ADVERTISEMENT

മരങ്ങൾ മുറിച്ചുമാറ്റുന്നത് വനങ്ങൾക്ക് മാത്രമല്ല പ്രകൃതിക്കും പാരിസ്ഥിതിക സന്തുലനത്തിനും വലിയ ഭീഷണി ഉണ്ടാക്കുന്നുണ്ട്. ഇതു മൂലമാണ് വനമേഖലകളിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ ശക്തമായ നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വനത്തിനെ രക്ഷിക്കാനായി മരങ്ങൾ മുറിച്ചുമാറ്റേണ്ട അവസ്ഥ വന്നാലോ?. മറ്റൊരു മാർഗവുമില്ലാതെ വന്നതോടെയാണ് തമിഴ്നാട് വനംവകുപ്പ് അത്തരം ഒരു നടപടിയിലേക്ക് കടന്നത്. മുതുമല കടുവാ സങ്കേതത്തിലെ 400 ഹെക്ടർ പ്രദേശത്തു നിന്നും ‌സെന്നാ സ്പെക്ടബിലിസ് എന്ന ഇനത്തിൽപ്പെട്ട മഞ്ഞക്കൊന്നയെയാണ് പൂർണമായും മുറിച്ചുമാറ്റിയത്. 

അലങ്കാരത്തിനായി വളർത്തുന്ന ഈ ഇനത്തിൽപ്പെട്ട മരങ്ങൾ മറ്റ് മരങ്ങളെ പോലെയല്ല. ഒരു പ്രദേശത്തിന്റെ സന്തുലിതാവസ്ഥയാകെ താറുമാറാക്കാനും മറ്റു വൃക്ഷങ്ങളെയും സസ്യങ്ങളെയും അപ്പാടെ നശിപ്പിക്കാനും കെൽപ്പുള്ള ഭീകരന്മാരാണ് ഇവർ. പ്രത്യേക രാസസ്വഭാവമുള്ള ചെടിയായതിനാൽ മണ്ണിന്റെ ഘടനയെ തന്നെ മാറ്റുന്നു. ചില റേഡിയേഷൻ സ്വഭാവവും ഉണ്ടെന്നാണ് പറയപ്പെടുന്നത്. മരം മുറിക്കുന്നവർക്ക് പല ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. പനി, ജലദോഷം, ചൊറിച്ചിൽ എന്നിവ എല്ലാ ദിവസവും അനുഭവിക്കുന്നുണ്ട്. കണ്ണിൽ പൊടിവീണാൽ പ്രശ്നമാണ്. മൂക്കിലേക്ക് കയറിയാൽ മൂക്കിൽനിന്നും രക്തം വരുന്നുണ്ടെന്നും മരം മുറിച്ചുമാറ്റിയവർ പറയുന്നു.

മഞ്ഞക്കൊന്ന (Photo: X/@PrapancaMAnudan)
മഞ്ഞക്കൊന്ന (Photo: X/@PrapancaMAnudan)

അതിക്രമകാരികൾ എന്ന് വിശേഷിപ്പിക്കാവുന്ന സെന്നാ സ്പെക്ടബിലിസിന്റെ ജന്മദേശം അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 15 മീറ്റർ മുതൽ 20 മീറ്റർ വരെ ഉയരത്തിൽ ഇവ വളരും. നിറഞ്ഞു പൂക്കുന്ന ഈ മരങ്ങൾ ആയിരക്കണക്കിന് വിത്തുകളും ഉത്പാദിപ്പിക്കും. ചില്ലകൾകൊണ്ട് നിബിഡമായ ഇവ വളരുന്ന പ്രദേശത്ത് മറ്റ് സസ്യങ്ങൾക്കോ പുല്ലുകൾക്കോ പോലും വളരാനുള്ള സാഹചര്യം ഉണ്ടാവില്ല. അങ്ങനെ ഒരു പ്രദേശമാകെ ചെറിയ കാലയളവിനുള്ളിൽ കയ്യടക്കിവച്ച് നാശമാക്കുന്നതാണ്  സെന്നാ സ്പെക്ടബിലിസിന്റെ രീതി. ഇതോടെ സസ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരെ ഉണ്ടാവാറുണ്ട്.

(Photo: X/@supriyasahuias)
(Photo: X/@supriyasahuias)

കടുവാ സങ്കേതത്തിന്റെ 1500 ഹെക്ടറോളം വരുന്ന പ്രദേശത്ത് മരങ്ങൾ പടർന്ന് പിടിച്ചിരുന്നു. കടുവാ സങ്കേതത്തിനുള്ളിലെ നാല് സ്വകാര്യ എസ്റ്റേറ്റുകളിൽ അലങ്കാര മരം എന്ന നിലയിൽ ഇവ വളർത്തിയതാണ് എല്ലാത്തിന്റെയും തുടക്കം. വനത്തിനും പരിസരപ്രദേശങ്ങൾക്കും ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയതോടെ അവ നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.  തമിഴ്നാട് ന്യൂസ് പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് മരങ്ങൾ മുറിച്ചുമാറ്റി നീക്കം ചെയ്തത്. ഇവയിൽ നിന്നും പേപ്പർ പൾപ്പ് നിർമിക്കാനാണ് തീരുമാനം. 

കടുവാ സങ്കേതത്തിനുള്ളിലെ സ്വകാര്യ എസ്റ്റേറ്റുകളിൽ നിന്നും മരങ്ങൾ മുറിച്ച് നീക്കം ചെയ്യണമെന്നും കോടതി ഉത്തരവായിട്ടുണ്ട്. ഇത് എസ്റ്റേറ്റ് ഉടമകളുടെ സ്വന്തം ചിലവിൽ നടത്തണമെന്നും നിർദ്ദേശമുണ്ട്. വേനൽ കടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ മരങ്ങൾ നീക്കം ചെയ്യുന്നത് കാട്ടുതീ പടരാനുള്ള സാധ്യത കുറയ്ക്കുമെന്നും മുതുമല കടുവാ സങ്കേതത്തിന്റെ ഫോറസ്റ്റ് കൺസർവേറ്ററും ഫീൽഡ് ഡയറക്ടറുമായ ഡി. വെങ്കിടേഷ് പറയുന്നു. 

മുറിച്ച മഞ്ഞക്കൊന്നയുടെ തടി നീക്കം ചെയ്യുന്ന തൊഴിലാളികൾ (Photo: X/@30stades)
മുറിച്ച മഞ്ഞക്കൊന്നയുടെ തടി നീക്കം ചെയ്യുന്ന തൊഴിലാളികൾ (Photo: X/@30stades)

ദക്ഷിണേന്ത്യയിലെ മറ്റ് പല വനങ്ങളിലും സെന്നാ സ്പെക്ടബിലിസ് കടന്നു കയറിയിട്ടുണ്ട്. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ജൈവവൈവിധ്യത്തെ ഇവ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. കേരളത്തിൽ 1986ൽ വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ തണൽ മരങ്ങൾ എന്ന നിലയിൽ ഇവ നട്ടുവളർത്തിയിരുന്നു. എന്നാൽ രണ്ടു പതിറ്റാണ്ടുകൾക്ക് ഇപ്പുറമാണ് ഇവ എത്രത്തോളം മാരകമാണെന്ന് വനംവകുപ്പിന് പോലും തിരിച്ചറിയാനായത്. നിലവിൽ രാസവസ്തുക്കളടക്കം ഉപയോഗിച്ച് അവയെ നീക്കം ചെയ്യാനുള്ള മാർഗങ്ങളും സംസ്ഥാന  ഭരണകൂടങ്ങൾ സ്വീകരിച്ചു വരുന്നുണ്ട്.

English Summary:

Tamil Nadu's Forest Frontlines: How Senna spectabilis Became an Ecological Outlaw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT