ADVERTISEMENT

അന്റാർട്ടിക്കയിൽ താപനില റെക്കോർഡ് നിലയിൽ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതോടെ ഇവിടെ വൻതോതിൽ മഞ്ഞുരുക്കവും സംഭവിക്കുന്നു. ഇത്തരത്തിൽ ഉരുകിയ മഞ്ഞുപാളികൾക്കടിയിൽ ഇത്രനാളും ഒളിഞ്ഞിരുന്ന ഒരു ദ്വീപ് കണ്ടു പിടിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷകർ.

പൈൻ ഐലൻഡ് ബേയ്ക്കു സമീപത്തുകൂടി കപ്പലിൽ യാത്ര ചെയ്യുകയായിരുന്ന ത്വയ്റ്റ്സ്  ഓഫ്ഷോർ റിസേർച് പ്രോജക്ടിലെ ഗവേഷകരാണ്  വിൻസർ കാസിലിനോളം വലുപ്പമുള്ള ദ്വീപ് കണ്ടത്. നോർസ്‌ ദേവതയായ സിഫിന്റെ പേരാണ് പുതിയതായി കണ്ടെത്തിയ ദ്വീപിന് ഗവേഷകർ നൽകിയിരിക്കുന്നത്. 1240 അടി നീളവും 520 അടി വീതിയു മാണ് സിഫ് ദ്വീപിനുള്ളത്. ആകെ വലുപ്പം 634400 ചതുരശ്രയടിയാണ്. 

മഞ്ഞു പാളികൾക്കടിയിൽ നിന്നും ദ്വീപ് എത്ര നാളുകൾക്കു മുൻപാണ് ദൃശ്യമായത് എന്നതു സംബന്ധിച്ച് ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നിരുന്നാലും സാറ്റ്‌ലെറ്റ് രേഖകളും ദ്വീപിന്റെ ചിത്രങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 2010 മുതൽ സിഫ്‌ ദ്വീപ് ദൃശ്യമായി തുടങ്ങിയിരിക്കാമെന്ന് കാലാവസ്ഥ ഗവേഷകനായ പീറ്റർ നെഫ് അഭിപ്രായപ്പെട്ടു. അസാധാരണമായി താപനില ഉയർന്നതിനാലാണ് ദ്വീപ് കണ്ടെത്താനായതെന്നും ഗവേഷണ സംഘം വ്യക്തമാക്കി.

ഗ്രാനൈറ്റ് കൊണ്ട് നിർമിതമായ പാറക്കൂട്ടങ്ങളാണ് ദ്വീപിലുള്ളത്. ബഹിരാകാശ ഉപഗ്രഹങ്ങൾക്ക്‌ കണ്ടെത്താനാവുന്നത്ര വലുപ്പമുണ്ടെങ്കിലും ഇത്രനാളും ഇത് മഞ്ഞുപാളികൾക്കടിയിൽ മറഞ്ഞിരിക്കുകയായിരുന്നു. ദ്വീപിനെ പറ്റി കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി സാമ്പിളുകളും ഗവേഷകർ ശേഖരിച്ചിട്ടുണ്ട്. ദ്വീപിനെപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നും വളരെയധികം വിവരങ്ങൾ ശാസ്ത്രലോകത്തിന് കണ്ടെത്താനാകുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് വെർജീനിയയിലെ ഭൂതത്വശാസ്ത്രജ്ഞനായ ലോറൻ സിംകിൻസിന്റെ പ്രതീക്ഷ.

ഉയർന്ന താപനില മൂലം  മഞ്ഞുരുകുന്ന ആദ്യത്തെ ദ്വീപല്ല സിഫ്.  അന്റാർട്ടിക്കയിലെ പ്രധാന ദ്വീപുകളിലൊന്നായ ഈഗിൾ ഐലൻഡിൽ ഉയർന്ന താപനില മൂലം 10 ദിവസംകൊണ്ട് 20 ശതമാനം മഞ്ഞുരുകിയതായി ബഹിരാകാശ ഉപഗ്രഹങ്ങളിൽ നിന്നും ലഭിച്ച ചിത്രങ്ങളിലൂടെ വ്യക്തമായിരുന്നു.

English Summary: Hidden island uncovered in Antarctica after melting glaciers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com