പേനകാക്ക മുതൽ ബലികാക്ക വരെ; ആദ്യം ‘സെലിബ്രിറ്റി’, പിന്നെ ശല്യം; തുരത്തൽ തുടർന്ന് സൗദി
![crow ഇന്ത്യൻ കാക്ക (Photo Contributor: Souradip Sinha/ Shutterstock)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2023/10/21/crow.jpg?w=1120&h=583)
Mail This Article
കാക്കകളെ ജിസിസി രാജ്യങ്ങളിൽ സാധാരണ കാണാറുണ്ടെങ്കിലും സൗദി മണ്ണിൽ അപൂർവമായിരുന്നു. ആദ്യം കുറച്ചു കാക്കകളെ മാത്രമാണ് കണ്ടിരുന്നത്. പിന്നീട് പലതരത്തിലുള്ള ഇന്ത്യൻ കാക്കകളെ കണ്ടുതുടങ്ങി. പേനക്കാക്ക, കാവതി കാക്ക, വീട്ടുകാക്ക, ബലികാക്ക എന്നിവ ഒറ്റയ്ക്കും കൂട്ടായുമൊക്കെ വന്നുതുടങ്ങി. വെള്ളക്കെട്ടിൽ മുങ്ങിക്കുളിക്കുന്ന കാക്കകളെ സ്വദേശികൾ കൗതുകത്തോടെയാണ് കണ്ടിരുന്നത്. പിന്നീട് സെലിബ്രിറ്റി കാണാൻ ആളുകൾ കൂടി, സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ കുളി നിർബന്ധമാക്കിയ കാക്കകൾ ഗൾഫിലെ വെള്ളക്കെട്ടുള്ള ഇടങ്ങളെല്ലാം താവളമാക്കി. കൗതുകകാഴ്ച പിന്നീട് ശല്യമായി മാറുകയായിരുന്നു.
കാക്കക്കൂട്ടങ്ങളിൽ ഇരുന്നൂറ് മുതൽ ആയിരക്കണക്കിന് വരെ അംഗങ്ങളായി. സൗദിയിലെ മരങ്ങളെല്ലാം കാക്കകൂടുകളാൽ നിറഞ്ഞു. എന്തും തിന്ന് അതിജീവിക്കാനുള്ള കഴിവും ശത്രുക്കളുടെ കുറവും കൊണ്ട് കാക്ക എത്തിയ സ്ഥലത്തൊക്കെ സാമ്രാജ്യം സ്ഥാപിച്ചു. ജീസാനിലും ഫറസാൻ ദ്വീപിലുമാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ കാക്കകളെ കണ്ടിരുന്നത്. കാക്കകൾ ചെറുപ്രാണികളെ മുഴുവൻ ഭക്ഷണമാക്കുന്നതിനാൽ ഇവിടങ്ങളിൽ ഉണ്ടായിരുന്ന പല ജീവികളും അപ്രത്യക്ഷമാകുന്നതായും, വംശനാശം വരുന്നതായും കണ്ടെത്തിയതോടെ ഇവയെ തുരത്താനുള്ള നടപടികൾ തുടങ്ങുകയായിരുന്നു.
![crow കാക്ക (Twitter/@SahirDoshi)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2023/8/6/crow.jpg)
അഡാപ്റ്റീവ് കൺട്രോൾ മാനേജ്‌മെന്റ് പ്ലാൻ പദ്ധതിയുടെ കീഴിൽ കാക്കകളെ നിയന്ത്രിക്കാൻ തുടങ്ങി. കാക്കകളുടെ മുട്ടകൾ തകർക്കുകയും കൂടുകൾ നശിപ്പിക്കുകയും ചെയ്ത് കാക്കളെ നിയന്ത്രിച്ചു. ഒന്നാംഘട്ട നടപടികൾ വിജയകരമായി പൂർത്തിയാക്കി. ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് സൗദി ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചിട്ടുണ്ട്. 70 ശതമാനം കാക്കകളെയും കൂടുകളെയും നിയന്ത്രിക്കാനാവുമെന്നാണ് കരുതുന്നത്. ഇത്രയും കാക്കകൾ എങ്ങനെ സൗദിയിൽ എത്തിയതെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.