‘കുടിക്കാൻ വെള്ളമുണ്ടെങ്കിൽ അതിജീവിക്കും; തുമ്പിക്കൈയിലും കാലിലും പരുക്കില്ലാതിരുന്നാൽ മതി’
Mail This Article
കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറ്റിൽ വീണ കാട്ടാന കഴിഞ്ഞ 12 മണിക്കൂറോളമായി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്കു കയറാൻ ആന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുറത്തെത്തിക്കാനായി അധികൃതരും ശ്രമിക്കുന്നുണ്ട്. മയക്കുവെടി വച്ച് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട. ആനയുടെ ശരീരത്തിൽ ഒട്ടേറെ മുറിവുണ്ടെന്നും ക്ഷീണിതനാണെന്നും നാട്ടുകാർ പറയുന്നുണ്ട്. ആന ചരിയുമോ എന്ന ഭയവും നിലനിൽക്കുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള സാഹചര്യം ഇവിടെ നിലനിൽക്കുന്നില്ലെന്നാണ് ആന ചികിത്സാ വിദഗ്ധൻ ഡോ.പി.ബി. ഗിരിദാസ് പറയുന്നത്.
‘‘12 മണിക്കൂറായി കിണറിൽ കിടന്ന് വലയുന്ന ആനയ്ക്ക് മാനസിക സമ്മർദം തീർച്ചയായും ഉണ്ടാകും. പേടിച്ചുവിറച്ചാണ് രക്ഷപ്പെടാനായി കിണറിന്റെ വശങ്ങൾ തകർക്കാൻ ശ്രമിക്കുന്നത്. മാനസിക സമ്മർദം കാണും. എന്നാൽ മരണത്തിലേക്ക് നീങ്ങാൻ സാധ്യത കുറവാണ്. വെള്ളംകുടിച്ച് ആരോഗ്യം നിലനിർത്താൻ ആനയ്ക്ക് കഴിയും. തുമ്പികൈയിലോ കാലിലോ മാരക പരുക്കുകൾ ഇല്ലാതിരുന്നാൽ മതി.
സാധാരണ കുഴികളിൽ ഇഴുകി വീഴുന്ന ശീലമാണ് ആനകൾക്കുള്ളത്. അതിനാൽ മാരകമായ പരുക്കുകൾ പറ്റാറില്ല. മസ്തകത്തിനു പരുക്കേറ്റാലും പ്രശ്നമില്ല. നടക്കാൻ പറ്റാതാവുമ്പോഴാണ് ആന ഏറെ ക്ഷീണിതനാകുന്നത്.’’– ഡോ.പി.ബി. ഗിരിദാസ് മനോരമ ഓൺലൈനോട് പറഞ്ഞു.