കരയിലും ജീവിക്കാൻ കഴിയുന്ന മത്സ്യം, കൊല്ലാൻ അധികൃതർ; അപൂര്‍വ മത്സ്യം ജൈവസമ്പത്തിനു ഭീഷണിയാകുമോ?
Mail This Article
കരയിൽ ജീവിക്കാനും ശ്വസിക്കാനും കഴിയുന്ന അപൂര്‍വ മത്സ്യത്തെ കൊല്ലാനൊരുങ്ങുകയാണ് ജോര്‍ജിയ അധികൃതര്‍. അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്താണ് കരയില്‍ ജീവിക്കാന്‍ കഴിയുന്ന മത്സ്യത്തെ കണ്ടെത്തിയത്. നോർതേണ്‍ സ്നേക് ഹെഡ് ഫിഷ് എന്നറിയപ്പെടുന്ന ഈ മത്സ്യത്തെ ഇതാദ്യമായാണ് ജോര്‍ജിയയില്‍ കാണ്ടെത്തിയത്. ജോര്‍ജിയയിലെ ഗ്വിന്നറ്റ് തടാകത്തില്‍ കണ്ടെത്തിയത് ഈ മത്സ്യത്തെ ആണെന്ന് വന്യജീവി വിഭാഗവും സ്ഥിരീകരിച്ചു. പക്ഷേ ഈ മത്സ്യം മേഖലയിലേക്കെത്തിയതില്‍ ഇവര്‍ ഒട്ടും സന്തുഷ്ടരല്ലെന്നു മാത്രം.
അപൂര്‍വ മത്സ്യം ജൈവസമ്പത്തിനു ഭീഷണിയാകും
ജോര്‍ജിയയില്‍ ഇതാദ്യമായാണ് ഈ മത്സ്യത്തെ കണ്ടത്തുന്നതെങ്കിലും ഇവ പ്രദേശത്ത് തുടരുന്നത് അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് അധികൃതര്‍. കാരണം മറ്റൊന്നുമല്ല ഈ മത്സ്യങ്ങള്‍ വ്യാപിക്കുന്നത് മറ്റ് ജലജീവികളുടെ നിലനില്‍പിനു തന്നെ വൈകാതെ ഭീഷണിയായി മാറുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ നിലവില്‍ ഇവയെ കണ്ടെത്തിയ തടാകത്തില്‍ നിന്ന് സ്നേക് ഹെഡ് ഫിഷുകളെ നീക്കം ചെയ്യാനും മറ്റു പ്രദേശങ്ങളിലേക്ക് ഇവ കുടിയേറുന്നത് തടയാനുമാണ് വനം വന്യജീവി വിഭാഗം ശ്രമിക്കുന്നത്.
മറ്റ് ചെറുമത്സ്യങ്ങളെ വേട്ടയാടി ഭക്ഷിക്കുന്നതാണ് ഈ മത്സ്യങ്ങളുടെ രീതി. മുതിര്‍ന്ന മത്സ്യങ്ങള്‍ മാത്രമല്ല ഇവയുടെ കുഞ്ഞുങ്ങള്‍ വരെ ജനിച്ച ഉടന്‍ തന്നെ വേട്ടയാടാന്‍ കെല്‍പ്പുള്ളവരാണ്. കൂടാതെ ഇവയുടെ ഓരോ പ്രസവത്തിലും അനേകം കുട്ടികളും ജനിക്കാറുണ്ട്. ഇക്കാരണം കൊണ്ടുതന്നെ സ്നേക് ഹെഡ് ഫിഷുകള്‍ അമേരിക്കയിലെ തടാകങ്ങളില്‍ പടരുന്നത് സ്വാഭാവികമായും ജൈവ സമ്പത്തിനെ സാരമായി തന്നെ ബാധിക്കും. കൂടാതെ സ്നേക് ഹെഡ് ഫിഷുകളെ വേട്ടയാടുന്ന ജീവികളില്ലാത്തതും ഈ മത്സ്യങ്ങള്‍ അനിയന്ത്രിതമായി വർധിക്കുന്നതിനു കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്നേക്ക് ഹെഡ് അമേരിക്കയിലേക്കെത്തിയ വഴി
അധിനിവേശ ജീവികള്‍ അമേരിക്കയ്ക്ക് പുതിയ വെല്ലുവിളിയല്ല. ഫ്ലോറിഡ ഉള്‍പ്പെടെയുള്ള അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഏഷ്യയില്‍ നിന്നുള്ള പെരുമ്പാമ്പും, ചീങ്കണ്ണിയും ഉള്‍പ്പെടെയുള്ള ജീവികള്‍ പെറ്റു പെരുകി യഥേഷ്ടം ജീവിക്കുന്നുണ്ട്. ഇവ മേഖലയിലെ ജൈവസമ്പത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. എന്നാല്‍ ഇവയുടെ എണ്ണം ഇന്ന് നിയന്ത്രിക്കാവുന്നതിലും അധികമായതിനാല്‍ അധികൃതരും നിസ്സഹായരാണ്.
കൗതുകത്തിന് വേണ്ടിയും ഓമനിച്ചു വളര്‍ത്താനും മറ്റുമായി പലരും അമേരിക്കയിലേക്കെത്തിക്കുന്ന ജീവികളാണ് പിന്നീട് ഇതേ ജീവിവര്‍ഗത്തിന്‍റെ അധിനിവേശത്തിനു കാരണമാകുന്നത്. ആദ്യത്തെ കൗതുകം അവസാനിക്കുമ്പോള്‍ ഉടമകള്‍ ഇത്തരം ജീവികളെ കാട്ടിലോ തടാകങ്ങളിലോ ഉപേക്ഷിക്കും. വൈകാതെ കാര്യമായ വെല്ലുവിളികളില്ലാത്ത അന്തരീക്ഷത്തില്‍ ഈ ജീവികള്‍ പെറ്റുപെരുകി പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകര്‍ക്കുവാൻ കാരണമാകും. സ്നേക് ഹെഡ് ഫിഷിന്‍റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്ന് അധികൃതര്‍ പറയുന്നു.
1997 ല്‍ കലിഫോര്‍ണിയയിലെ ഒരു തടാകത്തിലാണ് ഈ ജീവികളെ ആദ്യമായി അമേരിക്കയിൽ കണ്ടെത്തുന്നത്. ഇന്ന് അമേരിക്കയിലെ ഏതാണ്ട് 14 സംസ്ഥാനങ്ങളിലായി വിവിധ തടാകങ്ങളില്‍ നോര്‍ത്തേണ്‍ സ്നേക് ഹെഡ് മത്സ്യങ്ങളുണ്ടെന്നാണ് കണക്കുകൾ. ഇവയില്‍ എല്ലാ താടകങ്ങളിലും തന്നെ ജൈവവ്യവസ്ഥയ്ക്ക് ഇവ സാരമായ കോട്ടം വരുത്തിയിട്ടുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മത്സ്യങ്ങളുടെ വ്യാപനം തടയാന്‍ ജോര്‍ജിയയിലെ വനം വകുപ്പ് കഠിന ശ്രമം നടത്തുന്നത്.