ADVERTISEMENT

ആഗോളതാപനം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇന്ത്യയിൽ ഹിമാലയത്തോളം എത്തിയിരിക്കുന്നു. താപനിലയിലെ മാറ്റം അവിടത്തെ സസ്യങ്ങളെയും ജന്തുക്കളെയും ജലസ്രോതസ്സുകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്റ്റ്റി റിസർച്ച് ആന്റ് എജ്യുക്കേഷന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഹിമാലയത്തിലെ ഹിമാനികളുടെ വിസ്തൃതി വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ 2035–ഓടെ ഇവ മുഴുവൻ അപ്രത്യക്ഷമായേക്കാം. ഹിമാലയത്തിന്റെ താഴ്‍വാരങ്ങളിലെ പുൽമേടുകളിൽ ഏതാണ്ട് 70 ശതമാനവും നശിച്ചു കൊണ്ടിരിക്കുകയാണ്. കൊടുംതണുപ്പു കാരണം മുമ്പ് ഇവിടെ 3,000 മീറ്ററിന് മുകളിൽ വളരാതിരുന്ന പിയർ, ആപ്പിൾ, നീല പൈൻ എന്നീ മരങ്ങൾ ഇന്ന് 4,000 മീറ്ററിലും ഉയരത്തിൽ കാണാം. താപനിലയിലുണ്ടായ മാറ്റം തന്നെ കാരണം. വരൾച്ച, ശീതക്കാറ്റ്, വലിയ മഞ്ഞുവീഴ്ചയോടുകൂടിയ അതിശീത കൊടുങ്കാറ്റ് എന്നിവയും ഇവിടെ വർധിച്ചു വരികയാണ്. 

Himalaya mountain

കരയിലൂടെ സാവധാനം നീങ്ങുന്ന വലിയ ഹിമപാളിയാണ് ഹിമാനി (Glacier). തുടർച്ചയായി മഞ്ഞുവീഴുന്ന സ്ഥലങ്ങളിൽ ഹിമപരലുകൾ ഒട്ടിച്ചേർന്ന് ഉയർന്ന സമ്മർദ്ദത്തിൽ കട്ടപിടിച്ചാണ് ഇവ രൂപപ്പെടുന്നത്. ഭാരം വല്ലാതെ കൂടുമ്പോൾ ഇവ പതിയെ തെന്നിനീങ്ങും. ഒപ്പം, വലിയ പാറക്കഷണങ്ങളും നീങ്ങിക്കൊണ്ടിരിക്കും. ഹിമാലയത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന നദികളെ എന്നും ജലസമ്പന്നമാക്കുന്നത് ഹിമാനികളാണ്. ആഗോളതാപനത്തെ തുടർന്ന് ഇവ ഉരുകുന്നത് വൻ ദുരന്തങ്ങൾക്ക് കാരണമാകും. 

മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളാണ് ഹിമാലയൻ മലനിരകൾ. ഹിമാലയത്തിലെ മഞ്ഞുപാളികളെക്കുറിച്ച് പുറത്തുവന്ന പുതിയ പഠനങ്ങൾ കാലാവസ്ഥാമാറ്റത്തിന്റെ സൂചനകളാണ്. അമേരിക്കയിലെ ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഹിമാലയത്തിന്റെയും ആൻഡീസ് പർവതനിരകളുടെയും ഉള്ളിലുള്ള മഞ്ഞുപാളി കൾ അതിവേഗം ഉരുകുന്നതായി കണ്ടെത്തി. 10,000 വർഷ ങ്ങൾക്കിടയിലെ ഏറ്റവും വേഗത്തിലുള്ള മഞ്ഞുരുക്കമാണത്രേ ഇത്. ഹിമാലയത്തിൽ നിന്ന് ഉദ്ഭവിക്കുന്ന നദികളെ ജലസമ്പന്നമാക്കുന്നത് ഈ മഞ്ഞുപാളികളാണ്. ഇവ അതിവേഗം ഉരുകുന്നത് ആദ്യം ഈ നദികളിൽ മിന്നൽപ്രളയങ്ങൾക്ക് കാരണമാകുന്നു. മഞ്ഞുപാളികൾ നശിക്കുന്നതോടെ നദികളും ഇല്ലാതാകും. നദികളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെയാണ് ഇത് ദുരിതത്തിലാക്കുക.

English Summary: Himalayan glaciers melting at alarming rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com