ADVERTISEMENT

കോട്ടയം ∙ കടുത്ത വേനലെത്തും മുൻപേ ജില്ലയിലെ ജലാശയങ്ങൾ വറ്റുന്നു. ശുദ്ധജല വിതരണം ഭീഷണിയിൽ. ഹൈഡ്രോളജി വകുപ്പിന്റെ കണക്കു പ്രകാരം മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിലെ ജലവിതാനം അടിസ്ഥാന നിരപ്പിനേക്കാൾ താഴേക്കു പോയി. മീനച്ചിലാറ്റിൽ പേരൂർ ഭാഗത്ത് അടിസ്ഥാന നിരപ്പിനെ അപേക്ഷിച്ച് 9 സെന്റീമീറ്റർ കുറവാണ്.

പാലായിൽ ഇത് 1.2 മീറ്റർ കുറവാണ്. മണിമലയാറ്റിൽ മണിമല ടൗണിലെ ഗേജിൽ അടിസ്ഥാന നിരപ്പിനെ അപേക്ഷിച്ച് 68 സെന്റീമീറ്റർ വെള്ളം ഇപ്പോൾത്തന്നെ കുറവാണ്. മുണ്ടക്കയത്ത് അളവെടുക്കാൻ സാധിക്കാത്തവണ്ണം വെള്ളം താഴേക്കു പോയി.

കടുത്ത വരൾച്ചയിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്. കോട്ടയം നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലമെത്തിക്കുന്ന പൂവത്തുംമൂട് പമ്പ് ഹൗസിൽ ഇപ്പോൾ വെള്ളം ലഭ്യമാണ്. എന്നാൽ മീനച്ചിലാറ്റിൽ ജലനിരപ്പ് കുറയുന്നത് ആശങ്കയുണ്ടാക്കുന്നു.

2004ലെ വരൾച്ച

കോട്ടയം നഗരത്തിലേക്ക് ശുദ്ധജല വിതരണം നടത്തുന്ന പൂവത്തുംമൂട് പദ്ധതിയെ പ്രതിസന്ധിയിലാക്കിയ വരൾച്ച 2004ൽ. അന്ന് ശുദ്ധജല പദ്ധതിയുടെ കിണർ വറ്റിവരണ്ടു. മീനച്ചിലാറ്റിലൂടെ തോട് വെട്ടിയാണ് അന്ന് കയങ്ങളിൽ നിന്ന് വെള്ളമെത്തിച്ച് പമ്പിങ് നടത്തിയത്.

സ്ഥിതി ഇങ്ങനെ

പാലാ നഗരത്തിൽ വെള്ളം എത്തിക്കുന്ന മീനച്ചിലാറ്റിലെ മുരിക്കുംപുഴ പാലത്തിനു സമീപത്തെയും പരുത്തിക്കടവിലെയും പമ്പ് ഹൗസിൽ ഇപ്പോൾ ജലം ലഭ്യമാണ്. മുരിക്കുംപുഴ പാലം കിണറ്റിൽ വെള്ളം കുറയുന്നതിനനുസരിച്ച് കളരിമാക്കൽ തടയണയിൽ നിന്നു വെള്ളം പൈപ്പ് വഴി കിണറിന് സമീപത്തെത്തിച്ച് കിണർ റീചാർജ് ചെയ്യാനാണ് ജല അതോറിറ്റി ലക്ഷ്യമിട്ടിരിക്കുന്നത്.

ഈരാറ്റുപേട്ട മേഖലയിൽ ആറ്റിലെ ഒഴുക്ക് നിലച്ചെങ്കിലും ശുദ്ധജല പദ്ധതികളുടെ കയങ്ങളിൽ വെള്ളമുണ്ട്. ഇതു വേഗത്തിൽ കുറയുന്നതായി നാട്ടുകാർ പറയുന്നു. മണിമലയാറ്റിലും ചെക്ക് ഡാമുകളുടെ അര കിലോമീറ്റർ പരിധിയിലാണ് വെള്ളം ലഭ്യമാകുന്നത്. ശുദ്ധജല പദ്ധതികൾ ഇപ്പോൾ പ്രതിസന്ധിയിലായിട്ടില്ലെങ്കിലും വെള്ളം കുറഞ്ഞു വരുന്നതു ഭീഷണി സൃഷ്ടിക്കുന്നു. ചെറുശുദ്ധജല പദ്ധതികളിലെ വെള്ളം കുറഞ്ഞതിനാൽ പമ്പിങ്ങിന്റെ അളവ് കുറച്ചിട്ടുണ്ട്.

നടപടിയുമായി ജലവിഭവ വകുപ്പ്

ജല ദുരുപയോഗം കർശനമായി തടയാൻ പരിശോധനകളുമായി ജലവിഭവ വകുപ്പ്. അസിസ്റ്റന്റ് എൻജിനീയർമാരുടെ കീഴിൽ സ്ക്വാഡുകൾ രൂപീകരിച്ചാണ് നടപടി. ശുദ്ധജലം പാഴാക്കുന്നതു ശ്രദ്ധയിൽപെട്ടാൽ കണക്‌ഷൻ റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. കുടിശികയുള്ള കണക്‌ഷനുകൾ കട്ട് ചെയ്യുന്നതിനുള്ള നടപടിയുമെടുക്കുന്നുണ്ട്.

വെള്ളം പാഴാക്കരുത്

‌∙ ഗാർഹികാവശ്യത്തിനെടുത്ത കണക്‌ഷനുകളിൽ നിന്ന് മറ്റാവശ്യങ്ങൾക്ക് വെള്ളമെടുക്കരുത്.

∙ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ വെള്ളം അമിതമായി ഉപയോഗിച്ചാൽ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തില്ല. വെള്ളം ഉപയോഗിക്കുമ്പോൾ ഇതു മനസ്സിൽ വയ്ക്കുക.

∙ കെട്ടിട നിർമാണം, കൃഷി ആവശ്യം, കന്നുകാലികളെ കുളിപ്പിക്കൽ, കിണറ്റിലേക്ക് ഹോസ് ഉപയോഗിച്ച് വെള്ളം നിറയ്ക്കൽ എന്നിവ ഗാർഹിക കണക്‌ഷനിൽ നിന്ന് ഒഴിവാക്കണം.

∙ പൊതു ടാപ്പുകളിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളം ദുരുപയോഗം ചെയ്യാതിരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com