ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രവചനാതീതമായ ദുരന്തത്തിലേക്കു ലോകം കൂപ്പുകുത്തുമെന്ന മുന്നറിയിപ്പുമായി 11,258 ശാസ്ത്രജ്ഞരാണ് രംഗത്തെത്തി. 153 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ഒപ്പിട്ട പ്രബന്ധത്തിലാണ് ഹരിതഗ‍ൃഹവാതക വർധനയ്ക്കു കാരണമായ പ്രവർത്തനങ്ങൾ അടിയന്തരമായി നിയന്ത്രിക്കണമെന്ന മുന്നറിയിപ്പുള്ളത്. ലോകമെങ്ങും അവർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഊർജോപയോഗം, ഉപരിതല താപനില, ജനസംഖ്യ വർധന, കുന്നിടിക്കൽ, വനനശീകരണം, ധ്രുവങ്ങളിലെ മഞ്ഞുരുകൽ, കാർബൺ ബഹിർഗമനം, മൊത്തം ആഭ്യന്തര ഉൽപാദനം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്.

climate change

യുഎസിലെ ഓറിഗൻ സ്റ്റേറ്റ് സർവകലാശാലയിലെ പരിസ്ഥിതിശാസ്ത്ര അധ്യാപകരായ വില്യം ജെ.റിപ്പിൾ, ക്രിസ്റ്റഫർ വൂൾഫ് എന്നിവർ നേതൃത്വം നൽകുന്ന സംഘം കഴിഞ്ഞ 40 വർഷത്തെ വിവരങ്ങളാണ് വിലയിരുത്തിയത്. ഇന്ത്യയിൽ നിന്നുള്ള 69 ശാസ്ത്രജ്ഞരും സംഘത്തിലുണ്ട്.

ഭൂമിയിലെ നിരവധി ജീവിവർഗങ്ങൾ ഇല്ലാതായതിന് ഒരു കാരണം മനുഷ്യന്റെ പ്രവർത്തനങ്ങളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭൗമാന്തരീക്ഷത്തിലെ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വർധിച്ചാൽ ഭൂമിയിലെ സസ്യജന്തുവർഗങ്ങളിൽ മൂന്നിലൊന്ന് നാശത്തിന്റെ വക്കിലേക്ക് തള്ളപ്പെടും.

2050 ഓടെ വായുമലിനീകരണം കുറച്ചു കൊണ്ടു വന്നാൽ പത്തുലക്ഷം ജീവൻ രക്ഷിക്കാൻ കഴിയും. ഓരോ വർഷവും ലോകമെങ്ങും എഴുപതുലക്ഷം പേരെയാണ് വായുമലിനീകരണം കൊന്നൊടുക്കുന്നത്. കാലാവസ്ഥാമാറ്റത്തിന് ഇടയാക്കുന്ന കാര്യങ്ങൾ തന്നെയാണ് മനുഷ്യർക്കും അപകടമുണ്ടാക്കുന്നത്. ഫോസിൽ  ഇന്ധനങ്ങൾ കത്തിക്കുന്നതു മൂലമുണ്ടാകുന്ന വാതകങ്ങളാണല്ലോ വായുമലിനീകരണവും ഒപ്പം, ആഗോളതാപനവും ഉണ്ടാക്കുന്നത്. 

Rain

ഭൂമിയിലെ ജീവിവർഗങ്ങളിൾ പ്രകൃതിയോട് ഏറ്റവുമധികം ദ്രോഹം ചെയ്യുന്നത് മനുഷ്യൻ തന്നെയാണ്. മറ്റൊരു ജീവിയും ഉപയോഗിക്കാത്ത രീതിയിൽ നാം പ്രകൃതിയിലെ ഊർജ സ്രോതസ്സുകളെ ചൂഷണം ചെയ്തുകൊണ്ടേയിരിക്കുന്നു. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ മുതൽ ആകാശത്ത് വിമാനം പറത്താൻ വരെ നമുക്ക് ഫോസിൽ ഇന്ധനങ്ങൾ വേണം. ഊർജാവശ്യങ്ങൾക്ക് ആദ്യകാലത്ത് കല്‍‍ക്കരിയെ യാണ് ആശ്രയിച്ചിരുന്നത്. പിന്നീടിങ്ങോട്ട് പെട്രോളും ഡീസലും പ്രകൃതിവാതകവുമൊക്കെ യാതൊരു നിയന്ത്രണ വുമില്ലാതെ കത്തിക്കാൻ തുടങ്ങി. ഈ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കൂടിയായതോടെ അന്തരീക്ഷത്തിലേക്കെത്തുന്ന കാർബൺ ഡയോക്സൈഡിന്റെ അളവും വർധിച്ചു. 

മനുഷ്യന്റെ ഊർജാവശ്യങ്ങൾ നിയന്ത്രിക്കാതെ രക്ഷയില്ല. പ്രകൃതിക്ക് പരിക്കേൽപിക്കാത്ത ഊർജരൂപങ്ങളുടെ ഉപയോഗത്തിലേക്ക് മനുഷ്യൻ മാറേണ്ട കാലം അതിക്രമിച്ചു എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നത്. അല്ലെങ്കിൽ, ഭൂമിയെ നശിപ്പിച്ച ജീവിവർഗമെന്നായിരിക്കും മനുഷ്യൻ വിശേഷിപ്പിക്കപ്പെടുക! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com