മത്സ്യ തൊഴിലാളികള്‍ക്കിടയില്‍ ഭീതി പടര്‍ത്തി ചുഴലിക്കാറ്റ്; അപൂർവ പ്രതിഭാസത്തിനു പിന്നിൽ?
Mail This Article
മത്സ്യ തൊഴിലാളികള്‍ക്കിടയില്‍ ഭീതി പടര്‍ത്തി ചുഴലിക്കാറ്റ്. വ്യാഴാഴ്ച രാവിലെ 7 നു കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്ത് നിന്നു 25 നോട്ടിക്കൽ മൈൽ ദൂരത്താണ് ചുഴലി പ്രത്യക്ഷപ്പെട്ടത്. ഇതു പിന്നീട് കരയിലേക്ക് നീങ്ങുകയായിരുന്നു. ഈ സമയം നൂറു കണക്കിനു മത്സ്യ തൊഴിലാളികൾ കടലിലുണ്ടായിരുന്നു. ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പത്തിൽ വെള്ളം ചുഴറ്റിയാണ് കാറ്റ് കരയിലേക്ക് അടുത്തതെന്നു മത്സ്യ തൊഴിലാളിയായ ഭാസ്കരൻ ചിത്താരി പറഞ്ഞു. കരയിലേക്ക് എത്തുമ്പോഴേക്കും ചുഴലിയുടെ വലുപ്പം കുറയുകയായിരുന്നു.
ചുഴലിക്ക് തൊട്ടപ്പുറത്തായി കോട്ടിക്കുളം വള്ളക്കാർ എന്ന പേരിലുള്ള മത്സ്യ തൊഴിലാളി സംഘം മീൻ പിടിക്കുന്നുണ്ടായിരുന്നു. ചുഴലിയുടെ ദൃശ്യം വള്ളത്തിലുണ്ടായിരുന്നവർ പകർത്തുകയും ചെയ്തു. കടലിൽ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഭാസം കണ്ടതെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. ചുഴലിയുടെ വരവ് ദൂരെ കണ്ടതോടെ മത്സ്യ തൊഴിലാളികൾ വഴി മാറുകയായിരുന്നു. അതേ സമയം ഇത് കടലിൽ കാണുന്ന ‘വാട്ടർ സ്പൗട്ട്’ പ്രതിഭാസമാണെന്നും പറയുന്നു. കടലിൽ അന്തരീക്ഷ മർദത്തിന്റെ ഏറ്റക്കുറച്ചിന് അനുസരിച്ച് സാധാരണയായി ഈ പ്രതിഭാസം കാണാറുണ്ട്.
ഇത്തരം ചെറിയ അന്തരീക്ഷച്ചുഴികൾക്ക് ചുഴലിക്കാറ്റുമായി ഒരു തരത്തിലും ബന്ധമില്ല. പല തീരങ്ങളിലും പലപ്പോഴായി ഇത്തരം ചുഴികളുണ്ടായിട്ടുണ്ട്. ഇവയുടെ സഞ്ചാരപഥം തീർത്തും പ്രാദേശികമാണ്. ഒട്ടും അപകടകരമല്ല. താപവ്യതിയാനം മൂലം ചെറിയ ന്യൂനമർദം രൂപപ്പെടുന്നതാവാം ഇതിനു കാരണം.
എന്താണ് വാട്ടർ സ്പൗട്ട്?
ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുമൂടി കറുത്ത മേഘങ്ങൾക്കിടയിൽനിന്നു മിന്നൽ രൂപത്തിൽ ഫൗണ്ടൻ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊർന്നിറങ്ങും. ഇതോടെ കടൽ ഇളകിമറിഞ്ഞു ചുഴി രൂപപ്പെടും. കടലിന്റെ വിവിധ ഭാഗങ്ങളിൽ കടൽവെള്ളം ഫണൽ രൂപത്തിൽ ഏറെ ഉയരത്തിൽ ഉയർന്നു പൊങ്ങും. മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്. കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഇതിനുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിലാണു മേഘപാളി പ്രത്യക്ഷപ്പെടുന്നത്. പ്രതിഭാസം രൂപപെടുന്ന സമയത്തു കടലിൽ ഉണ്ടാകുന്ന ബോട്ടുകളും വള്ളങ്ങളും വട്ടം കറങ്ങി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. വർക്കലയിലും ശംഖുമുഖത്തും വേളിയിലും വിഴിഞ്ഞത്തും ഇതേ പ്രതിഭാസം നേരത്തേ ഉണ്ടായിട്ടുണ്ട്.