പേരിൽ തന്നെയുണ്ട് ഹൊറർ! ആളുകളെ കിടുക്കിക്കളയുന്ന വിചിത്രശലഭം
Mail This Article
പലയാളുകൾക്കും പലജീവികളെയാണു പേടി. ചിലർക്ക് പാറ്റകളെ, ചിലർക്ക് ചിലന്തികളെ, ചിലർക്ക് പല്ലികളെ... ഇത്തരം പേടികൾക്ക് രസകരമായ പേരുകളുമുണ്ട്. എന്നാൽ കണ്ടാൽ തന്നെ കിടുങ്ങിപ്പോകുന്ന ഒരു ജീവിയുടെ പേര് ഇതാണ്... ഓസ്ട്രേലിയൻ ഹൊറർ മോത്ത്. പേരിലുള്ള ഹൊറർ അന്വർഥമാക്കുന്ന രൂപമാണ് ഈ ശലഭത്തിന്.
ക്രീറ്റോനോട്ടസ് ഗാംഗിസ് എന്നു പേരുള്ള ഇവയിലെ ആൺ ശലഭങ്ങൾക്കാണ് വിചിത്രമായ രൂപമുള്ളത്. നാലു സെന്റിമീറ്ററോളം വീതിയുള്ള ചിറകുവിരിവാണ് ഇവയുടെ പ്രധാന പ്രത്യേകതകളിലൊന്ന്. ഇവയുടെ വയർഭാഗത്തുനിന്നും 4 നീളമുള്ള അവയവങ്ങൾ നീണ്ടുകിടക്കുന്നുണ്ട്. കോറിമാറ്റ എന്നാണ് ഇതറിയപ്പെടുന്നത്. സാധാരണ ഗതിയിൽ ഒരു ശലഭത്തെ സംബന്ധിച്ച് ഇത്തരം ശാരീരിക ഘടനയുമായി പറക്കുന്നതു ബുദ്ധിമുട്ടാണ്. എന്നാൽ ഹൊറർ മോത്തിന്റെ ഈ ഘടനകൾ അവ പറക്കുന്ന സമയത്ത് വയറോടൊട്ടി കിടക്കും.
ഇണയെ ആകർഷിക്കാനുള്ള ഫിറമോൺ പുറപ്പെടുവിക്കാനായാണ് ഈ ഘടനകൾ ഉപയോഗിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ മറ്റ് ആൺശലഭങ്ങളെ അകറ്റി നിർത്താനും ഇവയ്ക്കു സാധിക്കും. ഹൈഡ്രോക്സിഡാനൈഡാൽ എന്ന ഫിറമോണാണ് ഇവ പുറപ്പെടുവിക്കുന്നത്. ഈ ശലഭം പുഴുവായിരുന്ന കാലഘട്ടത്തു കഴിച്ച ഭക്ഷണമാണ് ഫിറമോണുകളുടെ ഗന്ധത്തെ സ്വാധീനിക്കും.
തെക്കുകിഴക്കൻ ഏഷ്യൻ മേഖലകളിലും ഇവയെ കാണാറുണ്ട്. ഹൊറർ മോത്തുകളുടെ പുഴുക്കൾ മാതള നാരകച്ചെടികളെ നന്നായി നശിപ്പിക്കാറുണ്ട്.