ഡ്രില്ലിങ് മെഷീന്റയത്ര ശബ്ദം പുറപ്പെടുവിക്കുന്ന മീൻ; വലുപ്പം പൊടിമീനേക്കാൾ കുറവ്
Mail This Article
മൂന്ന് വർഷങ്ങൾക്കു മുൻപ് ഗവേഷകർ ഒരു മീനിനെ കണ്ടെത്തി. കഷ്ടിച്ച് ഒരു സെന്റിമീറ്ററിനപ്പുറമാണ് കക്ഷിയുടെ വലുപ്പം. എന്നാൽ അതുണ്ടാക്കുന്ന ശബ്ദത്തിന് ഒരു കുറവുമില്ല. ഒരു ന്യുമാറ്റിക് ഡ്രില്ലിങ് മെഷീന്റെയത്ര ശബ്ദം ഈ ചെറുമീൻ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. തികച്ചും അദ്ഭുതാവഹമായ ഒരു സംഭവമാണിത്. ഈ മീനിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ആന്തരിക ശരീരഭാഗങ്ങൾ കുറച്ചൊക്കെ കാണാൻ കഴിയുന്ന ട്രാൻസ്‌ക്ലൂസന്റ് വിഭാഗത്തിലുള്ള ഡാനിയോനെല്ല സെറിബ്രം എന്ന മീനാണു താരം. മ്യാൻമറിലെ ബാഗോ യോമ പർവതനിരകളിലുള്ള അരുവികളിലാണ് ഇവയെ കാണാൻ സാധിക്കുന്നത്. ഈ മത്സ്യത്തെ കണ്ടെത്തിയതു മുതൽ ഇതിനെങ്ങനെ 140 ഡെസിബെലിനപ്പുറം അളവ് വരുന്ന ഈ ഉയർന്ന ശബ്ദം ഉണ്ടാക്കാൻ കഴിയുന്നെന്ന ആശ്ചര്യത്തിലായിരുന്നു ശാസ്ത്രജ്ഞർ. എന്നാൽ ഇപ്പോൾ ഇതിനു പിന്നിലുള്ള ഗുട്ടൻസ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക തരത്തിലുള്ള കാർട്ടിലേജ്, പേശികൾ തുടങ്ങിയവയാണ് ഈ ഉയർന്ന ശബ്ദം പുറപ്പെടുവിക്കാൻ മീനിനെ അനുവദിക്കുന്നത്.
Read Also: ആനയെ വെടിവച്ചു കൊന്നാല്‍ 150 പണം ഇനാം !!!
സ്വിം ബ്ലാഡർ എന്നറിയപ്പെടുന്ന ശരീരഭാഗം പെട്ടെന്നു ചുരുക്കാൻ ഈ മീനിനു കഴിവുള്ളതു കൊണ്ടാണ് ഇത്രയും വലിയ ശബ്ദം മീൻ പുറപ്പെടുവിക്കുന്നതെന്നു ഗവേഷകർ പറയുന്നു. ഈ മത്സ്യത്തിന്‌റെ ചില പേശികൾക്ക് എത്ര അധ്വാനിച്ചാലും തളർച്ച അനുഭവപ്പെടില്ല. അതിനാൽ ഇതിനു തുടരെത്തുടരെ ഇത്തരം ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിവുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. സുതാര്യമായ ശരീരവും ചെറിയ വലുപ്പവുമായതിനാൽ ഈ മീനിനെ ബയോമെഡിക്കൽ റിസർച് മേഖലയിലെ ഗവേഷകർ വ്യാപകമായി പഠിക്കുന്നുണ്ട്.