ആടും ചെമ്മരിയാടും തമ്മിൽ വ്യത്യാസമെന്ത്? ഇവയുടെ സങ്കര സന്തതികൾ സാധ്യമോ?
Mail This Article
ഇപ്പോൾ ആടാണല്ലോ താരം. കുറച്ചു വർഷങ്ങൾക്കിടെ ആടിന്റെ പേരുള്ള 3 മലയാള സിനിമകളാണ് ഇറങ്ങിയത്. അപ്പോൾ ആടിന് അൽപം അഹങ്കാരമാകാം. ജമ്‌നാപ്യാരി എന്ന ആടിനെ പ്രധാന കഥാപാത്രങ്ങളിലൊന്നാക്കിയും ഒരു സിനിമ വന്നു. ആടുകൾ നമുക്ക് ചിരപരിചിതരായ ജീവികളാണ്. മാംസം, പാൽ എന്നിവയ്ക്കായാണ് പ്രധാനമായും ആടുകളെ ഉപയോഗിക്കുന്നത്. ചില പ്രത്യേകയിനം ആടുകളുടെ രോമവും വ്യാവസായികമായി ഉപയോഗിക്കപ്പെടാറുണ്ട്.
നാട്ടാടുകളും ചെമ്മരിയാടുകളുമാണ് നമുക്ക് ഏറെ പരിചിതർ. (കാട്ടാടുകളും മലയാടുകളും വരയാടുകളുമൊക്കെയുണ്ടെങ്കിലും അമ നാട്ടിലല്ല). ഇംഗ്ലിഷിൽ ചെമ്മരിയാടുകൾ ഷീപ് എന്നും നാട്ടാടുകൾ ഗോട്ട് എന്നുമറിയപ്പെടുന്നു.
നാം ആട്ടിറച്ചിക്ക് ഉപയോഗിക്കുന്ന പദമായ മട്ടൺ യുഎസിലും യൂറോപ്പിലുമൊക്കെ ചെമ്മരിയാടിന്റെ മാംസമാണ്. നാട്ടാടിന്റെ ഇറച്ചിക്ക് അവർ ഗോട്ട്മീറ്റ് എന്നാണു പറയുക. എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ പൊതുവെ മട്ടൺ നാട്ടാടിന്റെ ഇറച്ചിയാണ്.
ചെമ്മരിയാടും സാധാരണ ആടും തമ്മിൽ പ്രജനനം സാധ്യമാണോ?
ചെമ്മരിയാടും ആടും ബോവിഡേ എന്ന വലിയ ജന്തുകുടുംബത്തിൽ പെട്ടതാണ്. യാക്കുകളും കാട്ടുപോത്തുകളുമുൾപ്പെടെ നൂറിലേറെ തരം ജന്തുവിഭാഗങ്ങൾ ഈ കുടുംബത്തിലുണ്ട്. ഈ കുടുംബത്തിലെ ഒരു ഉപകുടുംബമാണ് കാപ്രിനേ. ആടുകളും ചെമ്മരിയാടുകളും ഈ ഉപകുടുംബത്തിൽ ഉൾപ്പെടുന്നു. എന്നാൽ ജനുസ്സ് വഴി ഇവ തമ്മിൽ വ്യത്യാസമുണ്ട്. ഓവിസ് എന്ന ജനുസ്സിൽ പെട്ടതാണ് ചെമ്മരിയാടുകൾ, ഇവയ്ക്ക് 54 ക്രോമസോമുകളാണുള്ളത്. കാപ്ര എന്ന ജനുസ്സിലാണ് ആടുകളുടെ സ്ഥാനം. ഇവയ്ക്ക് 60 ക്രോമസോമുകളുണ്ട്.
ഈ ജനിതക വ്യത്യാസം കാരണം ആടുകളും ചെമ്മരിയാടുകളും തമ്മിലുള്ള സങ്കരം വളരെ അപൂർവമാണ്. എന്നാൽ ഇല്ലെന്നു പറയാനുമാകില്ല. ബോട്‌സ്വാനയിൽ 2000ൽ ഒരു ആണാടും പെൺ ചെമ്മരിയാടും തമ്മിൽ ഇണചേരുകയും സങ്കരയിനം ആണാട് ജനിക്കുകയും ചെയ്തു. ഇതിന് 57 ക്രോമസോമുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ ആടിന് പ്രജനനശേഷി ഇല്ലായിരുന്നു.ന്യൂസീലൻഡിലും ഇത്തരത്തിലൊരു ഇണചേർക്കൽ നടത്തുകയും ഒരു പെൺ സങ്കരയിനം ആടുണ്ടാകുകയും ചെയ്തു. ഇതിന് പ്രജനനശേഷിയുണ്ടായിരുന്നു. 2020ൽ ചെക് റിപ്പബ്ലിക്കിലെ ടബോറിലുള്ള ഒരു ഫാമിൽ ബരുങ്ക എന്നൊരു സങ്കരയിനം ആട് ജനിച്ചിരുന്നു. ഇതു വലിയ വാർത്തയായി. ഫാമിലെ ആടുകളോ ചെമ്മരിയാടുകളോ ഇതിനെ ഏറ്റെടുക്കാൻ തയാറാകാത്തതായിരുന്നു കാരണം.
ആടുകളുടെയും ചെമ്മരിയാടുകളുടെയും ഭ്രൂണങ്ങൾ കലർത്തി ലബോറട്ടറിയിൽ നടത്തുന്ന പരീക്ഷണങ്ങളിലും സങ്കരയിനങ്ങൾ ജനിക്കാറുണ്ട്. ഇവയെ കൈമെറ എന്നാണു വിളിക്കുന്നത്.