ADVERTISEMENT

കാടിനെയും കാട്ടു ജീവിതങ്ങളെയും ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും വലിയ വേദനയാണ് കാട്ടിൽ കുന്നു കൂടുന്ന പ്ലാസ്റ്റിക്. മണ്ണിനു മാത്രമല്ല, ഇതു ഭക്ഷണമാക്കുന്ന മിണ്ടാപ്രാണികളുടെ ജീവനും ഭീഷണിയാണ് ഇവ. നിങ്ങൾ കാടിനെ സ്നേഹിക്കുന്നുണ്ടോ, തീർച്ചയായും ഒരു വലിയ പ്ലാസ്റ്റിക് ചാക്കുമായി കാട്ടിൽ പോകണം. കാട് ആസ്വദിക്കുന്നതിനൊപ്പം അവിടെ കാണുന്ന പ്ലാസ്റ്റിക്കുകൾ പെറുക്കി ചാക്കിലാക്കണം. ട്രക്കിങ്ങിനു പോകാനും പ്രകൃതിയെ മലിനമാക്കുന്ന പ്ലാസ്റ്റിക് പെറുക്കി കൂട്ടാനും പരിസ്ഥിതി സ്നേഹികളെ ക്ഷണിക്കുകയാണ് നേച്ചർ ഗാർഡൻസ് ഓഫ് ഇന്ത്യ എന്ന പരിസ്ഥിതി സ്നേഹികളുടെ കൂട്ടം. 

കാടോണത്തിൽ തുടങ്ങിയ പെറുക്കൽ

6 വർഷം മുമ്പാണ്, പാലക്കാടുള്ള ഒരു പറ്റം സുഹൃത്തുക്കൾ കാടിനോടുള്ള ഇഷ്ടം കൊണ്ട് നെല്ലിയാമ്പതി താഴ്‌വാരത്തുള്ള കൽചാടി കോളനിയിൽ കാടോണം എന്ന ഒരു പരുപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ഉച്ചക്ക് ശേഷം അന്നത്തെ നെല്ലിയാമ്പതി ഫോറസ്റ്റ് ഓഫീസർ ഭദന്റെ നിർദേശമായിരുന്നു നെല്ലിയാമ്പതിയിൽ നൂറടി ജംഗ്ഷനിൽ കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കുക എന്നത്. ഈ തുടക്കത്തിൽ നിന്നു കിട്ടിയ ഊർജത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കൂട്ടം വലുതാക്കി തുടർന്നുള്ള മാസങ്ങളിൽ ക്യാംപുകൾ സംഘടിപ്പിച്ചു. ലക്ഷ്യം കാടു വൃത്തിയാക്കൽ തന്നെ. 

ഗ്രീനറി ഗാർഡ്‌സ് ഓഫ് ഇന്ത്യ എന്ന പേരിൽ വ്യാപക പ്രചാരണം ലഭിച്ച ഈ സംഘം പിന്നീട് 2020ൽ നേച്ചർ ഗാർഡ്‌സ് ഓഫ് ഇന്ത്യ, പാലക്കാട്‌ എന്ന പേരിലാണ് ക്യാംപുകൾ സംഘടിപ്പിക്കുന്നത്. വിദ്യാർഥികളും സ്ത്രീകളും തുടങ്ങി സമൂഹത്തിലെ പരിസ്ഥിതിയെ ഇഷ്ടപ്പെടുന്ന എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് ക്യാംപുകൾ സംഘടിപ്പിക്കുന്നത്. അംഗങ്ങളിൽ നിന്നു ചെറു തുകകൾ സമാഹരിച്ച് ക്യാംപിനുള്ള ചെലവുകളും കണ്ടെത്തി. 

കാട് നന്നാകുന്നുണ്ട്!

നേരത്തേ കാട്ടിൽ പെറുക്കി നടക്കുമ്പോൾ 120 ചാക്കുകൾ വരെ പ്ലാസ്റ്റിക് മാലിന്യം കിട്ടിയിരുന്നിടത്ത് ഇന്നത് 20 മുതൽ 30 വരെയായി കുറഞ്ഞിട്ടുണ്ടെന്നാണ് അനുഭവം.ശേഖരിക്കുന്ന മാലിന്യം നിലവിൽ എവിടെയെങ്കിലും കെട്ടി കിടക്കുന്ന സാഹചര്യവുമില്ല. എൻജിഐയുടെ പ്രവർത്തനം ബോധ്യപ്പെട്ട പഞ്ചായത്ത് എല്ലാ മാസവും ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കി നൽകിയിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന മാലിന്യം അപ്പോൾ തന്നെ തരം തിരിച്ചു സൂക്ഷിക്കുന്നതാണ് രീതി. പിന്നീടു ശുചിത്വമിഷനു കൈമാറും. 

Nelliyampathy-Plastic-free-project3
Image/Video grab

അൽപം സാഹസവും ആകാം

കാടു യാത്രയ്ക്കു പോരുന്നവർക്ക് അൽപം സാഹസത്തിനും അവസരം ഒരുക്കുന്നുണ്ട് എൻജിഐ. റോഡിനു താഴ് ഭാഗങ്ങളിലും ആഴപ്രദേശങ്ങളിലും വീണു കിടക്കുന്ന പ്ലാസ്റ്റിക് ശേഖരിക്കുന്നതിനാണ് ഈ സാഹസം. ഗ്രൂപ്പിൽ സാഹസിക കായിക ഇനങ്ങളിൽ വിദഗ്ധരായവർ ഉള്ളതിനാൽ ഇവരുടെ നേതൃത്വത്തിലാണ് ഈ സാഹസ ഇടപെടലുകൾ. ട്രക്കിങ്ങിനു പോകുമ്പോൾ അൽപം സാഹസം വേണമെന്നാണ് ഗ്രൂപ്പിലെ അംഗങ്ങളുടെ നിലപാട്. സ്വമനസാലെ മുൻകൈ എടുത്ത് ഒപ്പം കൂടുന്നവരെ കൂടെക്കൂട്ടാൻ എൻജിഐ പ്രവർത്തകർക്കും താൽപര്യം. കാടു വൃത്തിയാക്കാന്‍ നമ്മൾ കാണിക്കുന്ന താൽപര്യം പ്രദേശത്ത് എത്തുന്ന ടൂറിസ്റ്റുകൾക്കും ആവേശം പകരുന്നുണ്ട്. ഇതിനകം ഏകദേശം 7ടൺ പ്ലാസ്റ്റിക്കും ഇതര ദ്രവിക്കാത്ത മാലിന്യങ്ങളും നെല്ലിയാമ്പതിയിൽ നിന്നു മാത്രം എൻജിഐയുടെ നേതൃത്വത്തിൽ മാറ്റിയിട്ടുണ്ട്.  

ഉത്തരവാദിത്ത ടൂറിസം

ഉത്തരവാദിത്ത ടൂറിസം എന്ന ആശയം പ്രായോഗികമാക്കുമ്പോൾ നെല്ലിയാമ്പതി കൂടുതൽ മനോഹരമാകുമെന്ന നിലപാടാണ് സംഘാംഗങ്ങൾക്കുള്ളത്. ഇവിടേയ്ക്ക് ആളുകളെ എത്തിക്കുന്ന വാഹനങ്ങൾ മുതൽ റിസോർട്ടുകളും കടകളും മുതൽ പ്രദേശവാസികൾക്കും യാത്രക്കാരായി എത്തുന്നവർക്കും വരെ ഉത്തരവാദിത്ത ടൂറിസത്തിൽ പങ്കുണ്ട്.

Nelliyampathy-Plastic-free-project1
Image/Video grab

പാർക്കിങ് മുതലുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ സേവനം വേണ്ടിവരും. താഴെയുള്ള നാലു പഞ്ചായത്തുകളുടെ കുടിവെള്ള ഉറവിടമായ മലയെ മാലിന്യ വിമുക്തമാക്കുന്നത് നാടിന്റെ കൂടി ആവശ്യമാണ്.

English Summary: Nelliyampathy Plastic free project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com