വൈദേശികാക്രമണം! ഇഴഞ്ഞു കയറി ആഫ്രിക്കൻ ഒച്ചുപട: വലഞ്ഞ് ശാസ്താംകടവും നാട്ടുകാരും
Mail This Article
ചേർപ്പ് ∙ വീട്ടുമുറ്റം മുതൽ ശുചിമുറി വരെയെത്തുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിൽ നിന്നു മോചനമില്ലാതെ പാറളം പഞ്ചായത്തിലെ ശാസ്താംകടവ് നിവാസികൾ. വർഷങ്ങളായുള്ള ദുരിതത്തിൽ നിന്നു മോചനം തേടി വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കു പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. സർക്കാരിന്റെ നേതൃത്വത്തിലുള്ള നവകേരള സദസ്സു തൃശൂരിലെത്തുമ്പോൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകാൻ ഒരുങ്ങുകയാണു നാട്ടുകാർ.
പഞ്ചായത്തിലെ 1, 2 ,15 വാർഡുകളിലാണ് ഒച്ചിന്റെ ശല്യം രൂക്ഷമായുള്ളത്. ഇടവേളയ്ക്കു ശേഷം മഴ തുടങ്ങിയതോടെയാണ് ഇവ വീണ്ടും വ്യാപകമായത്. വീട്ടുമുറ്റം മുതൽ ശുചിമുറി വരെയുള്ള ഇടങ്ങളിൽ ഒച്ചുകൾ കൂട്ടമായെത്തി പറ്റിപ്പിടിച്ചിരിക്കുകയാണ്. വാഴ, മുരിങ്ങ, ചേമ്പ്, ഇഞ്ചി തുടങ്ങി എല്ലാ കൃഷികളും ഇവ ആക്രമിച്ചു നശിപ്പിക്കുന്നുണ്ട്. അതിരാവിലെ മുതൽ വെയിൽ വരുന്നതു വരെ ഇവയെ വ്യാപകമായി കാണാം.