അരുണാചലിൽ ചരിത്രനദി പൊടുന്നനെ കറുത്തു, പിന്നിൽ ചൈനയോ? വമ്പൻ ശുദ്ധീകരണ യജ്ഞം
Mail This Article
ചൈനയ്‌ക്കെതിരെ ഉയർന്ന ആരോപണം മൂലം പ്രശസ്തി നേടിയ കാമെങ് നദിയിൽ വലിയ ശുദ്ധീകരണ യജ്ഞവുമായി ജനങ്ങൾ. കാമെങ് റിവർ റിജുവനേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനം. സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം.
3 വർഷം മുൻപാണ് അരുണാചൽ പ്രദേശിലെ കാമെങ് നദി പൊടുന്നനെ കറുത്തതും ഇതേതുടർന്ന് ആയിരക്കണക്കിന് മത്സ്യങ്ങൾ നദിയുടെ ഉപരിതലത്തിൽ ചത്തു പൊങ്ങിയതും.
അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് ജില്ലയിൽ സംഭവിച്ച ഈ പ്രശ്നത്തിനു കാരണം നദിയിൽ അലിഞ്ഞു ചേർന്ന വസ്തുക്കളുടെ (ടോട്ടൽ ഡിസോൾവ്ഡ് സബ്സ്റ്റൻസസ്–ടിഡിഎസ്) അളവു കൂടിയതാണെന്ന് അധികൃതർ വൈകാതെ വെളിപ്പെടുത്തി. ഇതാണു നദീജലം കറുക്കാൻ കാരണം. ഇങ്ങനെ സംഭവിക്കുമ്പോൾ നദിയിലെ മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്കു ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ഇവ ചത്തുപൊങ്ങുകയും ചെയ്യും. ലീറ്ററിൽ 6800 മില്ലിഗ്രാം എന്നയളവിലായിരുന്നു കാമെങ് നദിയിലെ ടിഡിഎസ്. സാധാരണ ഗതിയിൽ ലീറ്ററിൽ 300–1200 എന്നയളവിലാണ് ഇതുണ്ടാകുന്നത്.
എന്നാൽ കാമെങ്ങിലെ തദ്ദേശവാസികൾ സംഭവത്തിനു കാരണം ചൈനയാണെന്ന് ആരോപിച്ചു. അരുണാചൽ അതിർത്തിക്കപ്പുറം ചൈനീസ് മേഖലയിൽ ചൈന ഒന്നും നോക്കാതെ വ്യാപകമായി ചെയ്യുന്ന നിർമാണപ്രക്രിയകളാണു ടിഡിഎസിന്റെ തോത് ഉയർത്തുന്നതെന്ന് അവർ പറഞ്ഞതോടെ സംഭവം ദേശീയശ്രദ്ധ നേടി. എന്നാൽ മേഖലയിൽ സംഭവിച്ച ഭൂചലനമാണ് സംഭവത്തിനു വഴിവച്ചതെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം.
ഭരാലി നദി എന്നുമറിയപ്പെടുന്ന കാമെങ് തവാങ് ജില്ലയിലെ ഹിമാലയ സാനുക്കളിൽ നിന്ന് ഉദ്ഭവിച്ച് അരുണാചൽ പ്രദേശിലൂടെയും അസമിലെ സോണിത്പുരിലൂടെയും ഒഴുകുന്നു. വൻ നദിയായ ബ്രഹ്മപുത്രയുടെ പ്രധാനപ്പെട്ട പോഷകനദികളിലൊന്നാണു കാമെങ്. 264 കിലോമീറ്ററോളം നീളമുണ്ട് ഈ നദിക്ക്. അസമിലെ പുരാതന അഹോം രാജവംശത്തിന്റെ അതിർത്തിയായി നിലകൊണ്ടതെന്ന നിലയ്ക്ക് ചരിത്രപരമായ പ്രാധാന്യവും കാമെങ്ങിനുണ്ട്. അപൂർവ മത്സ്യങ്ങളായ ഗോൾഡൻ മഹ്സീറുകളും ഈ നദിയിൽ വസിക്കുന്നു.