എജിയോ അദ്ഭുതമരുന്നിനായി കൊല്ലപ്പെടുന്നത് ദശലക്ഷക്കണക്കിന് കഴുതകൾ: ചൈനയുടെ പാരമ്പര്യവൈദ്യം
Mail This Article
ചൈനീസ് പാരമ്പര്യ വൈദ്യത്തിന് വളരെ പ്രചാരമുണ്ട്. ഔഷധമൂല്യമുള്ള സസ്യങ്ങൾക്കു പുറമേ മൃഗങ്ങളുടെ ശരീരഭാഗങ്ങളും ഇതിൽ ഉപയോഗിക്കുന്നു. കടുവ, കാണ്ടാമൃഗം പോലുള്ള സംരക്ഷിക്കപ്പെടേണ്ട മൃഗങ്ങളും ഇതു കാരണം പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ്.
ചൈനീസ് പാരമ്പര്യ വൈദ്യത്തിൽ എജിയോ എന്നൊരു മരുന്നുണ്ട്. കഴുതത്തോലിലെ കൊഴുപ്പിൽ നിന്നാണ് ഈ വസ്തു ഉണ്ടാക്കുന്നത്. ഇതു മറ്റു മരുന്നുകളുമായി കലർത്തി ഗുളികകളും പലഹാരങ്ങളുമൊക്കെയുണ്ടാക്കുന്നു. യൗവനം നിലനിർത്താനും സൗന്ദര്യം കൂട്ടാനുമൊക്കെ ഈ മരുന്ന് സഹായിക്കുമെന്നാണ് ചൈനക്കാരുടെ വിശ്വാസം. ഇതിനായുള്ള കഴുതത്തോൽ വ്യാപാരം ലോകവ്യാപകമാണ്. ദശലക്ഷക്കണക്കിന് കഴുതകളെയാണ് എജിയോയ്ക്ക് വേണ്ടി കൊല്ലുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കടുവകൾ ഉണ്ടായിരുന്നെന്നാണു കണക്ക്. എന്നാൽ ബ്രിട്ടിഷ് ഭരണത്തിനു കീഴിലും മറ്റും കടുവകൾക്ക് നേരെ വലിയ വേട്ടയാടൽ നടന്നു. ഇന്നും കടുവകൾ വേട്ടയാടൽ ഭീഷണിയിലാണ്. വേട്ടയാടി കിട്ടുന്ന കടുവയുടെ ഭാഗങ്ങൾ പലപ്പോഴും ചൈനയിലെ അനധികൃത മാർക്കറ്റുകളിലേക്കാണു പോകുന്നത്. കടുവത്തോലിന് 65 ലക്ഷം രൂപ വരെ വിലകിട്ടുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. കടുവയുടെ ശരീരഭാഗങ്ങൾ ചൈനീസ് പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്നുമുണ്ട്. മധ്യപ്രദേശിലെ ബഹേലിയ ഗ്യാങ് പോലുള്ള ക്രിമിനൽ സംഘങ്ങൾ കടുവാവേട്ടയിൽ കുപ്രസിദ്ധി നേടിയവരാണ്.
ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധ കടുവ വേട്ടക്കാരനായ സൻസർ ചന്ദും ചൈനയിലേക്ക് കടുവയുടെ ശരീരഭാഗങ്ങൾ അയച്ചിരുന്നു. ചൈന, നേപ്പാൾ, തിബറ്റ് എന്നിവിടങ്ങളിലായിരുന്നു സൻസറിന്റെ ഇടപാടുകാർ. ഒരിക്കൽ പിടിയിലായപ്പോൾ, 470 കടുവാത്തോലുകളും രണ്ടായിരത്തിലധികം പുലിത്തോലുകളും നേപ്പാളിലും ടിബറ്റിലുമുള്ള വെറും നാല് ഉപയോക്താക്കൾക്ക് താൻ വിറ്റതായി സൻസർ വെളിപ്പെടുത്തിയിട്ടുണ്ട്.
കാണ്ടാമൃഗങ്ങളും ചൈനീസ് പരമ്പരാഗത വൈദ്യം കാരണം പ്രതിസന്ധിയിലാണ്. ഇടക്കാലത്ത് അസമിലെ കാസിരംഗ നാഷനൽ പാർക്കിലെ ബോകാഖാട്ടിൽ രണ്ടായിരത്തഞ്ഞൂറിലധികം കാണ്ടാമൃഗക്കൊമ്പുകൾ ചൂളകളിൽ കത്തിച്ചതിന്റെ വാർത്തയും ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഒരു കൊമ്പിനു വേണ്ടി, വംശനാശം നേരിടുന്ന ഒരു മൃഗത്തെക്കൊല്ലുക. അതാണു കാണ്ടാമൃഗ വേട്ടയിൽ സംഭവിക്കുന്നത്. കാണ്ടാമൃഗത്തിന്റെ കൊമ്പുകൾക്ക് അപൂർവമായ ഔഷധശേഷിയുണ്ടെന്നുള്ള വിശ്വാസമാണ് ഇതിനു കാരണം. ഈ വിശ്വാസം നശിപ്പിക്കാനും ഭാവിയിൽ കൊമ്പുകളുടെ പേരിൽ കാണ്ടാമൃഗങ്ങളെ കൊന്നൊടുക്കാതിരിക്കാനുമുള്ള ബോധവൽക്കരണം നൽകാനുമാണ് അസം സർക്കാർ വൻ തോതിൽ കൊമ്പുകൾ കത്തിച്ചുകളഞ്ഞത്.
വിയറ്റ്നാമിലും ചൈനയിലുമാണ് കാണ്ടാമൃഗക്കൊമ്പുകളുടെ ഏറ്റവും വലിയ കരിഞ്ചന്തകളുള്ളത്. പ്രധാനമായും രണ്ടു കാര്യങ്ങൾക്കാണ് കാണ്ടാമൃഗക്കൊമ്പുകൾ വാങ്ങിക്കപ്പെടുന്നത്. ചൈനീസ് പാരമ്പര്യ വൈദ്യമനുസരിച്ച്, കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ പൊടിച്ചത് ലൈംഗിക ഉത്തേജക മരുന്നാണെന്ന വിശ്വാസവുമുണ്ട്. ഇത് കാണ്ടാമൃഗങ്ങളുടെ നിയമവിരുദ്ധ വേട്ടയിലേക്കു നയിക്കുന്നു.
Read Also: ആനയെ വെടിവച്ചു കൊന്നാല്‍ 150 പണം ഇനാം !!!
എന്നാൽ ഇത്തരം യാതൊരു ഔഷധമൂല്യവും ഇതിനില്ലെന്ന് ഗവേഷകർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. മനുഷ്യരുടെ നഖത്തിലുള്ള കെരാറ്റിൻ തന്നെയാണ് കാണ്ടാമൃഗത്തിന്റെ കൊമ്പിലുമടങ്ങിയിരിക്കുന്നത്. ചൈനീസ് വൈദ്യത്തിൽ പനിക്കും മറ്റ് അണുബാധകൾക്കും ഫലപ്രദമായ ഔഷധമായി കാണ്ടാമൃഗക്കൊമ്പിനെ കണക്കാക്കുന്നുണ്ട്. ഇതും യാതൊരു അടിസ്ഥാനവുമില്ലാത്ത വിശ്വാസം തന്നെ.
അതിസമ്പന്നർ കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ പ്രദർശന വസ്തുവായും വാങ്ങാറുണ്ട്. ഈ കൊമ്പുപയോഗിച്ചു നിർമിച്ച ബ്രേസ്‌ലെറ്റുകൾ, മാലകൾ തുടങ്ങിയവയ്ക്കൊക്കെ വലിയ ഡിമാൻഡാണ്. വിയറ്റ്നാമിലെ ചില ധനികർ ശരീരത്തിലെ വിഷവസ്തുക്കൾ പുറത്തുചാടിക്കാൻ പൊടിച്ച കാണ്ടാമൃഗക്കൊമ്പിനു കഴിയുമെന്നു വിശ്വസിച്ച് ഇത് മദ്യത്തിലും വെള്ളത്തിൽ ചാലിച്ച് ടോണിക്കു രൂപത്തിലും കുടിക്കാറുണ്ട്.
എന്നാൽ ഇക്കാലത്ത് വിയറ്റ്നാമിലെയും ചൈനയിലെയും കരിഞ്ചന്തക്കാർ കൂടുതൽ മാർക്കറ്റിങ് തന്ത്രങ്ങൾ കാണ്ടാമൃഗ കൊമ്പ് കച്ചവടത്തിൽ പയറ്റുന്നുണ്ടെന്ന് സയന്റിഫിക് അമേരിക്കൻ മാസിക റിപ്പോർട്ട് ചെയ്യുന്നു. കാൻസറിനെ വരെ ഇതു പ്രതിരോധിക്കുമെന്നാണ് ഇത്തരത്തിൽ ഒരു മാർക്കറ്റിങ് തന്ത്രം.