വളഞ്ഞത് 8 സിംഹങ്ങൾ; പിൻകാലുകൾ കൊണ്ട് തൊഴിച്ചെറിഞ്ഞ് ജിറാഫ്, പിന്നീട് സംഭവിച്ചത്?
Mail This Article
കൊക്കിലൊതുങ്ങുന്നതേ കൊത്താവുള്ളൂ എന്നൊരു ചൊല്ലുണ്ട്. എന്നാൽ ഈ ചൊല്ല് മൃഗങ്ങൾക്ക് ബാധകമല്ല. കാരണം ഇരകൾ എത്ര വലുതാണെങ്കിലും വേട്ടയാടി വീഴ്ത്താൻ മൃഗങ്ങൾക്ക് പ്രത്യേക കഴിവുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.ഇവിടെ കൂറ്റൻ ജിറാഫിനെയാണ് ഒരുകൂട്ടം സിംഹങ്ങൾ ചേർന്ന് വേട്ടയാടാൻ ശ്രമിച്ചത്.
വിനോദസഞ്ചാരിയായ തോകോസാനി ഫകാതിയാണ് ക്രൂഗർ ജേശീയ പാർക്കിൽ നിന്ന് ഈ ദൃശ്യങ്ങൾ പകർത്തിയത്.കൂറ്റൻ ജിറാഫിന്റെ വലുപ്പമൊന്നും സിംഹങ്ങൾ കാര്യമാക്കിയില്ല. 8 സിംഹങ്ങൾ ചേർന്നാണ് ജിറാഫിനെ വേട്ടയാടിയത്. എന്താണ് സംഭവിക്കുന്നതെന്നറിയാനായി വിനോദസഞ്ചാരികളടങ്ങിയ സംഘവും സഫാരി വാഹനത്തിൽ സമീപത്തായി തുടർന്നു. ജിറാഫിനെ വീഴ്ത്താൻ സിംഹങ്ങൾ ഓരോ തവണ അടുത്തെത്തുമ്പോഴും ജിറാഫ് പിൻകാലുകൾ കൊണ്ട് പ്രതിരോധിക്കുന്നുണ്ടായിരുന്നു.എന്നാൽ സിംഹങ്ങൾ വഴുതിമാറിയതിനാൽ രക്ഷപെടുകയായിരുന്നു. ജിറാഫിന്റെ ശക്തമായ തൊഴി സിംഹങ്ങളുടെ ജീവൻവരെ അപകടത്തിലാക്കും. ഇതൊക്കെ മുന്നിൽകണ്ടാണ് സിംഹങ്ങൾ മുന്നേറിയത്.
സിംഹങ്ങൾ മാറിമാറിയാണ് ജിറാഫിനെ ഭയപ്പെടുത്തിയതും. കുറേസമയം ജിറാഫിനെ ഭയപ്പെടുത്തിയ ശേഷം സിംഹങ്ങൾ പല സ്ഥലങ്ങളിലായി മാറിക്കിടന്നു. ജിറാഫിന് രക്ഷപെടാനുള്ള പഴുതുകളടച്ചാണ് സിംഹക്കൂട്ടം കാവൽ കിടന്നത്. ഇരുട്ടുന്നതോടെ ഇരയെ കീഴ്പ്പെടുത്താൻ എളുപ്പമാണ്. ഇതുതന്നെയായിരുന്നു സിംഹങ്ങളുടെ ലക്ഷ്യവും. രാത്രിയാകുന്നതോടെ ആൺ സിംഹങ്ങളും സിംഹക്കൂട്ടത്തിനൊപ്പം ചേരും അപ്പോൾ കുറച്ചുകൂടി എളുപ്പത്തിൽ ജിറാഫിനെ കീഴിപ്പെടുത്താനാകും. എന്നാൽ ജിറാഫിന്റെ വിധിയെന്തെന്നറിയാൻ കാത്തു നിൽക്കാൻ വിനോദസഞ്ചാര സംഘത്തിനായില്ല. ഇരുട്ടുന്നതിന് മുൻപ് സന്ദർശനം കഴിഞ്ഞ് പാർക്കിന് പുറത്തിറങ്ങണമെന്ന നിബന്ധനയുണ്ട്. അതുകൊണ്ട് തന്നെ ജിറാഫിനെയും സിംഹങ്ങളെയും അവിടെവിട്ട് വിനോദസഞ്ചാര സംഘം മടങ്ങി.
English Summary: Giraffe Kicks Lions To Defend Itself