പൊള്ളുന്ന ഹിമാലയം, മഞ്ഞുപാളികൾ ഇല്ലാതാകും ഒപ്പം നദികളും; കുടിവെള്ളം കിട്ടാക്കനിയാകുമോ?
Mail This Article
മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളാണ് ഹിമാലയൻ മലനിരകൾ. ഹിമാലയത്തിലെ മഞ്ഞുപാളികളെക്കുറിച്ച് പുറത്തുവന്ന പുതിയ പഠനങ്ങൾ കാലാവസ്ഥാമാറ്റത്തിന്റെ സൂചനകളാണ്. അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഹിമാലയത്തിന്റെയും ആൻഡീസ് പർവതനിരകളുടെയും ഉള്ളിലുള്ള മഞ്ഞുപാളി കൾ അതിവേഗം ഉരുകുന്നതായി കണ്ടെത്തി. 10,000 വർഷ ങ്ങൾക്കിടയിലെ ഏറ്റവും വേഗത്തിലുള്ള മഞ്ഞുരുക്കമാണത്രേ ഇത്. ഹിമാലയത്തിൽ നിന്ന് ഉദ്ഭവിക്കുന്ന നദികളെ ജലസമ്പന്നമാക്കുന്നത് ഈ മഞ്ഞുപാളികളാണ്. ഇവ അതിവേഗം ഉരുകുന്നത് ആദ്യം ഈ നദികളിൽ മിന്നൽപ്രളയങ്ങൾക്ക് കാരണമാകുന്നു. മഞ്ഞുപാളികൾ നശിക്കുന്നതോടെ നദികളും ഇല്ലാതാകും. നദികളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെയാണ് ഇത് ദുരിതത്തിലാക്കുക.
ആഗോളതാപനവും ഹിമാലയവും
ആഗോളതാപനം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇന്ത്യയിൽ ഹിമാലയത്തോളം എത്തിയിരിക്കുന്നു. താപനിലയിലെ മാറ്റം അവിടത്തെ സസ്യങ്ങളെയും ജന്തുക്കളെയും ജലസ്രോതസ്സുകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്റ്റ്റി റിസർച്ച് ആന്റ് എജുക്കെയ്ഷന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഹിമാലയത്തിലെ ഹിമാനികളുടെ വിസ്തൃതി വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ 2035–ഓടെ ഇവ മുഴുവൻ അപ്രത്യക്ഷമായേക്കാം.
ഹിമാലയത്തിന്റെ താഴ്‍വാരങ്ങളിലെ പുൽമേടുകളിൽ ഏതാണ്ട് 70 ശതമാനവും നശിച്ചു കൊണ്ടിരിക്കുകയാണ്. കൊടുംതണുപ്പു കാരണം മുമ്പ് ഇവിടെ 3,000 മീറ്ററിന് മുകളിൽ വളരാതിരുന്ന പിയർ, ആപ്പിൾ, നീല പൈൻ എന്നീ മരങ്ങൾ ഇന്ന് 4,000 മീറ്ററിലും ഉയരത്തിൽ കാണാം. താപനിലയിലുണ്ടായ മാറ്റം തന്നെ കാരണം. വരൾച്ച, ശീതക്കാറ്റ്, വലിയ മഞ്ഞുവീഴ്ചയോടുകൂടിയ അതിശീത കൊടുങ്കാറ്റ് എന്നിവയും ഇവിടെ വർധിച്ചു വരികയാണ്.
കുടിവെള്ളം ഒരു സ്വപ്നം
കുടിവെള്ളം കിട്ടാതാകുന്ന അവസ്ഥയിലേക്കാണ് ആഗോള താപനം ലോകത്തെ കൊണ്ടെത്തിക്കുക! കാലാവസ്ഥാ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. ഭൂമിയും അന്തരീക്ഷവും ചുട്ടുപൊള്ളുന്നതോടെ ജലസ്രോതസ്സുകൾ വറ്റി വരളും. ഇതൊരു യാഥാർഥ്യമാണെന്ന് കോമിക്സ് എന്ന ഇന്ത്യൻ ഗ്രാമത്തിന്റെ അവസ്ഥ തെളിയിക്കുന്നു. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിലൊന്നായ കോമിക് ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‍വരയിലാണു ള്ളത്. ഹിമാലയത്തിലെ മഞ്ഞുറവകളിൽ നിന്നുള്ള മനുഷ്യ നിർമിതമായ ചാലുകളാണ് ഈ ഗ്രാമത്തിന്റെ കുടിവെള്ള സ്രോതസ്. കൃഷിക്കും വീട്ടാവശ്യത്തിനുമെല്ലാം ഗ്രാമവാസികൾ ആശ്രയിച്ചിരുന്ന ഈ വെള്ളച്ചാലുകൾ ഇന്ന് ഇല്ലാതായി ക്കൊണ്ടിരിക്കുന്നു.
കടുത്ത ജലക്ഷാമത്തിലേക്കാണ് നമ്മുടെ രാജ്യം പോയി ക്കൊണ്ടിരിക്കുന്നത്. കേന്ദ്രകാർഷിക ഗവേഷണ കേന്ദ്രമാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2025 ആകുമ്പോഴേക്കും ഇന്ത്യയിൽ ജലക്ഷാമം രൂക്ഷമാകും. ആറുവർഷത്തിനുള്ളിൽ ഇന്ത്യയിലെ ആളോഹരി ജലസമ്പത്ത് 15,00,000 ലീറ്ററാകും. 1950–ൽ 50,00,000 ലീറ്ററായിരുന്നു ഇത്. ഇന്ത്യയിലെ ജലസമ്പത്തിന്റെ 80 ശതമാനവും കൃഷിക്കാണ് ഉപയോഗിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ ഇന്ത്യ പല കൃഷികളിൽ നിന്നും പിന്തിരിയേണ്ടിവരും!
English Summary: Climate change is roasting the Himalaya region