ADVERTISEMENT

നമുക്ക് സമുദ്രത്തെ അറിയാവുന്നതില്‍ കൂടുതല്‍ ചൊവ്വായെക്കുറിച്ചറിയാം എന്നാണു ചൈയിലെ മറൈൻ സര്‍വകലാശാലയിലെ ഗവേഷകനായ സിയോ ഹു ഷാങ് പറയുന്നത്. ഹു ഷാങ്ങിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കണ്ടെത്തിയ പുതിയ ബാക്ടീരിയകളെക്കുറിച്ച് കേട്ടാല്‍ ആരും അദ്ഭുതപ്പെട്ടു പോകും. കാരണം ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഗര്‍ത്തമായ മാരിയാന ട്രഞ്ചിന്‍റെ അടിത്തട്ടിലാണ് ക്രൂഡ് ഓയില്‍ ഭക്ഷണമാക്കാന്‍ കഴിയുന്ന ഒരിനം ബാക്ടീരിയകളെ ഗവേഷകര്‍ കണ്ടെത്തിയത്.  ഇത്തരത്തിലുള്ള ബാക്ടീരിയകള്‍ കടലില്‍ പലപ്പോഴായി കാണപ്പെട്ടിട്ടുണ്ടെങ്കിലും ജീവനുള്ള ഒരു വസ്തുവിനും അതിജീവിക്കാന്‍ കഴിയില്ലെന്നു വിശ്വസിച്ച മാരിയാന ട്രഞ്ചിന്‍റെ അടിത്തട്ടില്‍ ഇവയെ കണ്ടെത്തിയതാണ് അമ്പരപ്പിനു കാരണം. 

1091 കിലോ മര്‍ദത്തില്‍ ജീവിക്കുന്ന ബാക്ടീരിയകള്‍

10,994 മീറ്ററാണ് മരിയാന ട്രഞ്ചിന്‍റെ ആഴം. അതായത് എവറസ്റ്റിനെയെടുത്ത് മരിയാന ട്രഞ്ചില്‍ വച്ചാലും അത് മുങ്ങി പോകുമെന്ന് അര്‍ത്ഥം. ഇവിടെ സൂര്യപ്രകാശമോ ഓക്സിജനോ ലഭ്യമല്ലെന്നതിലും മറ്റൊരു ഘടകമാണ് ജീവന്‍റെ നിലനില്‍പ് അസാധ്യമാക്കുന്നത്. ഏതാണ്ട് 1091 കിലോ ഭാരം നിങ്ങളുടെ വിരലിനു മുകളില്‍ എടുത്ത് വച്ചാലുണ്ടാകുന്നത്ര മര്‍ദമാണ് മാരിയാന ട്രഞ്ചിന്‍റെ അടിത്തട്ടിലുള്ളത്. ഇവിടെയാണ് ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ മൈക്രോബയല്‍ പ്ലാങ്ക്തണുകളുടെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ മേഖലയില്‍ നിന്നെത്തിച്ച സാംപിളുകള്‍ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഹൈഡ്രോ കാര്‍ബണെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ഹൈഡ്രജനും കാര്‍ബണും മാത്രം അടങ്ങുന്ന ജൈവപദാര്‍ത്ഥങ്ങളാണ് ഹൈഡ്രോ കാര്‍ബണുകള്‍. ഇവ ക്രൂഡ് ഓയിലും പ്രകൃതി വാതകവും പോലുള്ള വസ്തുക്കളില്‍ കാണപ്പെടുന്നവയാണ്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സൂക്ഷ്മജീവികള്‍ക്ക് ഇത്തരം പദാര്‍ത്ഥങ്ങള്‍ ഭക്ഷണമാക്കാനും തുടര്‍ന്ന് അവയ്ക്കാവശ്യമായ ഊര്‍ജം അതിലൂടെ നേടാനും സാധിക്കും. ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ 2010 ല്‍ ഉണ്ടായ കടലിലെ വാതകചോര്‍ച്ചയില്‍ ഇന്ധനം കടലില്‍ നിന്നു നീക്കം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഈ സൂക്ഷ്മജീവികളാണ്.

ഇന്ധന ചോര്‍ച്ചയില്‍ ഇവയെ ഉപയോഗിക്കാനാകുമോ ?

അതുകൊണ്ട് തന്നെ വൈകാതെ ഇത്തരം വാതക, എണ്ണ ചോര്‍ച്ചകളില്‍ ഈ ജീവികളെ കൃത്രിമമായി ഉപയോഗിക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ കഴിയും എന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഇതിനായി എങ്ങനെയാണ് ഈ സൂക്ഷ്മജീവികള്‍ ഹൈഡ്രോ കാര്‍ബണുകളെ ഭക്ഷണമാക്കുന്നതെന്നും ഈ ബാക്ടീരിയകളെ ഭക്ഷണമാക്കുന്നത് ഏത് ജീവികളാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകരിപ്പോള്‍. കൂടാതെ ഇത്രയും ആഴത്തില്‍ ഇവയ്ക്ക് എങ്ങനെ അതിജീവനം സാധ്യമാകുന്നു എന്നും ഇവ എങ്ങനെ  ഇവിടേക്ക്  എത്തിച്ചേര്‍ന്നെന്നും കണ്ടെത്താന്‍ ഗവേഷകര്‍ പഠനം തുടരുകയാണ്. ഒരു പക്ഷേ കടലിലേക്കു ചോര്‍ന്ന ഹൈഡ്രോകാര്‍ബണ്‍ ഇന്ധനത്തിന്‍റെ മലിനീകരണം മരിയാന ട്രഞ്ചിന്‍റെ ആഴത്തിലേക്കു വരെ എത്തിയിട്ടുണ്ടോ എന്നും ഗവേഷകര്‍ സംശയിക്കുന്നു.  

ഹൈഡ്രോ കാര്‍ബണുകള്‍ ഉൽപാദിപ്പിക്കാന്‍ കഴിയുന്ന ബാക്ടീരിയകള്‍

അതേസമയം തന്നെ ഹൈഡ്രോകാര്‍ബണുകള്‍ ജൈവീകമായി ഉൽപാദിപ്പിക്കാന്‍ കഴിയുന്ന ബാക്ടീരിയകളും ഈ പ്രദേശത്തു തന്നെയുണ്ടോ എന്നും ഗവേഷകര്‍ സംശയിക്കുന്നുണ്ട്. മാരിയാന ട്രഞ്ചിന്‍റെ അടിത്തട്ടില്‍ ജൈവീകമായി ഉൽപാദിപ്പിക്കപ്പെട്ട ഹൈഡ്രോ കാര്‍ബണുകള്‍ കണ്ടെത്തിയതാണ് ഈ സംശയത്തിനു പിന്നിലെ കാരണം. ഇത്തരം ഹൈഡ്രോകാര്‍ബണുകള്‍ കടലിന്‍റെ ഉപരിതലത്തില്‍ ആല്‍ഗകള്‍ക്കൊപ്പവും മുന്‍പു കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍ കടലിന്‍റെ അടിത്തട്ടില്‍ പത്ത് കിലോമീറ്ററില്‍ താഴെയുള്ള പ്രദേശത്തെ ഇവയുടെ സാന്നിധ്യമാണ് ഗവേഷകരെ കുഴയ്ക്കുന്നത്. ഇത്ര കഠിനമായ പരിസ്ഥിതിയിലും ഒരു പറ്റം ബാക്ടീരിയകള്‍ക്ക് ഹൈഡ്രോ കാര്‍ബണുകളെ വിഘടിപ്പിക്കാന്‍ എങ്ങനെ കഴിയുന്നു  എന്നതാണ് ഗവേഷകര്‍ ഇപ്പോള്‍ പരിശോധിച്ചു വരുന്നത്.കൂടാതെ ഹൈഡ്രോ കാര്‍ബണുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളെ കൂടി കണ്ടെത്തിയതോടെ ഹൈഡ്രോ കാര്‍ബണുകള്‍ വിഘടിപ്പിക്കുകയും അത് ഭക്ഷണമാക്കുകയും ചെയ്യുന്ന ബാക്ടീരിയകള്‍ ജൈവീകമായി നിര്‍മ്മിക്കപ്പെട്ട ഹൈഡ്രോ കാര്‍ബണുകളെ കൂടി ഭക്ഷണമാക്കുന്നുണ്ടോ എന്ന കാര്യവും ഗവേഷകര്‍ പരിശോധിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com