ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഭൂമിയില്‍ ഏറ്റവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് അന്‍റാര്‍ട്ടിക്ക്. ഈ പ്രതിസന്ധിക്കിടയിലാണ് പതിനായിരക്കണക്കിന് ചെറു ഭൂചലനങ്ങള്‍  ഭൂഖണ്ഡത്തിൽ കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നത്. ഈ ഭൂചലനങ്ങള്‍ ആഗോളതാപനവുമായി നേരിട്ട് ബന്ധമില്ല. എന്നാല്‍ ഭൂചലനങ്ങള്‍ അന്‍ററാര്‍ട്ടിക്കിലെ നിർണായകമായ മഞ്ഞുപാളികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തുന്നത്..

സജീവമായ അഗ്നിപര്‍വതം

ഏറെനാളായി സജീവമല്ലാത്ത ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതോടെയാണ് ഈ ഭൂചലനങ്ങള്‍ ആരംഭിച്ചത്. അന്‍റാര്‍ട്ടിക് മേഖലയുടെ അടിയിലായാണ് ഈ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പുറത്തേക്ക് അഗ്നിപര്‍വതത്തിന്‍റെ പൊട്ടിത്തെറി ദൃശ്യമല്ല. എന്നാല്‍ അഗ്നിപര്‍വതത്തിന്‍റെ സജീവമാകല്‍ അന്‍റാര്‍ട്ടിക്കിനെ ബാധിച്ചത് തുടര്‍ ചലനങ്ങളായാണ്. ഈ അഗ്നിപര്‍വതമാണ് 2020 ഓഗസ്റ്റ് മുതല്‍ 85000 ത്തില്‍ അധികം ഭൂചലനങ്ങള്‍ക്ക് കാരണമായതും. 2020 നവംബറോടെ ഈ ഭൂചലനങ്ങള്‍ അവസാനിച്ചു.

ഭൂമിയിലെ വിവിധ ഇടങ്ങളില്‍ സമാനമായ പ്രതിഭാസങ്ങള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അന്‍റാര്‍ട്ടിക് മേഖലയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ അഗ്നിപര്‍വതവുമായി ബന്ധപ്പെട്ട് തുടര്‍ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും പുറമെയുള്ള ഭൗമപാളിയായ ക്രസ്റ്റിനോട് ചേര്‍ന്നാണ് ഈ അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്. ഈ അഗ്നിപര്‍വതത്തില്‍ നിന്നുള്ള ലാവ  ശക്തിയോടെ ക്രസ്റ്റിലേക്കെത്തുന്നതാണ് തുടര്‍ച്ചയായുള്ള ചലനങ്ങള്‍ക്കു കാരണമാകുന്നത്. 

ഭൗമചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായാണ് സമാനമായ പ്രതിഭാസങ്ങള്‍ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ മനുഷ്യരുടെ കാലയളവ് വച്ചു നോക്കിയാല്‍ അന്‍റാര്‍ട്ടിക്കില്‍ ഇപ്പോഴുണ്ടായ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് ഒരു ഗവേഷകനെന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഇതേക്കുറിച്ച് പഠിക്കുന്ന സംഘത്തിന്‍റെ തലവന്‍ സിമോണ്‍ സിസ്ക വ്യക്തമാക്കി. ജിഎഫ്എസ് എന്ന ജര്‍മന്‍ ഗവേഷണ കേന്ദ്രത്തിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഈ പഠനം നടത്തുന്നത്. 

ഓര്‍ക്ക സീമൗണ്ട് 

സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് കണക്കാക്കിയാല്‍ ഏതാണ്ട് 900 മീറ്ററോളം ഉയരമുള്ള അഗ്നിപര്‍വതമാണ് ഓര്‍ക്ക സീമൗണ്ട്. ഇതാദ്യമായാണ് ഓര്‍ക്ക സീമൗണ്ട് സജീവമായതായി ശാസ്ത്രലോകത്തിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അന്‍റാര്‍ട്ടിക്കിലെ വടക്കു പടിഞ്ഞാറന്‍ മേഖലയുടെ അറ്റത്തായാണ് ഈ അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്. ബ്രാന്‍സ് ഫീല്‍ സ്ട്രെയിറ്റ് എന്നാണ് ഈ അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്ന മേഖലയുടെപേര്. 

ഈ മേഖലയുടെ പ്രത്യേകത കൂടി അഗ്നിപര്‍വതത്തിന്‍റെ സജീവമാകലിന് കാരണമായിട്ടുണ്ട്. ഫോണിക്സ് എന്ന പേരിലുള്ള ഭൗമപാളി, അന്‍റാര്‍ട്ടിക് ഭൗമപാളിയുമായി ചേരുന്ന മേഖല കൂടിയാണ് ഇത്. ഭൗമപാളികള്‍ തമ്മിലുള്ള കൂടിച്ചേരല്‍ ഒട്ടേറെ വിള്ളലുകള്‍ മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിള്ളലുകളാണ് അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുള്ള ലാവയെ വലിയ തോതില്‍ പുറത്തേക്കെത്തിക്കുന്നതും അതുവഴി ഭൂചലനത്തിന് കാരണമാകുന്നതും. 

മൂന്ന് മാസം നീണ്ട തുടര്‍ ചലനങ്ങള്‍ക്കു ശേഷം പതിയെ അവ അപ്രത്യക്ഷമായതിന് പിന്നിലെ കാരണവും ഗവേഷകര്‍ പരിശോധിച്ചു വരികയാണ്. പ്രാഥമിക നിഗമനത്തില്‍ ലാവയുടെ ശക്തമായ പുറത്തു വരവിലൂടെ നിലവിലുള്ള വിള്ളലുകള്‍ വലുതായിട്ടുണ്ടാകണം. ഇതോടെ ലാവ ക്രസ്റ്റ് മേഖലയില്‍ സൃഷ്ടിച്ച ആഘാതം കുറഞ്ഞു. ക്രമേണ ഭൂചലനങ്ങളും ഇല്ലാതായെന്നാണ് ഗവേകര്‍ കണക്കുകൂട്ടുന്നത്. റിക്ടർ സ്കെയിലില്‍ 6 വരെ രേഖപ്പെടുത്തിയ ഭൂചലനം ഈ അഗ്നിപര്‍വതം സജീവമായതിലൂടെ ഉണ്ടായെന്നാണ് കണക്കാക്കുന്നത്. 

English Summary: Record-Breaking Earthquake Swarm Hits Antarctica as Sleeping Volcano Awakens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com