ADVERTISEMENT

സ്മാർട്ഫോണുകളും സോളർ പാനലുകളും മുതൽ കുഞ്ഞൻ കാന്തം വരെ നിർമിക്കാനുപയോഗിക്കുന്ന മൂലകങ്ങൾ–ലോകത്ത് സർവസാധാരണമായ ഭൂരിപക്ഷം വസ്തുക്കളും നിർമിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ടെങ്കിലും ഇവയുടെ പേര് അപൂർവ മൂലകങ്ങൾ അഥവാ റെയർ ഏർത്ത് എലമെന്റ്സ് എന്നാണ്. ലോകത്തെ ഏറ്റവും അപൂർവ ലോഹങ്ങളിലൊന്നായ സ്വർണത്തേക്കാൾ കൂടുതൽ ഇവയുണ്ടെന്നതും സത്യം. പക്ഷേ സ്വർണം പോലെ ഏതെങ്കിലുമൊരിടത്തു കേന്ദ്രീകരിച്ചാകില്ല അപൂർവ മൂലകങ്ങളുടെ സാന്നിധ്യം. അതിനാൽത്തന്നെ വേർതിരിച്ചെടുക്കാനും വ്യാവസായിക ഉൽപാദനത്തിനും ഏറെ ബുദ്ധിമുട്ടുകളുണ്ട്, വൻ ചെലവും. 

ഇന്ന് ലോകത്തിലെ  അപൂർവ മൂലകങ്ങളിൽ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ചൈനയാണ്. ഈ മൂലകങ്ങൾ വേർതിരിച്ചെടുക്കുന്നതു സംബന്ധിച്ച ഒരു ശുഭവാർത്തയാണിപ്പോൾ വന്നിരിക്കുന്നത്. അതിനു നിലവിലുള്ളതിനേക്കാൾ ചെലവു കുറഞ്ഞ രീതി ഗവേഷകർ കണ്ടെത്തിയിരിക്കുന്നു! പരിസ്ഥിതിപരമായും ഈ കണ്ടെത്തൽ ഏറെ ഗുണകരമാണ്. സാധാരണ ഗതിയിൽ വിഷവസ്തുക്കൾ നിറഞ്ഞ രാസപദാർഥങ്ങളാണ്  അപൂർവ മൂലകങ്ങളെ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നതാകട്ടെ ഓർഗാനിക് ആസിഡ് ഉപയോഗിച്ച് ഈ മൂലകങ്ങളെ വേർതിരിക്കാമെന്ന രീതിയും. അതും വ്യാവസായിക മാലിന്യമായി പ്രതിവർഷം പുറന്തള്ളുന്ന ഒരു വസ്തുവിൽ നിന്നും. 

പഴങ്ങളിലും തേനിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഗ്ലൂക്കോണിക് ആസിഡാണ് ഇവിടെ ഉപയോഗപ്പെടുത്തുക. മൂലകങ്ങൾ വേർതിരിച്ചെടുക്കുന്നതാകട്ടെ ഫോസ്ഫോജിപ്സത്തിൽ നിന്നും. വളം നിർമാണത്തിൽ ഉപയോഗിക്കുന്ന ഫോസ്ഫറിക് ആസിഡ് ഫോസ്ഫേറ്റ് പാറകളിൽ നിന്നാണ് ഉൽപാദിപ്പിക്കുക. ഈ ആസിഡ് ഉൽപാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഉപോൽപന്നമാണ് ഫോസ്ഫോജിപ്സം. കാൽസ്യം സൾഫേറ്റ് ഹൈഡ്രേറ്റ് എന്നാണു മറ്റൊരു പേര്. ജിപ്സമാണ് ഇതിന്റെ പ്രധാന ഘടകം. ഈ ഫോസ്ഫോജിപ്സത്തിൽ നിന്ന് അപൂർവമൂലകങ്ങൾ വേർതിരിച്ചെടുക്കാനുള്ള ഗവേഷകരുടെ ശ്രമമാണു വിജയം കണ്ടത്. 

യ്ട്രിയം, സീറിയം, നിയോഡിമിയം, സമേറിയം, യൂറോപ്പിയം, യ്റ്റെർബിയം എന്നീ അപൂർവമൂലകങ്ങൾ വേർതിരിച്ചെടുക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. ഒരു കൂട്ടം ജൈവ ആസിഡുകൾ പ്രയോഗിച്ച് നോക്കിയെങ്കിലും ഗ്ലൂക്കോണിക് ആസിഡാണ് ഗവേഷകരെ ലക്ഷ്യത്തിലെത്താൻ സഹായിച്ചത്. ഫോസ്ഫോജിപ്സത്തിൽ ഈ ആസിഡ് പ്രയോഗിക്കുമ്പോൾ അതുവരെ ജലാംശം നിറഞ്ഞിരിക്കുന്ന വസ്തുവിന്മേൽ ഉണങ്ങിവരണ്ട ഒരു പുറംപാളി രൂപപ്പെടും. ഇതിൽ നിന്ന് എളുപ്പം അപൂര്‍വമൂലകങ്ങളെ വേർതിരിച്ചെടുക്കാം. 

ഓരോ വർഷവും ഒരു ലക്ഷം ടണ്ണോളം അപൂർവ മൂലകങ്ങളാണ് ഫോസ്ഫോജിപ്സം വഴി നഷ്ടപ്പെടാറുള്ളത്. ഫോസ്ഫേറ്റ് പാറകളുടെ 0.1 ശതമാനം മാത്രമേ അപൂർവ മൂലകങ്ങളുള്ളൂ. പക്ഷേ അതിൽ നിന്നുണ്ടാകുന്ന മാലിന്യത്തിൽ നിന്ന് അപൂർവമൂലകങ്ങൾ വേർതിരിച്ചെടുക്കാനായാൽ റെയർ എർത്ത് എലമെന്റുകളുടെ വാർഷിക ഉൽപാദനം തന്നെ ഇരട്ടിയാകും. നിലവിൽ ലാബറട്ടറിയിൽ സൃഷ്ടിച്ച സിന്തറ്റിക് ഫോസ്ഫോജിപ്സത്തിലാണു ഗവേഷകർ പരീക്ഷണം നടത്തിയത്. വ്യാവസായിക തലത്തിലേക്കു കടക്കുന്നതേയുള്ളൂ. ആ പരീക്ഷണം കൂടി വിജയിച്ചാൽ ഒട്ടേറെ മാറ്റങ്ങളാണുണ്ടാവുക. പരിസ്ഥിതിക്കാണ് അത് ഏറ്റവും സഹായകരമാവുക. 

ലോഹ അയിരുകളിൽ നിന്ന് അപൂർവ മൂലകങ്ങളെ വേർതിരിച്ചെടുക്കാൻ മാരക വിഷരാസവസ്തുക്കളാണ് നിലവിൽ ഉപയോഗിക്കുന്നത്. അതിനൊരു പരിഹാരമാകും. സ്മാർട് ഫോൺ ഉൾപ്പെടെയുള്ളവയുടെ നിർമാണച്ചെലവു കുറയ്ക്കുക മാത്രമല്ല പ്രകൃതിസൗഹൃദ ഊർജോൽപാദനത്തിനു സഹായിക്കും വിധം സോളർ പാനലുകളുടെയും മറ്റും നിർമാണം വേഗത്തിലാക്കാനും പരീക്ഷണം വിജയിച്ചാൽ സാധിക്കും. അടുത്തിടെ ടോക്കിയോയ്ക്കു തെക്കുകിഴക്കായി 1850 കിലോമീറ്റർ മാറി മിനാമിറ്റോറി ദ്വീപില്‍ ‘അപൂര്‍വ മൂലകങ്ങളുടെ’ വൻനിക്ഷേപം കണ്ടെത്തിയതു വാർത്തായിരുന്നു. ഈ മൂലകങ്ങളിന്മേലുള്ള നിലവിലെ ചൈനയുടെ കുത്തകാവകാശത്തെ ചോദ്യം ചെയ്യുന്നത്ര വിപുലമായിരുന്നു ഈ നിക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com