പാതിയോളം വിഴുങ്ങിയ പാമ്പുമായി വേഴാമ്പൽ കുഞ്ഞ്; ചത്തുപോകുമെന്ന് ഭയന്ന് സഞ്ചാരികൾ, ഒടുവിൽ?
Mail This Article
സൗത്ത് ആഫ്രിക്കയിൽ കാണപ്പെടുന്ന വലിയയിനം വേഴാമ്പലുകളാണ് സതേൺ ഗ്രൗണ്ട് വേഴാമ്പലുകൾ. സാവന്ന പുൽമേടുകളിൽ ഇവയെ കാണാൻ കഴിയും. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന കാഴ്ചയാണിത്. മാംസഭുക്കുകളായ ഇവയുടെ ഭക്ഷണം ചെറിയ ഉരഗങ്ങളും പ്രാണികളുമൊക്കെയാണ്. 60 വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്. ക്രൂഗർ ദേശീയ പാർക്കിൽ വേഴാമ്പലുകളെ കാണാൻ മാത്രമായി സഞ്ചാരികളെത്താറുണ്ട്. ഐയുസിഎന്നിന്റെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവികളാണിവ.
ഇത്തരത്തിലുള്ള ഒരു കുഞ്ഞുവേഴാമ്പലിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്രൂഗർ ദേശീയപാർക്ക് സന്ദർശിക്കാനെത്തിയ സഞ്ചാരികളാണ് ഈ അപൂർവ കാഴ്ച കണ്ടത്. സതാരയിൽ ഇവരെത്തുമ്പോൾ 4 വലിയ വേഴാമ്പലുകളും ഒരു കുഞ്ഞും പുൽമേട്ടിലൂടെ നടക്കുന്നത് കണ്ടു. വേഴാമ്പൽ കുഞ്ഞിന്റെ വായിൽ ചത്ത ഒരു പാമ്പുണ്ടായിരുന്നു. അതിനെ വിഴുങ്ങാനുള്ള ശ്രമത്തിലായിരുന്നു കുഞ്ഞ്. എന്നാൽ താരതമ്യേന വലിയ പാമ്പായിരുന്നതിനാൽ തന്നെ വേഴാമ്പൽ കുഞ്ഞിന് പാമ്പിനെ വിഴുങ്ങാൻ പ്രയാസപ്പെട്ടു. ഒരു ഘട്ടത്തിൽ പാമ്പ് അതിന്റെ വായിൽ കുടുങ്ങി ചത്തുപോകുമെന്നുവരെ കണ്ടു നിന്ന സഞ്ചാരികൾ പരിഭ്രമിച്ചു. പാമ്പിനെ പൂർണമായും വിഴുങ്ങാനോ പുറത്തേക്ക് കളയാനോ സാധിക്കാതെ വന്നപ്പോൾ വേഴാമ്പൽക്കുഞ്ഞും പ്രയാസപ്പെട്ടു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ അതിന്റെ അമ്മയും മറ്റു വേഴാമ്പലുകളും അവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു.
സഫാരി വാഹനത്തിന് പുറത്തിറങ്ങാൻ അനുവാദമില്ലാത്തതുകൊണ്ട് മാത്രമാണ് സഞ്ചാരികൾ വേഴാമ്പൽകുഞ്ഞിനെ രക്ഷിക്കാൻ താഴെയിറങ്ങാതിരുന്നത്. ഏകദേശം 45 മിനിട്ടോളമെടുത്തു വേഴാമ്പൽക്കുഞ്ഞ് പാതിയോളം വിഴുങ്ങിയ പാമ്പിനെ പുറത്തേക്ക് കളയാൻ. പുറത്തേക്ക് കളഞ്ഞ പാമ്പിനെ പിന്നീട് ചെറിയ കഷ്ണങ്ങളാക്കി കൊത്തിത്തിന്നുന്നത് കണ്ടതിനു ശേഷമാണ് സഞ്ചാരികൾ അവിടെ നിന്ന് മടങ്ങിയത്. വേഴാമ്പൽ കുഞ്ഞിന് അപകടമൊന്നും സംഭവിക്കാത്തതിന്റെ ആശ്വാസത്തിലായിരുന്നു ഇവർ. ജീവിതത്തിൽ കണ്ട അപൂർവ കാഴ്ചകളിലൊന്നായിരുന്നു ഇതെന്ന് സഞ്ചാരികൾ വിശദീകരിച്ചു.
English Summary: Dead Snake Chokes Bird