ADVERTISEMENT

കടൽത്തീരത്ത് ഒരുകൂട്ടം പക്ഷികൾ നിശ്ചലരായി കടലിലേക്കു നോക്കി ഇരിക്കുന്നു. ഇറങ്ങിപ്പോയ തിരയുടെ പിന്നാലെ അവ ഒരുമിച്ചു കടലിലേക്ക് ഓടി ഇറങ്ങി. തിര തീരത്തേക്കു കൊണ്ടുവന്ന മത്സ്യങ്ങളും കക്കകളും മണലിൽ നിന്നു കൊത്തിത്തിന്നുകൊണ്ടിരുന്നു. വീണ്ടും തിര വന്നപ്പോൾ കൂട്ടമായി കരയിലേക്ക് ഓടിക്കയറി. തിര തിരികെ പോകുന്നതും കാത്തിരുന്നു. തിരക്കാട (Sanderling) എന്നാണ് കടൽത്തിരകളുടെ ഈ കൂട്ടുകാരുടെ പേര്.

ഉത്തരധ്രുവത്തിന്റെ സമീപ പ്രദേശങ്ങളാണു സ്വദേശം. കേരളത്തിൽ ദേശാടനത്തിനെത്തും. സെപ്റ്റംബറിൽ കേരളത്തിൽ വന്നു മേയിൽ സ്വദേശത്തേക്കു തിരികെപ്പോകും. മലബാറിലെ കടൽത്തീരങ്ങളിൽ സാധാരണമാണ്. തെക്കൻ കേരളത്തിൽ വിരളമാണ്.

കൂടുകൂട്ടുന്നത് ഉത്തര ധ്രുവമേഖലകളിലാണെങ്കിലും ശിശിരകാലം ചെലവിടാൻ ലോകത്തിലെ മിക്കയിടങ്ങളിലേക്കും ദേശാടനം നടത്താറുണ്ട്. 1977ൽ റഷ്യയിൽ നിന്നു കാലിൽ വളയമിട്ടു വിട്ട ഒരുപക്ഷിയെ പിന്നീടു തമിഴ്നാട്ടിൽ കണ്ടെത്തിയിരുന്നു. 2013 മാർച്ചിൽ ഓസ്‌ട്രേലിയയിൽ നിന്നു കാലിൽ വർണവളയമിട്ടു വിട്ട ഒരു പക്ഷി അതേ വർഷം നവംബറിൽ ഗുജറാത്തിൽ വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Sanderling

സാധാരണയായി അൻപതിൽ താഴെ എണ്ണം വരുന്ന ചെറുകൂട്ടങ്ങൾ ആയിട്ടാണ് ഇതിനെ കണ്ടുവരുന്നത്. ആയിരക്കണക്കിനു പക്ഷികൾ ഉള്ള വലിയ കൂട്ടമായും വിരളമായി കാണാറുണ്ട്. മത്സ്യങ്ങളും കക്കകളും പ്രാണികളുമാണ് മുഖ്യ ഭക്ഷണം .ധാന്യങ്ങളും ജലസസ്യങ്ങളും കഴിക്കാറുണ്ട്. പൂഴിയിലൂടെ നടന്ന് ഇരയെ കൊത്തി വിഴുങ്ങന്നതു കാണാം. കൊക്ക് പൂഴിയിൽ ആഴ്ത്തിയും ഇരതേടാറുണ്ട്. പൊതുവെ പകൽസമയത്താണ് ഇരതേടുന്നത്.

പൂഴിയിൽ ഉഴുന്ന പക്ഷി എന്നാണ് ഇതിന്റെ ഇംഗ്ലിഷ് പേരിനർഥം. കൊക്ക് പൂഴിയിൽ ആഴ്ത്തി ഇരതേടുന്ന ശീലം കൊണ്ടാകാം ഇങ്ങനെ പേരു നൽകിയത്.

ഗ്രീൻലൻഡിലും റഷ്യയിലും നോർവെയിലും ധാരാളം പക്ഷികൾ കൂടുകൂട്ടാറുണ്ട്. ജൂൺ മുതൽ കൂടുകൂട്ടാൻ തുടങ്ങും. ഇലകളും കമ്പുകളും ചേർത്താണു കൂട് നിർമാണം. ഒരു കൂട്ടിൽ 4 മുട്ടയിടും. മുട്ടയ്ക്കു പച്ചനിറമാണ്. പച്ചയിൽ ധാരാളം ചുവന്ന പാടുകൾ കാണാം. ആണും പെണ്ണും അടയിരിക്കാറുണ്ട്. പൊതുവെ വർഷത്തിൽ ഒരുതവണയെ കൂടുകൂട്ടാറുള്ളു ചിലപ്പോൾ രണ്ടുകൂടുകളിൽ മുട്ടയിടാറുണ്ട്.

അപൂർവമായി വർഷത്തിൽ മൂന്നു തവണ കൂടു കൂട്ടാറുണ്ടത്രെ. 23 മുതൽ 32 ദിവസം വരെയാണ് അടയിരിപ്പു കാലം. കുഞ്ഞുങ്ങൾ പറക്കമുറ്റാൻ ഏതാണ്ട് 17 ദിവസമെടുക്കും. പ്രായപൂർത്തിയായ പക്ഷികളുടെ പുറത്തിനു ചാരനിറമാണ്. അടിഭാഗത്തിനു വെളുപ്പും. പ്രായപൂർത്തി എത്താത്ത പക്ഷികളുടെ പുറത്തിനു കറുപ്പും വെളുപ്പും ചാരവും കലർന്ന നിറമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com