ADVERTISEMENT

തിരുവനന്തപുരം മൃഗശാലയിലെ  ഹിപ്പൊപൊട്ടമസിനു കുഞ്ഞ് ജനിച്ചതു വാർത്തയായിരുന്നല്ലോ. ഹിപ്പൊകൾ നമ്മുടെ നാട്ടുകാരല്ലെങ്കിലും നമുക്കെല്ലാം പരിചിതരാണ്. വ്യത്യസ്തമായ പേരും രൂപവുമാണ് ഈ പ്രശസ്തിക്കു കാരണം. ആൺ ഹിപ്പൊകൾ 7 മുതൽ 10 വരെ വയസ്സിലും പെൺഹിപ്പൊകൾ 5 മുതൽ 7 വരെ വയസ്സിലുമാണ് പ്രജനനശേഷി കൈവരിക്കുന്നത്. ചെറിയ കൂട്ടങ്ങളായി ജീവിക്കുന്ന ഹിപ്പൊകൾ പ്രസവം അടുക്കുന്നതോടെ കൂട്ടത്തിൽനിന്നു മാറി ജലാശയങ്ങളുടെ ആഴംകുറഞ്ഞ ഭാഗത്ത് പ്രസവിക്കുകയും കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുഞ്ഞുമായി കൂട്ടത്തിലേക്ക് തിരികെ വരികയുമാണ് ചെയ്യാറുള്ളത്.

ഹിപ്പൊകളിൽ ആണുങ്ങൾക്ക് മൂന്നര മീറ്റർ വരെ നീളവും ഒന്നരമീറ്റർ പൊക്കവും വരാറുണ്ട്. ആൺഹിപ്പൊകൾ പെൺഹിപ്പൊകളെക്കാൾ വലുപ്പമേറിയവയുമാണ്.

FILE - A hippo swims in the Magdalena river in Puerto Triunfo, Colombia, Feb. 16, 2022. A hippopotamus descended from animals illegally brought to Colombia by the late drug kingpin Pablo Escobar has died in a collision with an SUV on a highway near Escobar’s hacienda, environmental authorities said April 12, 2023. (AP Photo/Fernando Vergara, File)
(AP Photo/Fernando Vergara, File)

തങ്ങൾ മാർക്ക് ചെയ്തിരിക്കുന്ന പ്രദേശങ്ങളിൽ മനുഷ്യർ കയറിയാൽ ഹിപ്പൊകൾ അക്രമാസക്തരാകാറുണ്ട്. തണുപ്പിനു വേണ്ടി ഹിപ്പൊകൾ അധികസമയവും വെള്ളത്തിൽ മുങ്ങിക്കിടക്കാറുമുണ്ട്.  ഇത് അങ്ങോട്ടേക്ക് വരുന്ന ബോട്ടുകൾക്കും മറ്റും അപായകരമാണ്.

ആനകളുടെ കൊമ്പുപോലെ ഹിപ്പൊകൾക്കും ടസ്കുകളുണ്ട്. ഇവ വളർന്നുകൊണ്ടേയിരിക്കും. ആൺ ഹിപ്പൊകൾക്ക് 1550 കിലോ വരെ ഭാരം വയ്ക്കാം. എന്നാൽ ഇത്രയും ഭാരവും വച്ച് മണിക്കൂറിൽ 45 കിലോമീറ്റർ വരെയൊക്കെ വേഗത്തിൽ ഇവയ്ക്ക് ഓടാൻ സാധിക്കും. മനുഷ്യരെ ഓടിത്തോൽപിക്കാമെന്നു സാരം. അതിശക്തമായ താടിയെല്ലുകളും മൂർച്ചയുള്ള പല്ലുകളും ഇവയ്ക്കുണ്ട്. കരജീവികളിൽ ഏറ്റവും കരുത്തോടെ കടിക്കാനുള്ള ശേഷിയും ഇവയ്ക്കാണ്. ഹിപ്പൊകളിൽ ഒരു കുഞ്ഞൻ വിഭാഗവുമുണ്ട്. പിഗ്മി ഹിപ്പൊ എന്നറിയപ്പെടുന്ന ഈ ജീവികൾ രാത്രിയിൽ പുറത്തിറങ്ങുന്നവയാണ്. 

കൊളംബിയയിലെ ഹിപ്പൊകൾ

തെക്കൻ അമേരിക്കൻ വൻകരയിലെ രാജ്യമായ കൊളംബിയയെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ദാരിദ്ര്യം മുതൽ ലഹരിക്കടത്ത് സംഘങ്ങൾ വരെ ഇക്കൂട്ടത്തിൽ പെടും. എന്നാൽ മറ്റൊരു വ്യത്യസ്ത പ്രശ്‌നവും രാജ്യത്തെ കുറച്ചുകാലമായി വേട്ടയാടുന്നുണ്ട്– ഹിപ്പൊകൾ. കൊളംബിയയിലെ പ്രധാന നദിയായ മഗ്ദലേനയുടെ കരയിലെ നൂറിലധികം ഹിപ്പൊകളാണ് പ്രശ്‌നക്കാർ. ഇതിനെല്ലാം തുടക്കമിട്ടത് കൊളംബിയയിലെ ഏറ്റവും കുപ്രസിദ്ധനായ മനുഷ്യൻ തന്നെയാണ്. ലഹരിക്കടത്തു മാഫിയത്തലവൻ പാബ്ലോ എസ്‌കോബാർ. കൊളംബിയയിലെ മെഡലിനിൽ എസ്‌കോബാർ ഹാസിയൻഡ നാപോളിസ് എന്നു പേരായ ഒരു വലിയ വീടും അതിനു ചുറ്റും ഒരു എസ്റ്റേറ്റും സ്വന്തമാക്കിയിരുന്നു. ഈ എസ്റ്റേറ്റിൽ ആനകൾ, ജിറാഫുകൾ, വിവിധയിനം അപൂർവ പക്ഷികൾ എന്നിവയടങ്ങിയ ഒരു മൃഗശാലയുമുണ്ടായിരുന്നു. ഈ മൃഗശാലയിലേക്ക് ആഫ്രിക്കയിൽനിന്ന് എഴുപതുകളിൽ എസ്‌കോബാർ 4 ഹിപ്പൊപൊട്ടമസുകളെ അനധികൃതമായി എത്തിച്ചു. കൊക്കെയ്ൻ ഹിപ്പൊകൾ എന്നാണ് ഇവ അറിയപ്പെട്ടത്.

Image Credit: Andi Dill/ Latestsightings
Image Credit: Andi Dill/ Latestsightings

എസ്‌കോബാറിന്റെ മരണശേഷം ഹാസിയൻഡ നാപോളിസ് പിടിച്ചെടുത്ത കൊളംബിയൻ സർക്കാർ, മറ്റു മൃഗങ്ങളെ മാറ്റിയെങ്കിലും ഹിപ്പൊകളെ എസ്‌റ്റേറ്റിൽ തന്നെ വിട്ടു. ഇവ താമസിയാതെ പെറ്റുപെരുകി. അടുത്തിടെ, ഈ ഹിപ്പൊകളിൽ 60 എണ്ണത്തിനെ ഇന്ത്യയിലേക്കും പത്തെണ്ണത്തിനെ മെക്സിക്കോയിലേക്കും അയയ്ക്കാൻ പദ്ധതിയുണ്ടെന്ന് കൊളംബിയൻ അധികൃതർ പറഞ്ഞിരുന്നു.

English Summary:

Explore the Hidden Wonders of Hippo Biology!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com