ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ, ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്നു. ബ്രസീലുൾപ്പെടെ പലരാജ്യങ്ങളിലായി പരന്നുകിടക്കുകയാണ് ഈ മഴക്കാടുകൾ. അത്യപൂർവമായ ജൈവ- വന്യജീവി സമ്പത്തും മരങ്ങളും സസ്യങ്ങളുമൊക്കെ ഇവിടെയുണ്ട്.

ഇപ്പോഴിതാ ആമസോണിൽ നിന്ന് 24 മനുഷ്യനിർമിത ഘടനകൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. എർത്ത്‌വർക്ക്‌സ് എന്നറിയപ്പെടുന്ന ഈ ഘടനകൾ ഒരുകാലത്ത് ആമസോണിൽ താമസിച്ചിരുന്ന ആദിമജനത അവശേഷിപ്പിച്ച അടയാളങ്ങളാണ്.

ആമസോൺ മഴക്കാടിന്റെ ദൃശ്യം (ഫയൽ ചിത്രം)
ആമസോൺ മഴക്കാടിന്റെ ദൃശ്യം (ഫയൽ ചിത്രം)

500 മുതൽ ആയിരം വർഷങ്ങൾ മുൻപ് വരെ ആമസോണിൽ താമസിച്ചിരുന്ന ജനസമൂഹങ്ങളാണ് എർത്ത്‌വർക്‌സ് നിർമിച്ചത്. കിണറുകൾ, കുളങ്ങൾ, പാതകൾ, ഭൗമഘടനകൾ എന്നിങ്ങനെ പലതരത്തിലായാണ് ഈ എർത്ത് വർക്ക്‌സ്.

മതപരമായ ചടങ്ങുകൾ, പ്രതിരോധ ആവശ്യം എന്നിവയ്ക്കായാണ് ഈ ഘടനകളിൽ പലതും നിർമിച്ചത്. ആമസോണിലേക്ക് യൂറോപ്പിൽ നിന്നുള്ള കൊളോണിയൽ സഞ്ചാരികൾ എത്തുന്നതിനു മുൻപുള്ള ജനസമൂഹങ്ങൾ എങ്ങനെയായിരുന്നെന്ന സൂചനകൾ ഇവ നൽകുന്നു.

വനനശീകരണം സംഭവിച്ച മേഖലകളിൽ ഇത്തരം ഘടനകൾ ധാരാളമായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്നും നിബിഡവനം നിൽക്കുന്ന മേഖലകളിൽ ഒട്ടേറെ എർത്ത് വർക്‌സ് സ്ഥിതി ചെയ്യുന്നുണ്ടാകുമെന്നാണു ഗവേഷകർ പറയുന്നത്.

ആമസോൺ വനത്തിനുള്ളിലെ കാഴ്ച (Photo: Twitter/ @zaibatsu)
ആമസോൺ വനത്തിനുള്ളിലെ കാഴ്ച (Photo: Twitter/ @zaibatsu)

ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് അഥവാ ലിഡാർ എന്ന സാങ്കേതിക വിദ്യയുപയോഗിച്ചാണ് എർത്ത്‌വർക്ക്സ് കണ്ടെത്തുന്നത്. ലേസർ രശ്മികൾ തറയിലേക്ക് അടിച്ച് അവ തിരിച്ചെത്തുമ്പോൾ സ്വീകരിച്ച് ത്രിമാന ചിത്രങ്ങളെടുക്കുകയാണ് ഈ രീതിയിൽ ചെയ്യുന്നത്.

ലിഡാർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഇപ്പോൾ 24 ഘടനകൾ വെളിപ്പെട്ടത്. ഒരു ചെറിയ പട്ടണം, കോട്ടകളുള്ള ഗ്രാമങ്ങൾ, വിവിധ ഭൗമഘടനകൾ തുടങ്ങിയവ ഈ നിരീക്ഷണത്തിൽ കണ്ടെത്തിയെന്ന് ഗവേഷകർ അറിയിച്ചു.

എന്നാൽ ആമസോൺ കാടുകൾ വലിയ വിസ്തീർണമുള്ളവയാണ്. ഇവ മുഴുവൻ ലിഡാർ ഉപയോഗിച്ച് നിരീക്ഷിക്കുക അസാധ്യമാണ്. അതിനാൽ തന്നെ പതിനായിരത്തിലധികം ഇത്തരം ഘടനകൾ കണ്ടെത്താനാകാതെ കാട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്നുണ്ടാകുമെന്ന് ഗവേഷകർ പറയുന്നു.

English Summary:

Lidar Detects Earthworks in the Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com