ADVERTISEMENT

ലോകത്തെ ഏറ്റവും വലുപ്പമുള്ള സ്രാവുകളാണ്  കൊമ്പന്‍സ്രാവുകളെന്നും കൊലയാളി സ്രാവുകളെന്നും വിളിക്കുന്ന  ഗ്രേറ്റ് വൈറ്റ്  സ്രാവുകള്‍. വലുപ്പത്തിന്‍റെ കാര്യത്തില്‍ ഇവയ്ക്ക് തൊട്ടു പിന്നിലാണ് ബാസ്കിങ് സ്രാവുകളുടെ സ്ഥാനം. സ്കോട്‌ലന്‍ഡ് തീരത്തെത്തിയ ഈ ബാസ്കിങ് സ്രാവുകളെ ഷാര്‍ക് ക്യാം എന്നു വിളിക്കുന്ന ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ ക്യാമറ ഉപയോഗിച്ച് നിരീക്ഷിക്കുകയുണ്ടായി. വുഡ്സ് ഹോള്‍ ഓഷ്യാനോഗ്രഫിക് ഇന്‍സ്റ്റിറ്റ്യൂഷന്‍ നടത്തിയ ഈ പഠനത്തില്‍ ബാസ്കിങ് സ്രാവുകളെ കുറിച്ചുള്ള പുതിയ വിവരങ്ങളും അവയുടെ അപൂര്‍വമായ ദൃശ്യങ്ങളും ലഭിച്ചു.

ബാസ്കിങ് സ്രാവ് 

ഇതാദ്യമായാണ് സ്കോട്‌ലന്‍ഡ് തീരത്ത് ഈ സ്രാവുകളെ കണ്ടെത്തുന്നത്. കൊലയാളി സ്രാവുകളെ നിരീക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഷാര്‍ക് ക്യാം രൂപപ്പെടുത്തിയതെങ്കിലും ബാസ്കിങ് സ്രാവുകളെ കൂടി നിരീക്ഷിക്കാന്‍ ഇത് ഉപയോഗിക്കുകയായിരുന്നു.കൊലയാളി സ്രാവുകളെ അപേക്ഷിച്ചു നോക്കിയാല്‍ ബാസ്കിങ് സ്രാവുകളുടെ വംശത്തിന് കൂടുതല്‍ പഴക്കമുണ്ട്. അതുകൊണ്ട് തന്നെ ജുറാസിക് സ്രാവുകളെന്നാണ് ബാസ്കിങ് സ്രാവുകളെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. 

സ്രാവ് വര്‍ഗ്ഗത്തില്‍പെടുന്നവയാണെങ്കിലും ഇവയുടെ ഭക്ഷണ രീതിക്ക് സാമ്യം തിമിംഗലങ്ങളോടാണ്. കൊലയാളി സ്രാവുകളെ പോലെ മികച്ച വേട്ടക്കാരൊന്നുമല്ല ബാസ്കിങ് സ്രാവുകള്‍. അതുകൊണ്ട് തന്നെ വലുപ്പമേറിയ വായും അതില്‍ അരിപ്പ പോലെ പ്രവര്‍ത്തിക്കുന്ന അവയവവും ഇവയ്ക്കുണ്ട്. ഈ വായ തുറന്നു വച്ച് സമുദ്രത്തിലൂടെ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ കുടുങ്ങുന്ന ജീവികളാണ് ഇവയുടെ ഭക്ഷണം. അതുകൊണ്ട് തന്നെ ഇവയുടെ വായില്‍ കൊലയാളി സ്രാവുകള്‍ക്കുള്ളതു പോലെ കൂര്‍ത്ത പല്ലുകളും മറ്റും ഇല്ല.

പല്ലുകളുടെ കാര്യത്തില്‍ മാത്രമല്ല കാഴ്ചയിലും പെരുമാറ്റത്തിലുമെല്ലാം ഇവയ്ക്ക് കൊലയാളി സ്രാവുകളില്‍നിന്നും വ്യത്യാസങ്ങളുണ്ട്. കൊലയാളി സ്രാവുകളുടെ തല കൂര്‍ത്ത രൂപത്തിലാണെങ്കിലും ബാസ്കിങ് സ്രാവുകളുടേത് പരന്നതാണ്. പലപ്പോഴും വാല്‍മാക്രികളുടെ രൂപത്തോടും ഈ സ്രാവുകള്‍ക്ക് വിദൂര സാദൃശ്യം തോന്നും. കൊലയാളി സ്രാവുകള്‍ക്കുള്ളത് പോലെ പുറത്ത് കൂര്‍ത്ത കൊമ്പിന് തുല്യമായ ചിറകുണ്ടെന്നതാണ് ഇരു ജീവികളും തമ്മിലുള്ള സാമ്യം.

12 മീറ്റര്‍വരെ വലുപ്പം വയ്ക്കുന്നതാണ് ഈ സ്രാവുകളുടെ ശരീരം. ഏതാണ്ട് 5 ടണ്ണോളം ഭാരമുണ്ടാകും ബാസ്കിങ് സ്രാവുകള്‍ക്ക്. സീ പ്ലാങ്ക്തണുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഐയുസിഎന്നിന്‍റെ പട്ടികയില്‍ വംശനാശത്തിന്‍റെ വക്കില്‍ നില്‍ക്കുന്ന ജീവികള്‍ക്കൊപ്പമാണ് ഈ സ്രാവുകളുടെ സ്ഥാനം. ഏഷ്യയിലും മറ്റും ഈ സ്രാവുകളുടെ ചിറകുപയോഗിച്ചുള്ള സൂപ്പ് വളരെ പ്രിയമാണ്. ജപ്പാനിലാകട്ടെ ഇവയുടെ കരളിന് നിരവധി ആവശ്യക്കാരുണ്ട്.

ഷാര്‍ക് ക്യാം 

സമുദ്രജീവികളെ അവയുടെ കാഴ്ചപ്പാടില്‍ നിന്ന് പകര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഷാര്‍ക് ക്യാം നിര്‍മിച്ചിരിക്കുന്നത്. സ്രാവുകളെ നിരീക്ഷിക്കുകയെന്നതാണ് ഈ ക്യാമറയുടെ നിര്‍മാണ സമയത്തുണ്ടായിരുന്ന ദൗത്യം. എന്നാല്‍ ഇവ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്ന ഓരോ തവണയും പുതിയ ജീവിവര്‍ഗങ്ങളെയോ ഏതെങ്കിലും  ജീവിവര്‍ഗങ്ങളുടെ പുതിയ സ്വഭാവ രീതിയെയോ കണ്ടെത്താനാകുന്നതായി ഗവേഷകര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com