ബട്ടൻസ് മുതൽ റോക്കറ്റിൽ വരെ പ്ലാസ്റ്റിക്; 800 കോടി ജനങ്ങൾക്ക് ഒരേയൊരു ഭൂമിയും
Mail This Article
കല്ലിൽ നിന്നും തീക്കുണ്ടത്തിലേക്കും ആറ്റത്തിൽ നിന്നും ആണവ റിയാക്ടറിലേക്കും മാനവന്റെ ചിന്ത വളർന്നതും ശാസ്ത്രസാങ്കേതിക വിദ്യകളുടെ പിൻബലവും കൂടിയായപ്പോൾ വികസനത്തിന്റെ പുതിയ ചക്രവാളങ്ങളാണ് രൂപപ്പെട്ടത്. ഒരു വശത്ത് വളർച്ചയുടെയും വികസനത്തിന്റെയും പളപളപ്പ്. മറുവശത്ത് പ്രകൃതി വിഭവങ്ങൾ ഒന്നൊന്നായി കളമൊഴിയുന്നു. ഉള്ളവയാകട്ടെ നാശത്തിന്റെയും മലിനീകരണത്തിന്റെയും പടിവാതിൽക്കലിൽ.
ജനസംഖ്യ 800 കോടി കവിഞ്ഞു. വനങ്ങൾ, പുഴകൾ, കണ്ടൽ കാടുകൾ, തണ്ണീർത്തടങ്ങൾ, കാവുകൾ, ജലസ്രോതസ്സുകൾ എന്നിവയുടെ അളവിൽ ക്രമാനുഗതമായി കുറവ് അനുഭവപ്പെടുന്നു. ഭൂമിക്ക് ചൂടുകൂടുന്നു. കാലാവസ്ഥാ മാറ്റം കൺമുന്നിലെ പൊള്ളുന്ന യാഥാർത്ഥ്യമാണ്. നാളിതുവരെയുള്ള ചൂടിന്റെ കണക്കിൽ 2023 ഏറ്റവും വലിയ ചൂടായിരുന്നു എന്നാണ് ലോക കാലാവസ്ഥ ഓർഗനൈസേഷന്റെ നിഗമനം. എന്നാൽ 2024 അതിനേക്കാൾ കൂടുതൽ ചൂടാണ് ഭൂമിക്ക് നൽകിയത്. ഉഷ്ണ തരംഗവും സൂര്യതാപവും വ്യാപകമായി മാറി. ദുബായ്, അബുദാബി, ഒമാൽ തുടങ്ങിയ രാജ്യങ്ങളിൽ വലിയ മഴയായിരുന്നു.
വരാനിരിക്കുന്നത് വലിയ മഴയോ
വർധിച്ച ചൂടിന് കാരണമായ എൽനിനോ പ്രതിഭാസത്തിന്റെ ശക്തികുറഞ്ഞു വരുന്നതായും ലാ നിനാ പ്രതിഭാസം വരുന്നുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പും സ്വകാര്യ ഏജൻസികളും ഓസ്ട്രേലിയൻ കാലാവസ്ഥാ വിഭാഗവും പറയുന്നുണ്ട്. ഈ വർഷത്തെ മൺസൂൺ മഴയുടെ രണ്ടാം പാദം ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ വലിയ മഴയും പ്രളയമാകുവാനും സാധ്യത ഏറെയാണ്. വർധിച്ച മഴയും പ്രളയവും മഴ വഴിമാറിയാൽ വരൾച്ചയും എന്ന നിലയിൽ കാലാവസ്ഥ മാറിക്കഴിഞ്ഞു.
മലിനീകരണത്തിന്റെ കാണാപ്പുറങ്ങൾ
ഖരദ്രവമാലിന്യങ്ങൾ പ്രതിദിനം കൂടിവരികയാണ്. 19-ാം നൂറ്റാണ്ടിലെ പ്രധാന കണ്ടുപിടിത്തമായിരുന്നു പ്ലാസ്റ്റിക്. 1846 ൽ ഡോ: ഷോൻ ബീൻ നൈട്രോ സെല്ലുലോസ് കണ്ടുപിടിച്ചു. തുടർന്ന് 1912 ൽ ജാക്വിസ് ബ്രാൻസെൻ ബർഗർ ആണ് സുതാര്യമായ സെല്ലോഫെയ്ൻ എന്ന പ്ലാസ്റ്റിക്കിന്റെ പ്രഥമ രൂപം വികസിപ്പിച്ചത്. രൂപപ്പെടുത്താവുന്നത് (To form) എന്നർഥം വരുന്ന ഗ്രീക്ക് പദമായ പ്ലാറ്റിക്കോസിൽ നിന്നാണ് പ്ലാസ്റ്റിക് എന്ന പ്രയോഗം നിലവിൽ വന്നത്. എണ്ണയുടെ ശുദ്ധീകരണത്തിന്റെ ഫലമായുണ്ടാകുന്ന കാർബണിക രാസപദാർഥങ്ങളായ പ്രൊപ്പിലിൻ, ബ്യൂട്ടാഡൈയിൻ, സൈറീൻ, വിനൈൽ ആൽക്കഹോൾ, അക്രോലീൻ, എഥിലീൻ, എന്നിവയൊക്കെയാണ് പ്ലാസ്റ്റിക്കിന്റെ പ്രധാന അസംസ്കൃത വസ്തുക്കൾ. 1940 കളിലാണ് ഇന്ത്യയിൽ പ്ലാസ്റ്റിക് ഉൽപാദനം ആരംഭിച്ചത്.
വളരെ ലളിതവും സൗകര്യപ്രദവും മനോഹരവുമായ പ്ലാസ്റ്റിക്കിനെ വിവിധ രൂപത്തിൽ മാറ്റാവുന്നതാണ്. ചെറിയ ബട്ടൻസ് മുതൽ റോക്കറ്റുകളിൽ വരെ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. 50 മൈക്രോണിന് താഴെ കനമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾ ആണ് ഏറ്റവും അപകടകരമായിട്ടുള്ളത്. ക്യാരിബാഗുകൾക്ക് നിറം നൽകുവാൻ ഉപയോഗിക്കുന്ന കാഡ്മീയം ജീവ രാശിക്കാകെ ഹാനീകരമാകുന്ന രാസവസ്തുവാണ്. പ്ലാസ്റ്റിക്കിന്റെ ക്യാരിബാഗുകൾ സൗകര്യപ്രദമായത് കൊണ്ടും പലപ്പോഴും സൗജന്യമായതിനാലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ കൃത്യമായ സംസ്കരണം നടക്കാറില്ല. പ്ലാസ്റ്റിക് കത്തിച്ചാൽ കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, കാർബൺ മോണോക്സൈഡ് എന്നിവ ജലത്തിലും മണ്ണിലും അന്തരീക്ഷത്തിലും വ്യാപിക്കുന്നുണ്ട്. ഗൗരവകരമായ ആരോഗ്യ പ്രശ്നങ്ങളായ ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാനുള്ള സാധ്യതയും ഏറെയാണ്.
പ്ലാസ്റ്റിക് മണ്ണിൽ അലിഞ്ഞു ചേരാത്തതിനാൽ മണ്ണിലേക്ക് മഴവെള്ളം ഊർന്നിറങ്ങാനുള്ള സാഹചര്യം കുറയുകയാണ്. മാത്രമല്ല ദീർഘകാലം ചൂടും സൂര്യപ്രകാശവും ഏറ്റു കഴിഞ്ഞാൽ പ്ലാസ്റ്റിക്കിലെ രാസഘടകങ്ങൾ വിഘടിക്കുവാനും സാധ്യതയുണ്ട്. മണ്ണിന്റെ മുകൾഭാഗങ്ങളിൽ പ്ലാസ്റ്റിക് കൂടി കിടന്നാൽ ഉപരിതല നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളം കെട്ടി നിൽക്കുവാൻ ഇടയാകും. ഓടകളിലും ചാലുകളിലും നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിൽ പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളുടെ പങ്ക് വളരെ ഏറെയാണ്. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ കപ്പുകൾ എന്നിവയിൽ മഴവെള്ളം കയറിയാൽ കൊതുക് ധാരാളമായി ഉണ്ടാകുന്നതാണ്. മണ്ണിൽ കിടക്കുന്ന പ്ലാസ്റ്റിക് കഷണങ്ങൾ പക്ഷി മൃഗാദികൾ ധാരാളമായി മറ്റു ഭക്ഷ്യവസ്തുക്ക ളോടൊപ്പം കഴിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കടലിനെയും നാം വെറുതെ വിടുന്നില്ല
നിലവിലെ രീതിയിലാണ് സമുദ്രത്തിൽ പ്ലാസ്റ്റിക് നിറയുന്നതെങ്കിൽ 2050 ൽ മത്സ്യ സമ്പത്തും പ്ലാസ്റ്റിക്കും തുല്യ അളവിൽ ആകുവാൻ സാധ്യതയു ണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ലോകമാകെ കണക്കാക്കുമ്പോൾ ഓരോ മിനിറ്റിലും ഒരു മില്യൺ ടൺ പ്ലാസ്റ്റിക്കാണ് ഉപയോഗിക്കപ്പെടുന്നത്. പ്രതിദിനം 1.5 ബില്യൺ ടൺ പ്ലാസ്റ്റിക്കാണ് ഉപഭോഗം. കടൽത്തീരം കണക്കാക്കിയാൽ ഓരോ ചതുരശ്ര മീറ്ററിൽ 1.66 എണ്ണവും 1.31 ഗ്രാമുമാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം. കരയിലും വിവിധ ജലസ്രോതസ്സുകളിലും നിറയുന്ന പ്ലാസ്റ്റിക്കിന്റെ വലിയൊരു ഭാഗം സമുദ്രങ്ങളിലാണ് എത്തുന്നത്.
കേരളത്തിന്റെ തീരത്ത് 1051.2 ടൺ പ്ലാസ്റ്റിക് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാനത്ത് 120 മെട്രിക് ടൺ പ്ലാസ്റ്റിക് കവറുകൾ ആണ് ഉപയോഗിക്കുന്നത്. 2023 ലെ കേരള സർക്കാരിന്റെ കണക്കുകൾ പ്രകാരം 18% പ്ലാസ്റ്റിക്കുൾപ്പെടെയുള്ള അജൈവമാലിന്യങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്നത്. ആണവ റിയാക്ടറുകളുടെ അവശിഷ്ടങ്ങൾ ആഴക്കടലിൽ നിക്ഷേപിച്ച അമേരിക്കയുടെ നടപടി ലോകമാകെ വിമർശനത്തിന് വിധേയമാക്കപ്പെട്ട കാര്യമാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വ്യാപകമായി കടലുകളിൽ എത്തുന്നത് കൂടി കൊണ്ടാണ് കടലിന് ചൂട് വർധിക്കുന്നത് എന്ന ഒരു നിഗമനവും ഉണ്ട്. കടൽക്രമരഹിതമായി ചൂടാകുന്നതിലൂടെ കടയിലെ കാലാവസ്ഥയിലും വലിയ മാറ്റമാണ് ഉണ്ടാകുന്നത്.
ഒരേ ഒരു ഭൂമി
ലോകത്തിലെ 800 കോടി ആളുകൾക്ക് ഒരേയൊരു ഭൂമി മാത്രമേ നിലവിലുള്ളൂ. സൂര്യപ്രകാശം, ചൂട്, വായു, മണ്ണ്, ജലം, സസ്യ സമ്പത്ത് എന്നിവയെല്ലാമാണ് അടിസ്ഥാന വിഭവങ്ങൾ. നിർഭാഗ്യവശാൽ ഇവയൊന്നും മനുഷ്യർക്ക് കൃത്യമായി സൃഷ്ടിക്കാനാവില്ല. ഒരിഞ്ചു കനത്തിൽ സ്വാഭാവികമായി മണ്ണ് രൂപപ്പെടുവാൻ ആയിരം വർഷങ്ങൾ വേണം. മണ്ണൊലിപ്പിലൂടെയും മറ്റും നഷ്ടമാകുവാൻ നാലുവർഷം മതി. ഇല്ലാതാവുകയും മലിനീകരിക്കപ്പെടുകയും ചെയ്യുന്നത് മണ്ണിനും വായുവിനും ജലസമ്പത്തിനും ജൈവവസ്തുക്കൾക്കും പകരം വയ്ക്കാൻ മുന്നിൽ മറ്റൊന്നുമില്ല. ഉപഭോഗ തൃഷ്ണ കുറയുകയാണ് ഏറ്റവും പ്രധാനം.
പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പകരമായി കൂടുതൽ പ്രകൃതിക്ക് ഹാനീകരമല്ലാത്ത വസ്തുക്കൾ വ്യാപകമാക്കേണ്ടതാണ്. പേപ്പർ, തുണി, ചണം, പാള, വാഴനാര് എന്നിവ കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ നിർമാണവും ഉപയോഗവും ധാരാളമായി വ്യാപകമാക്കേണ്ടതുണ്ട്. ഖരദ്രവമാലിന്യങ്ങൾ വിവിധ തലങ്ങളിലും രൂപത്തിലും സംസ്കരിക്കപ്പെടണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക (To reduce), വീണ്ടും നിരവധി തവണ ഉപയോഗിക്കുക (To reuse), കഴിയുന്നത്ര പുനചംക്രമണം ചെയ്യുക (To recycle) എന്നിവയോടൊപ്പം പരമാവധി നിരസിക്കുക (To refuse) യും ഒഴിവാക്കുകയും (To avoid) ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പ്രകൃതി വിഭവങ്ങൾ പരമാവധി മലിനമാകാതെ കഴിയുന്നത്രകാലം നിലനിർത്തണം. തുടർവളർച്ചാ സാധ്യതയും സുസ്ഥിരതയുമുള്ള വികസന പരിപാടികളാണ് ഇനിയുമുണ്ടാകേണ്ടത്. സോളാർ എനർജി, മഴവെള്ള സംഭരണം, കാറ്റ്, തിരമാല, മാലിന്യങ്ങൾ എന്നിവയിൽ നിന്നുള്ള വൈദ്യുതി തുടങ്ങിയവ പ്രധാനമാണ്. പരിസ്ഥിതി സൗഹൃദമായ നിരവധി നിർമാണ രീതികളും ഉൽപ്പന്നങ്ങളും ആവശ്യമാണ്. പുതിയൊരു ജീവിതശൈലി തന്നെ വേണം. വിഭവങ്ങൾ കുറവാണ്, ആവശ്യങ്ങൾ ഏറെയും. അപ്പോഴും ഒരേ ഒരു ഭൂമി മാത്രമേ മുന്നിലുള്ളൂ.