എവിടെപ്പോയാലും ചറപറ സെൽഫി; എന്നാലിവിടെ നടക്കില്ല, പണികിട്ടും!
Mail This Article
എവിടെപ്പോയാലും അവിടെനിന്ന് ഒരു സെൽഫി. അത് നിർബന്ധാ...! ഇങ്ങനെ ചിന്തിക്കുന്ന നിരവധിപ്പേർ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. ഫോട്ടോയെടുത്താൽ അപ്പോൾതന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വേണം. ഇങ്ങനെ നിരന്തരം സെൽഫിയെടുത്ത് ബുദ്ധിമുട്ടിലായവരാണ് ന്യൂയോർക്ക് മൃഗശാലകളിലെ കടുവകളും സിംഹങ്ങളും.
2014ൽ ന്യൂയോർക്കിലെ പല മൃഗശാലകളിൽ നിന്നും സർക്കസ് കൂടാരങ്ങളിൽ നിന്നും കടുവകളോടൊപ്പമുള്ള സെൽഫികൾ സമൂഹമാധ്യമങ്ങളിൽ കൂടുതലായി പ്രചരിച്ചിരുന്നു. സെൽഫിക്കായി പലരും മൃഗങ്ങളുടെ അടുത്തേക്ക് പോകുന്നത് അവരുടെ ദൈന്യംദിന രീതികളെ ബാധിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഇവിടങ്ങളിൽ സെൽഫി നിരോധിക്കുകയായിരുന്നു. പ്രത്യേകിച്ച് കടുവ, സിംഹം എന്നിവയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സെൽഫികൾ.
Read Also: അനുഭവിക്കുന്നത് രേഖപ്പെടുത്തുന്ന ചൂടിലുമധികം; വേനൽ മാർച്ചിലേക്ക്, രാത്രിയിലും വിയർക്കും
ലോകത്ത് ഇതുപോലെ സെൽഫി നിരോധിച്ച നിരവധി വിനോദഞ്ചാര കേന്ദ്രങ്ങളുണ്ട്. ലോകാദ്ഭുതങ്ങളിലൊന്നായ കൊളോസിയം, ഫ്രാൻസിലെ ഗാരോപ് ബീച്ച്, കലിഫോർണിയയിലെ ഡിസ്നി ലാൻഡ് തീം പാർക്ക് എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. നിയമം ലംഘിച്ചാൽ ശിക്ഷയും പിഴയുമുണ്ട്.
അതേസമയം, വന്യജീവികൾക്കൊപ്പം ഫോട്ടോയെടുക്കാൻ അവസരമൊരുക്കുന്ന സഫാരി പാർക്കുകളുമുണ്ട്. തായ്‌ലൻഡ് ബാങ്കോക്കിലുള്ള സഫാരി വേൾഡിൽ ചിമ്പാൻസിക്കൊപ്പം നിരവധി ചിത്രങ്ങളെടുക്കാനാകും. ഊഞ്ഞാലിൽ ഒന്നിരുന്നാൽ മതി, ചിമ്പാൻസി അടുത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യും. കെട്ടിപ്പിടിച്ചും ഉമ്മവച്ചും തോളിൽ കൈയിട്ടും നിരവധി പോസുകളിൽ ഫോട്ടോയെടുക്കാം.