ഭാരം 1158 കിലോഗ്രാം, റെക്കോർഡ് വലുപ്പവുമായി മത്തങ്ങ, വില നാലര ലക്ഷത്തിനടുത്ത്
Mail This Article
അദ്ഭുതപ്പെടുത്തുന്ന ഭാരവുമായി പ്രദർശനത്തിലെ താരമായി മത്തങ്ങ. 1158 കിലോഗ്രാം ഭാരമുള്ള മത്തങ്ങ നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലുത് എന്ന അംഗീകാരം നേടിക്കഴിഞ്ഞു. ഗ്രേറ്റ് പംകിൻ ഫാമിൽവച്ചു നടന്ന ലോകത്താകമാനമുള്ള മത്തങ്ങകളുടെ ഭാര മത്സരത്തിലാണ് മത്തങ്ങ പ്രദർശിപ്പിക്കപ്പെട്ടത്. ന്യൂയോർക്ക് സ്വദേശിയായ സ്കോട്ട് ആൻഡ്രൂസ് എന്ന കർഷകന്റെ കൃഷിയിടത്തിൽ വിളഞ്ഞ മത്തങ്ങയാണിത്.
5500 ഡോളർ (നാല് ലക്ഷത്തി നാല്പത്തിയെണ്ണായിരം രൂപ) സമ്മാനത്തുകയും മത്തങ്ങ സ്വന്തമാക്കി. ഒക്ടോബർ രണ്ടിനായിരുന്നു മത്സരം. ഒക്ടോബർ 16 മുതൽ മത്തങ്ങ പ്രദർശനത്തിനും വയ്ക്കുന്നുണ്ട്. സമ്മാനം നേടിയ ഭീമൻ മത്തങ്ങയുടെ ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വളങ്ങളും കടൽചെടികളുമടക്കം മത്തന്റെ വളർച്ചയ്ക്ക് വേണ്ടതെല്ലാം കൃത്യമായി നൽകിയാണ് സ്കോട്ട് മത്തൻ വളർത്തിയെടുത്തത്. കൃത്യമായ ഇടവേളകളിൽ ജലസേചനവും നടത്തി.
തനിക്ക് കിട്ടിയ സമ്മാനത്തുക പൂർണമായും കൃഷിക്കായി തന്നെ വിനിയോഗിക്കാനാണ് സ്കോട്ടിന്റെ തീരുമാനം. അടുത്ത കൃഷി ഇറക്കുന്നതിനായി മണ്ണ് ഒരുക്കാനായി തുക നീക്കിവയ്ക്കും. മത്തൻ മറ്റ് ജീവികളിൽ നിന്നും സംരക്ഷിച്ചു നിർത്തുക എന്നതായിരുന്നു താൻ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി എന്ന് സ്കോട്ട് പറയുന്നു. മത്തന്റെ വലുപ്പംകണ്ട് വലിയ കസേരയാണെന്ന് കരുതി പൂച്ചകൾ പോലും അതിൽ മാന്താൻ ശ്രമിച്ചിരുന്നു. ഏറെ ശ്രദ്ധിച്ച് കരുതലോടെ ഇരുന്നതുകൊണ്ട് മാത്രമാണ് മത്തൻ മത്സരത്തിനെത്തിക്കാനായത്.
മത്സരത്തിൽ സമ്മാനം നേടുകയും വാർത്തകളിൽ താരമാവുകയും ചെയ്തെങ്കിലും ലോകത്തിൽ ഇന്നോളം ഉണ്ടായതിൽവച്ച് ഏറ്റവും വലിയ മത്തൻ സ്കോട്ടിന്റേതല്ല. ഇറ്റാലിയൻ സ്വദേശിയായ ഒരു കർഷകനാണ് ആ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്. 1225 കിലോഗ്രാമായിരുന്നു അദ്ദേഹം വളർത്തിയെടുത്ത മത്തങ്ങയുടെ ഭാരം.
English Summary: New York Farmer Sets Record For Growing Giant Pumpkin, Guess Its Weight