പകൽ മരത്തിൽ, രാത്രി ലയത്തിൽ; തോട്ടം തൊഴിലാളികളുടെ ഉറ്റതോഴിയായി മയിൽ
Mail This Article
ഒരു വർഷമായി മൂന്നാറിലെ തോട്ടം മേഖലയിൽ കഴിയുന്ന പെൺമയിൽ തൊഴിലാളി കുടുംബങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയത് വേറിട്ട കാഴ്ചയാകുന്നു. കന്നിമല എസ്റ്റേറ്റിലെ ടോപ് ഡിവിഷനിലാണ് കഴിഞ്ഞ ഒരു വർഷമായി മറ്റെങ്ങും പോകാതെ മയിൽ കഴിയുന്നത്. പകൽ സമയങ്ങളിൽ തൊഴിലാളി ലയങ്ങൾക്ക് സമീപം തീറ്റ തേടി നടക്കും. സമീപത്തെ മരങ്ങളിലും പാറപ്പുറത്തും വിശ്രമിക്കുന്ന മയിൽ രാത്രി ഏതെങ്കിലുമൊരു തൊഴിലാളി ലയത്തിനു മുകളിൽ കഴിച്ചുകൂട്ടും.
ടോപ് ഡിവിഷനിലെ തൊഴിലാളികളുമായി അടുത്ത സൗഹൃദത്തിലാണ് മയിൽ കഴിയുന്നത്. കുട്ടികളടക്കമുള്ളവരാരും ശല്യപ്പെടുത്താറില്ലാത്തതിനാൽ രാവിലെ മുതൽ ലയങ്ങൾക്ക് സമീപമാണ് മയിലിന്റെ വാസം. ഒരു വർഷം മുൻപ് മറ്റ് മയിലുകൾക്കൊപ്പം ചിന്നാർ മേഖലയിൽ നിന്നുമെത്തിയതാണ് ഈ പെൺമയിലെന്ന് പ്രദേശവാസികൾ പറഞ്ഞു. ലയങ്ങൾക്ക് സമീപം തീറ്റ തേടി നടക്കുമ്പോൾ തെരുവുനായ്ക്കൾ മയിലിനെ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ. നിരവധി തവണ തെരുവുനായ്ക്കൾ മയിലിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്.