian Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com