തടാകത്തിനു മുകളിൽ ഒഴുകുന്ന വമ്പൻ പൊറോട്ടകൾ! പ്രതിഭാസത്തിനു പിന്നിൽ?
Mail This Article
തടാകത്തിനു മുകളിൽ വലിയ പൊറോട്ടകൾ പോലെ ഒഴുകി നടക്കുന്ന ഐസ് പാളികൾ! ഐസ് പാൻകേക്ക്സ് എന്നറിയപ്പെടുന്ന പ്രതിഭാസം സ്കോട്‌ലൻഡിലെ നദിയിലാണു പ്രത്യക്ഷപ്പെട്ടത്. സ്കോട്‌ലൻഡ് ഉൾപ്പെടുന്ന ബ്രിട്ടനിലെ താപനില പൊടുന്നനെ ഇടിഞ്ഞതോടെയാണ് സംഭവം. സ്കോട്‌ലൻഡിലെ വിഗ്ടൺഷറിലുള്ള ബ്ലാഡ്നോച്ച് എന്ന നദിയിലാണു വിചിത്ര പ്രതിഭാസം ഉടലെടുത്തത്. സ്കോട്ടിഷ് ഇൻവേസീവ് സ്പീഷീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ പ്രോജക്ട് മാനേജറായ കാല്ലം സിൻക്ലെയറാണ് പ്രതിഭാസത്തിന്റെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിലിട്ടത്.
ഈ പൊറോട്ട ഐസുകൾ നദിയിൽ ഒഴുകി നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും സിൻക്ലെയർ സമൂഹമാധ്യമങ്ങളിലിട്ടുണ്ട്. ഇതിനു മുൻപും താൻ ഐസ് പാൻകേക്കുകൾ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇത്ര പൂർണമായ ആകൃതിയുള്ളവ കാണുന്നത് ഇതാദ്യമാണെന്നും സിൻക്ലെയർ പറയുന്നു. സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോയിലുള്ള കെവിൻ നദിയിലും വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ലേക്ക് ജില്ലയിലുള്ള എസ്ക് നദിയിലും ഇതേപോലെ ഐസ്ഘടനകൾ ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്. വളരെ അപൂർവമായി സംഭവിക്കുന്ന ഘടനകളാണ് ഐസ് പാൻകേക്കുകളെന്നും വളരെ തണുപ്പുള്ള കടലിലും തടാകങ്ങളിലും നദികളിലുമാണ് ഇവയുണ്ടാകുകയെന്നും ബ്രിട്ടന്റെ കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഉത്തരധ്രുവമേഖലയോടു ചേർന്ന ആർക്ടിക് സമുദ്രത്തിൽ ഇടയ്ക്കിടെ ഇത്തരം ഐസ് പാൻകേക്കുകൾ ഉണ്ടാകാറുണ്ട്.ഇതുവളരെ പ്രശസ്തവുമാണ്. ജലോപരിതലത്തിൽ ഉണ്ടാകുന്ന എഡ്ഡി എന്ന കറങ്ങുന്ന തരംഗങ്ങളാണ് ഈ ഘടനയ്ക്ക് വഴിവയ്ക്കുന്നത്. ഈ തരംഗങ്ങളിൽ പെട്ട് ജലാശയങ്ങളിലെ പത കറങ്ങുകയും ഇവ ഐസ് പാൻകേക്കുകളെ സൃഷ്ടിക്കുകയും ചെയ്യും. 20 സെന്റിമീറ്റർ മുതൽ 200 സെന്റിമീറ്റർ വരെ വ്യാസത്തിൽ ഇവ രൂപപ്പെടാറുണ്ട്. കട്ടിയേറിയ ഡിസ്കുകൾ പോലെ തോന്നിക്കുമെങ്കിലും കൈയിലെടുത്താൽ ഇവ മുറിഞ്ഞുനശിക്കാറുമുണ്ട്.
English Summary: Stunning 'ice pancakes' swirl on the surface of Scottish river