വെള്ളച്ചാട്ടം കോളജിന് അടുത്ത്, നിറയെ കയങ്ങളും കിടങ്ങുകളുമുള്ള അപകടകാരി; ഡോണലും അക്സയും ഇവിടേക്കെത്തിയത് നടന്ന്
Mail This Article
തൊടുപുഴ∙ ശനിയാഴ്ച അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ച മുട്ടം എൻജിനീയറിങ് കോളജ് വിദ്യാർഥികളായ ഡോണൽ ഷാജിയും അക്സ റെജിയും നടന്നാണ് ഇവിടേക്കെത്തിയതെന്നു വിവരം. കോളജിൽനിന്നു 3 കി.മീ താഴെ മാത്രമേ ഇവിടേക്ക് ദൂരമുണ്ടായിരുന്നുള്ളൂ. കൊല്ലത്തെ വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ അക്സ, ഡോണലിനൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതെന്നാണ് സൂചന.
അധികം ആളുകൾക്കൊന്നും പരിചിതമല്ലാത്ത വെള്ളച്ചാട്ടമാണ് അരുവിക്കുത്ത്. കാഴ്ചയിൽ മനോഹരമാണെങ്കിലും കയങ്ങൾ നിറഞ്ഞ മേഖലയാണെന്നു പ്രദേശവാസികൾ പറഞ്ഞു. അപകടം പതിയിരിക്കുന്ന ഇടമായതിനാൽ തന്നെ മേഖലയിലേക്ക് അധികം സന്ദർശകർ എത്തിയിരുന്നില്ല. ഇവിടെയാണ് ഇന്നലെ വൈകീട്ടോടെ വിദ്യാർഥികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥികളുടെ ബാഗും ഫോണും മറ്റും കടവിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെയും അഗ്നിരക്ഷാ സംഘത്തെയും അറിയിച്ചത്.
മലങ്കര ഡാമിലേക്ക് ഒഴുകുന്ന തൊടുപുഴയാറിന്റെ കൈവഴിയാണ് അരുവിക്കുത്ത്. മലങ്കര ഡാമിനു കുറച്ചു മുന്‍പായി തൊടുപുഴ മൂലമറ്റം റോഡിൽ നിന്നും ഉള്ളിലേക്കുള്ള ഒരു ചെറിയ മൺപാതയിലൂടെ വേണം വെള്ളച്ചാട്ടത്തിലേക്ക് എത്താൻ. ഡോണലും അക്സയും ഇതുവഴിയാണ് വെള്ളച്ചാട്ടത്തിലേക്ക് എത്തിയതെന്നാണ് വിവരം. വെള്ളം കുത്തിയൊഴുകി രൂപപ്പെട്ട കുഴികളും കിടങ്ങുകളും ഉള്ളതിനാൽ ഇവിടെ ഇറങ്ങുന്നത് അപകടമാണ്. ഇക്കാര്യം സൂചിപ്പിക്കുന്ന ബോർഡുകൾ ഇവിടെയില്ല എന്നതും വിദ്യാർഥികളുടെ മരണത്തിലേക്കു നയിച്ചിരിക്കാം. മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഒന്നും തന്നെയില്ലെന്നു പ്രദേശവാസികൾ ആരോപിക്കുന്നു.
അതേസമയം വിദ്യാർഥികളുടെ മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്നും ഉടൻ ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും. ഇവിടെ വച്ചായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ മുട്ടം പൊലീസ് അപകടമരണത്തിന് കേസ് റജിസ്ടർ ചെയ്തിട്ടുണ്ട്.