മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ പറന്ന് ഇരപിടുത്തം; പക്ഷി വർഗത്തിലെ ‘കൊലയാളി’ പരുന്തുകൾ
Mail This Article
പക്ഷി വർഗത്തിലെ മിടുക്കരായ വേട്ടക്കാരിൽ മുൻനിരയിലാണ് പരുന്തുകളുടെ സ്ഥാനം. എന്നാൽ ആ കൂട്ടത്തിൽ തന്നെ ഏറ്റവും ഭീകരൻമാരായ ഒരിനമുണ്ട്. കാഴ്ചയിൽ തന്നെ ആരിലും ഭയം ഉളവാക്കുന്ന ഹാർപ്പി പരുന്തുകൾ. വലുപ്പംകൊണ്ട് പരുന്തുകളുടെ പട്ടികയിൽ സ്റ്റെല്ലേഴ്സ് സീ ഈഗിൾ, ഫിലിപ്പൈൻസ് ഈഗിൾ എന്നിവയ്ക്കൊപ്പം ഒന്നാംസ്ഥാന പങ്കിടുന്നവയാണ് ഹാർപ്പി പരുന്തുകളും.
തെക്കൻ മെക്സിക്കോയിലും മധ്യ അമേരിക്കൻ മേഖലകളിലും ആമസോൺ കാടുകളിലുമാണ് ഹാർപ്പി പരുന്തുകളെ കൂടുതലായി കണ്ടുവരുന്നത്. 7 അടിയോളം നീളമുള്ള ചിറകുകളും പത്തു കിലോയിക്കടുത്ത് തൂക്കവുമുള്ള ഭീമൻമാരാണ് ഇവ. കറുപ്പും ചാരവും കലർന്ന നിറത്തിലുള്ള തൂവലുകളുള്ള ഇവയെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും .ഈ ഇനത്തിലെ പെൺ വർഗത്തിന്റെ കാൽ പാദങ്ങൾക്ക് മനുഷ്യരുടെ കൈപ്പത്തിയുടെ അത്ര വലുപ്പമുണ്ടാവും. നഖങ്ങളാണ് ഹാർപ്പി പരുന്തുകളുടെ പ്രധാന ആയുധം. അഞ്ച് ഇഞ്ച് വരെ നീളത്തിൽ വരെ വളരുന്ന നഖങ്ങളാണ് ഇവയ്ക്കുള്ളത്. തേവാങ്കുകൾ, കുരങ്ങന്മാർ എന്നിവയടക്കം താരതമ്യേന വലിയ മൃഗങ്ങളെ എളുപ്പത്തിൽ പിടിയിലാക്കാൻ ഈ നഖങ്ങൾ ഹാർപ്പി പരുന്തുകൾക്ക് ഏറെ സഹായകമാണ്.
വലിയ കുരങ്ങുകളെ പോലും മരങ്ങളിൽ നിന്ന് തന്നെ റാഞ്ചിയെടുത്ത് കൊണ്ടുപോവുകയാണ് ഹാർപ്പി പരുന്തുകൾ ചെയ്യുന്നത്. കൂർത്ത് വളഞ്ഞ നഖങ്ങൾ കൊണ്ടുള്ള പിടുത്തത്തിൽ നിന്ന് മൃഗങ്ങൾക്ക് രക്ഷപ്പെടുക അസാധ്യം. നഖങ്ങൾക്ക് തൊട്ടുപിന്നിലായി അതീവ ശക്തിയേറിയ മാംസപേശികളാണുള്ളത്. അതിനാൽ ഇരയെ പിടിച്ചു കഴിഞ്ഞാൽ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ താഴെ വീണു പോകാതെ ബലമായി പിടിച്ചുവയ്ക്കാൻ അവയ്ക്ക് സാധിക്കുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ പറന്നെത്തിയാണ് ഹാർപ്പി പരുന്തുകളുടെ ഇരപിടുത്തം.
അസാമാന്യ നീളമുള്ളതും ബലമുള്ളതുമായ ചിറകുകൾ എത്ര വലിയ ഇരയെയും വഹിച്ചുകൊണ്ട് പറക്കാൻ ഇവയെ സഹായിക്കുന്നുണ്ട്. ചെറിയ ശബ്ദങ്ങൾ പോലും പിടിച്ചെടുക്കത്തക്ക കേൾവിശക്തിയും അസാമാന്യമായ കാഴ്ചശക്തിയുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ശബ്ദം പിടിച്ചെടുക്കേണ്ട നേരത്ത് ഇവയുടെ മുഖത്തെ നേർത്ത രോമങ്ങൾ മൂങ്ങകളുടേതിനു സമാനമായ രീതിയിൽ എഴുന്നു നിൽക്കും. ടണലുകൾ കണക്കെ പ്രവർത്തിക്കുന്ന ഈ രോമങ്ങൾ ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാൻ സഹായിക്കും. മഴക്കാടുകളാണ് സാധാരണയായി ഹാർപ്പി പരുന്തുകളുടെ ആവാസസ്ഥലം. എന്നാൽ വനനശീകരണവും ഖനനവുമെല്ലാം കാരണം ഇവയുടെ എണ്ണത്തിൽ കാര്യമായ കുറവു വന്നിട്ടുണ്ട്.
ആമസോൺ മഴക്കാടുകളുടെ നശീകരണം കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഭൂമി നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നമാണ്. ഭൂമിയുടെ ശ്വാസകോശമെന്നു വിശേഷിപ്പിക്കാവുന്ന മഴക്കാടുകൾ തീയെരിഞ്ഞും വനംകൊള്ളക്കാരുടെ കൈകളാലും നശിക്കുന്നത് തെക്കേ അമേരിക്കയെ മാത്രമല്ല, നമ്മൾ ഉൾപ്പെടെ ലോകത്തെ സകലരെയും ബാധിക്കുമെന്നതു തീർച്ച. ആമസോണിലെ വനനശീകരണം തുടർന്നാൽ പ്രത്യേകതകളേറെയുള്ള ഈ പക്ഷിവംശം ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരാകും.
ആമസോണിൽ ആവാസ വ്യവസ്ഥ ഉറപ്പിച്ചിരിക്കുന്ന ഹാർപ്പി പരുന്തുകൾ ആകാശത്തെ പ്രധാന വേട്ടക്കാരാണ്. കുരങ്ങുകൾ മുതൽ ചെറിയ ജീവികളെ വരെ ഇവ ഇരയാക്കാറുണ്ട്. എന്നാൽ ആമസോണിലെ വനനശീകരണം മൂലം ഇവയുടെ ഇരമൃഗങ്ങളുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇത് ഹാർപ്പി പരുന്തുകൾ വലിയ തോതിൽ കൊല്ലപ്പെടുന്നതിനു വഴിയൊരുക്കുന്നുണ്ടെന്ന് സെന്റർ ഫോർ ബയോഡൈവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.
മധ്യ അമേരിക്ക മുതൽ വടക്കൻ അർജന്‌റീന വരെയുള്ള മഴക്കാടുകളിൽ ഒരുകാലത്ത് ഇവ സുലഭമായിരുന്നു. എന്നാൽ ഇന്ന് ഈ മേഖലയിലെ പല സ്ഥലങ്ങളിലും ഇവയെ കാണാനില്ല. അരനൂറ്റാണ്ടിനിടെ ആമസോൺ മഴക്കാടുകളുടെ അൻപതു ശതമാനത്തിലധികം നശീകരിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ഇതിനൊപ്പം ആമസോണിൽ വലിയ പ്രശ്‌നമാകുന്ന അനധികൃത വേട്ട കൂടിയാകുമ്പോൾ ഇര കിട്ടാതെ ഹാർപ്പികൾ വലയുകയാണ്. മറ്റു പരുന്തുകളെയും പ്രാപ്പിടിയൻമാരെയുമൊക്കെ പോലെ ഹാർപ്പികൾ ജന്മനാ വേട്ടയ്ക്കുള്ള സിദ്ധി നേടുന്നില്ല.
വളർന്നു വരുമ്പോൾ പരിശീലനത്തിലൂടെയാണ് ഇവ ആ നൈപുണ്യം ആർജിക്കുന്നത്. അതു വരെ ഇവ ഭക്ഷണത്തിനായി അച്ഛനമ്മമാരെയാണ് ആശ്രയിക്കുന്നത്. ഇരകിട്ടാതെയാകുമ്പോൾ ആദ്യം നശിക്കുന്നത് പരുന്തിൻകുഞ്ഞുങ്ങളുടെ ജനസംഖ്യയാണ്. ഇതു പ്രശ്‌നത്തിന്റെ വ്യാപ്തി കൂട്ടുന്ന സംഗതിയാണ്. ഹാർപ്പി പരുന്തുകൾ ഒറ്റയ്ക്കല്ല. ആമസോണിനെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിനു ജീവിവർഗങ്ങളും വംശനാശത്തിന്റെ വക്കിലാണ്. ഇവയെ സംരക്ഷിക്കാൻ ബ്രസീൽ ഉൾപ്പെടെ തെക്കൻ അമേരിക്കയിലെ രാജ്യങ്ങൾ ഊർജിത പദ്ധതികൾ നടപ്പാക്കണമെന്നാണു ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി വാദികളുടെയും ആവശ്യം.
English Summary: The Harpy Eagle, Nature’s Greatest Killing Machines