ജീവികൾ ഭൂമിയിൽ നിറഞ്ഞ കാലം; ശാസ്ത്രജ്ഞരെ കുഴപ്പിച്ച കാംബ്രിയൻ വിസ്ഫോടനം
Mail This Article
400 കോടി വർഷം മുൻപാണ് ഭൂമിയിൽ ആദ്യമായി ജീവൻ ഉദ്ഭവിച്ചത്. ഒറ്റക്കോശമുള്ള ജീവികളായിരുന്നു അവ. ആ ഘട്ടം കഴിഞ്ഞ് 200 കോടി വർഷം പിന്നിട്ട ശേഷമാണ് ഏകകോശജീവികളിൽ നിന്ന് ബഹുകോശജീവികൾ ഉദ്ഭവിക്കാൻ തുടങ്ങിയത്. എന്നാൽ പിന്നീട് 150 കോടി വർഷങ്ങൾക്കുള്ളിൽ ഇന്നു കാണുന്ന തരത്തിലല്ലെങ്കിലും ജൈവവൈവിധ്യം ഭൂമിയിൽ വികസിക്കാൻ തുടങ്ങി. ഈ ഘട്ടത്തിനെയാണ് കാംബ്രിയൻ വിസ്ഫോടനകാലം എന്നറിയപ്പെടുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് വളരെപ്പെട്ടെന്നാണ് സങ്കീർണമായ ജീവിവർഗങ്ങൾ ഭൂമിയിൽ നിറഞ്ഞത്.
ആ കാലഘട്ടത്തിലെ ഫോസിലുകൾ പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. ചാൾസ് ഡാർവിനു പോലും സമസ്യകൾ സൃഷ്ടിച്ച പ്രതിഭാസമായിരുന്നു കാംബ്രിയൻ വിസ്ഫോടനം. ഇന്ന് ഇതിന് ഒരു വിശദീകരണം നൽകാനായി വിവിധ സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. കാംബ്രിയൻ വിസ്ഫോടന കാലയളവിൽ ഭൂമിയിൽ പെട്ടെന്ന് ജീവന് അനുകൂലമായ സാഹചര്യങ്ങളുണ്ടായെന്നും ഇതുമൂലമാണ് ഇത്ര പെട്ടെന്ന് ജൈവവൈവിധ്യം വികാസം പ്രാപിച്ചെന്നുമാണ് ഒരു സിദ്ധാന്തം.
എന്നാൽ രണ്ടാമതൊരു സിദ്ധാന്തം കാംബ്രിയൻ വിസ്ഫോടനത്തെ ആകെ നിരാകരിക്കുന്നു. ഇതിനും മുൻപ് തന്നെ ജൈവവൈവിധ്യമൊക്കെയുണ്ടായെന്നാണ് ഈ വിഭാഗം വാദിക്കുന്നത്.
ഏതായാലും ഇന്ന് കാംബ്രിയൻ വിസ്ഫോടന കാലം സംബന്ധിച്ച് ശാസ്ത്രജ്ഞർ തമ്മിൽ ഒരു ധാരണയായിട്ടുണ്ട്. 54.2 കോടി വർഷം മുൻപാണ് ഇതു തുടങ്ങിയതത്രേ. 5.2 കോടി വർഷം മുൻപ് നടന്ന ഒരു കൂട്ടവംശനാശത്തിൽ ഈ യുഗം അവസാനിച്ചു.