ADVERTISEMENT

മനുഷ്യന്റെ ചെയ്തികളുടെ ഫലം അവന്റെ മേൽ തിരമാലകളായി വന്നു പതിക്കുന്ന അവസ്ഥ വരാനിരിക്കുകയാണെന്നു ശാസ്ത്രത്തിന്റെ മുന്നറിയിപ്പ്. കലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ആഗോളതാപനവും സമുദ്രങ്ങളിലെ തിരമാലകളുടെ ശക്തിയും സംബന്ധിച്ച ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്തുവിട്ടത്. 1948 മുതലുള്ള ഡേറ്റയാണു പഠനത്തിന്റെ ഭാഗമായി ഗവേഷകർ ശേഖരിച്ചത്. ഇത്രയും കാലത്തിനിടെ ആഗോള തലത്തിൽ തിരമാലകളുടെ ശക്തി ഓരോ വർഷവും 0.4 ശതമാനം വീതം വർധിച്ചതായാണു വിവരം. 

ഇതാദ്യമായാണ് ആഗോളതാപനവും തിരമാലകളുടെ ശക്തിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവ് ലഭിക്കുന്നത്. ഇതിന്റെ പ്രശ്നം യഥാർഥത്തിൽ ബാധിക്കുക തീരമേഖലയെയും ദ്വീപുകളെയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സമുദ്രോപരിതലം ചൂടാകുന്നതാണ് തിരമാലകളുടെ ശക്തി കൂടുന്നതിലേക്കു നയിക്കുന്നത്. ഇത് ആഗോളതലത്തിലും പ്രാദേശികമായും പ്രകടമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. വിവിധ കാലാവസ്ഥാ മാതൃകകളും ഇതിന്റെ ഭാഗമായി വിശകലനം ചെയ്തിരുന്നു. കാറ്റിൽ നിന്നുള്ള ഊർജമാണ് തിരമാലകളിലേക്കു പകരുന്നത്. തിരമാലകളുടെ സഞ്ചാരം സാധ്യമാക്കുന്നതും ഈ ഊർജം തന്നെ– ‘വേവ് പവർ’ എന്നാണിതിനു പേര്. സമുദ്രത്തിലെ ചൂട് കൂടുന്നതിനനുസരിച്ച് തിരമാലകളുടെ ചലനത്തിനു സഹായിക്കുന്ന ഊർജത്തിന്റെ അളവും കൂടുന്നെന്നാണു കണ്ടെത്തൽ.

Waves

രാജ്യാന്തര തലത്തിൽ തന്നെ കാറ്റിന്റെ ഗതിയെ സ്വാധീനിക്കാനുള്ള ശേഷി സമുദ്രോപരിതല താപനിലയ്ക്കുണ്ട്. സ്വാഭാവികമായും ചൂട് കൂടുന്നതിനനുസരിച്ചു കാറ്റു വീശുന്നതിന്റെ ‘പാറ്റേണും’ മാറുന്നുണ്ട്. ഇതാണു തിരമാലകളിലെ ‘ഊർജ’ത്തിന്റെ ശേഷിയും കൂട്ടുന്നത്. അതോടെ പതിവു തിരമാലകളിൽ നിന്നു മാറി പലയിടത്തും കൂറ്റൻ തിരമാലകളും രൂപപ്പെടുന്നു. ആഗോളതാപനത്തിലൂടെ ഒരു കാലാവസ്ഥാ സൂനാമി പോലും ആഞ്ഞടിക്കാമെന്നു ചുരുക്കം. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലെയും സമുദ്രത്തിലെ നിർണായക അടിയൊഴുക്കുകളുടെ ഗതി മാറ്റുന്നതിൽ ആഗോളതാപനം നിർണായക പങ്കുവഹിക്കുന്നതായി റിപ്പോർട്ടുകളെത്തിയിരുന്നു. ചിലയിടങ്ങളിലെ കടലിലെ അസിഡിഫിക്കേഷനും വൻതോതിൽ വർധിച്ചു. ഇതോടെ ശംഖുകളുടെയും കക്കകളുടെയുമെല്ലാം പുറന്തോടു പോലും അലിഞ്ഞു പോവുകയാണെന്നാണു റിപ്പോർട്ടുകൾ.

പ്രതീക്ഷിച്ചതിനേക്കാളും അതിവേഗത്തിലാണു കടലിലെ ചൂട് വർധിക്കുന്നതെന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി മഴയിലുമുണ്ടാകും വർധന. പിന്നാലെ സമുദ്രജലനിരപ്പു വർധന, പവിഴപ്പുറ്റുകൾ ഇല്ലാതാകൽ, മഞ്ഞുമലകൾ ഉരുകിമാറൽ തുടങ്ങി ദുരന്തങ്ങളും. ഇവയ്ക്കെല്ലാം ഒപ്പം തിരമാലകളുടെ ശക്തി കൂടി വർധിക്കുന്നതോടെ തുറമുഖങ്ങളും തീരദേശങ്ങളും സമുദ്രതീരത്തെ നഗരങ്ങളും ദ്വീപുകളുമെല്ലാം അപകടത്തിലാകും. എല്ലാ പ്രശ്നങ്ങളും ഒരുമിച്ചു വരികയാണെങ്കിൽ പ്രളയത്തെ എങ്ങനെ നേരിടണമെന്ന് ഇപ്പോഴേ പഠിച്ചുതുടങ്ങണമെന്നും ഗവേഷകർ നിർദേശിക്കുന്നു. നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ ഇതു സംബന്ധിച്ച സമ്പൂർണ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com