ADVERTISEMENT

പുതുപുത്തൻ ഡ്രസ് വേണോ, പുതിയ മൊബൈൽ വേണോ, കളിപ്പാട്ടം വേണോ, ഫർണിച്ചർ വാങ്ങണോ... ഇതെല്ലാം ഒരൊറ്റയിടത്തുനിന്നു ലഭിച്ചാൽ സന്തോഷം. അങ്ങനെയാണല്ലോ നമ്മൾ മാളുകളിലേക്കു പായുന്നത്. ഒന്നും വാങ്ങിയില്ലെങ്കിൽപ്പോലും മാളിൽ ചുമ്മാ ചുറ്റിയടിച്ചു തിരികെ വരാമല്ലോ. ഇനി ചിലപ്പോൾ ചുറ്റിയടിക്കാൻ വേണ്ടി പോയാലും അവിടുത്തെ പുതുപുത്തൻ കലക്‌ഷനുകൾ കാണുമ്പോൾ ആരായാലും എന്തെങ്കിലുമൊക്കെ വാങ്ങിപ്പോകും. അങ്ങനെ മാളുകളുമായി ബന്ധപ്പെടുത്താവുന്ന ഏറ്റവും മികച്ച വാക്ക് ‘പുതുമ’ എന്നതായിരിക്കും. അതുപക്ഷേ കേരളത്തിലെ കഥ. സ്വീഡനിലേക്കു പോയാൽ കഥ മാറും. 

അവിടുത്തെ ഒരു മാളിൽ പുതിയ വസ്തുക്കളൊന്നും വാങ്ങാന്‍ കിട്ടില്ല. എല്ലാം സെക്കൻഡ് ഹാൻഡ് വസ്തുക്കളായിരിക്കും. അല്ലെങ്കില്‍ റീസൈക്കിൾ ചെയ്ത വസ്തുക്കള്‍, അതുമല്ലെങ്കിൽ പഴയ വസ്തുക്കളിന്മേൽ അറ്റകുറ്റപ്പണിയോ അലങ്കാരപ്പണിയോ ചെയ്തവ. കേരളത്തിനുൾപ്പെടെ മികച്ച മാതൃകയാക്കാവുന്ന ഈ മാളുള്ളത് എസ്കിൽസ്റ്റൂണ മുനിസിപ്പാലിറ്റിയിലാണ്. മാളിന്റെ പേര് റീട്യൂണ (ReTuna-Return എന്നർഥം). സെക്കൻഡ് ഹാൻഡ് ഉൽപന്നങ്ങൾ മാത്രം വിൽക്കുന്ന ലോകത്തിലെ ആദ്യത്തെ മാളാണിത്. 

∙ എന്താണ് ഈ മാളിന്റെ പ്രത്യേകതകൾ?

പ്രകൃതിസംരക്ഷണത്തിന്റെ കാര്യത്തിൽ ലോകത്തെ ഒന്നാം നിര രാജ്യമാണ് സ്വീഡൻ. ഗ്രീൻ എനർജിയുടെ കാര്യത്തിലും സ്വീഡൻ മുൻപന്തിയിലാണ്. ഇവിടെ സൈക്കിളുകൾക്കായി പ്രത്യേക പാത വരെയുണ്ട്. മാത്രവുമല്ല, സ്വീഡനിൽ ഒരു വർഷമുണ്ടാകുന്ന മാലിന്യത്തിൽ ഒരു ശതമാനം മാത്രമാണ് ലാൻഡ് ഫിൽ ആയി ഉപയോഗിക്കുന്നത്. ബാക്കി 47 ശതമാനവും റീസൈക്കിൾ ചെയ്യും, 52 ശതമാനം ഊർജോൽപാദനത്തിനും ഉപയോഗിക്കും. യുഎസിലൊക്കെ പക്ഷേ 50 ശതമാനം മാലിന്യവും ലാൻഡ് ഫിൽ ആയി ഉപയോഗിക്കുകയാണു പതിവ്. സ്വീഡന്റെ ഈ പ്രകൃതിസൗഹൃദ സ്വഭാവമാണ് ലോകത്തിലെ ആദ്യത്തെ സെക്കൻഡ് ഹാൻഡ് മാളിന്റെ (ഒരുപക്ഷേ ലോകത്തിലെ ഒരേയൊരു സെക്കൻഡ് ഹാൻഡ് മാളിന്റെയും) തുടക്കത്തിലേക്കും നയിച്ചത്.

A picture taken on November 15, 2019 shows an outside view of "ReTuna", a shopping centre dedicated to second-hand objects, in Eskilstuna, Sweden. - In Eskilstuna, a Swedish industrial town undergoing ecological reconversion, the recycling of second-hand products takes on another dimension with an entire shopping centre dedicated to second-hand objects, consisting of thirteen shops. (Photo by Jonathan NACKSTRAND / AFP)
റീട്യൂണ മാളിനു മുൻവശം (Photo by AFP / Jonathan NACKSTRAND)

മുനിസിപ്പാലിറ്റിയിലെ മാലിന്യം തരംതിരിക്കാനും റീസൈക്കിൾ ചെയ്യാനുമെല്ലാമായി ഒരു കലക്‌ഷൻ സെന്റർ എസ്കിൽസ്റ്റൂണയിലുണ്ട്. ഇതിനു തൊട്ടടുത്താണ് റീട്യൂണ മാൾ. 2015 ഓഗസ്റ്റിലായിരുന്നു തുടക്കം. മുനിസിപ്പാലിറ്റി ഇടപെട്ട് ഒരു കമ്പനിയായിട്ടായിരുന്നു മാൾ രൂപീകരിച്ചത്. എന്നിട്ട് വിവിധ കടയുടമകൾക്കായി വീതിച്ചു കൊടുത്തു. ആദ്യത്തെ രണ്ടു വർഷം വാടകയുടെ 50 ശതമാനം തുക മുനിസിപ്പാലിറ്റി സബ്സിഡിയായി നൽകി. പിന്നീടുള്ള ഒരു വർഷം വാടകയിനത്തിൽ 30% സബ്സിഡി നൽകി. 2018 മുതൽ മുഴുവൻ വാടകയും മുനിസിപ്പാലിറ്റി ഈടാക്കിത്തുടങ്ങി. അതിനു കാരണവുമുണ്ട്. മാളിലെ പതിന‍ഞ്ചോളം കടകളും അതിനോടകം ലാഭത്തിലായിക്കഴിഞ്ഞിരുന്നു. 2018ൽ മാത്രം ഒൻപതു കോടിയോളം രൂപയുടെ വസ്തുക്കളാണ് മാളിൽ വിറ്റഴിച്ചത്. നിലവിൽ അത് പ്രതിവർഷം 15 കോടിയിലേക്കു വരെ ഉയർന്നു കഴിഞ്ഞു.

A picture taken on November 15, 2019 shows items to be processed at the recycling line at "ReTuna", a shopping centre dedicated to second-hand objects, in Eskilstuna, Sweden. - In Eskilstuna, a Swedish industrial town undergoing ecological reconversion, the recycling of second-hand products takes on another dimension with an entire shopping centre dedicated to second-hand objects, consisting of thirteen shops. (Photo by Jonathan NACKSTRAND / AFP)
റീട്യൂണ മാളിലെ സ്റ്റോർമുറികളിലൊന്നിലെ കാഴ്ച (Photo by AFP / Jonathan NACKSTRAND)

∙ എങ്ങനെയാണ് പ്രവർത്തനം?

സ്വീഡനിലെ ജനം മാസത്തിലൊരിക്കൽ തങ്ങളുടെ വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കളുമായി മുനിസിപ്പൽ സെന്ററിലെത്തും. അവിടെ പല വലുപ്പത്തിലുള്ള കണ്ടെയ്നറുകൾ വച്ചിട്ടുണ്ടാകും. ഒട്ടും ഉപയോഗിക്കാനാകാത്തത്, പുനരുപയോഗിക്കാനാകുന്നത്, റീസൈക്കിൾ ചെയ്യാനാകുന്നത് എന്നിങ്ങനെ വസ്തുക്കളിടാൻ കണ്ടെയ്നറുകൾ തരംതിരിച്ചിട്ടുണ്ടാകും. മാലിന്യത്തെ എങ്ങനെ ഇത്തരത്തിൽ മനസ്സിലാക്കുമെന്നു സംശയമുണ്ടാകുമല്ലേ! മുനിസിപ്പാലിറ്റി ഇതിനായി ഇടയ്ക്കിടെ പ്രത്യേക ക്ലാസുകൾ മാളിൽ സംഘടിപ്പിക്കാറുണ്ട്. എസ്കിൽസ്റ്റൂണയിലെ പലയിടത്തും റീസൈക്ലിങ് സംബന്ധിച്ച ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്ന പതിവുണ്ട്. ഇതുവഴി, മാലിന്യം എങ്ങനെ തംരംതിരിക്കണമെന്നു വരെ ജനത്തെ പഠിപ്പിച്ചിട്ടുണ്ട്.

A picture taken on November 15, 2019 shows items to be processed at the recycling line at "ReTuna", a shopping centre dedicated to second-hand objects, in Eskilstuna, Sweden. - In Eskilstuna, a Swedish industrial town undergoing ecological reconversion, the recycling of second-hand products takes on another dimension with an entire shopping centre dedicated to second-hand objects, consisting of thirteen shops. (Photo by Jonathan NACKSTRAND / AFP)
റീട്യൂണ മാളിലെ സ്റ്റോർമുറികളിലൊന്നിലെ കാഴ്ച (Photo by AFP / Jonathan NACKSTRAND)

ഇത്തരത്തിൽ ലഭിക്കുന്ന മാലിന്യം ശേഖരിക്കാനായി മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘവുമുണ്ട്. ഇവരാണ് വസ്ത്രം, ഇലക്ട്രോണിക്സ്, കളിപ്പാട്ടം, കൗതുകവസ്തു, ഫർണിച്ചർ എന്നിങ്ങനെ തരംതിരിച്ച് ഓരോ വസ്തുക്കളും മാളിലെ സ്റ്റോറുകളിലെത്തിക്കുന്നത്. ഉദാഹരണത്തിന് മാളിൽ സെക്കൻഡ് ഹാൻഡ് ഫർണിച്ചർ വിൽക്കുന്ന കടയുടെ കാര്യമെടുക്കുക. അവിടേക്കായിരിക്കും പഴയ ഫർണിച്ചറുകളെത്തിക്കുക. മാളിലെ ഓരോ കടയിലും ഒരു വർക്‌ഷോപ്പുമുണ്ടാകും. അവിടെ വച്ചായിരിക്കും ഫർണിച്ചറിന്റെ റീസൈക്ലിങ്. പെയിന്റടിച്ച് മോടി പിടിപ്പിക്കുന്നതു മുതൽ കസേരയുടെയും മേശയുടെയും കാലുറപ്പിക്കുന്ന പരിപാടി വരെ ഇവിടെ നടക്കും. 

A picture taken on November 15, 2019 shows the reflection of a woman in a mirror displayed for sale at "ReTuna", a shopping centre dedicated to second-hand objects, in Eskilstuna, Sweden. - In Eskilstuna, a Swedish industrial town undergoing ecological reconversion, the recycling of second-hand products takes on another dimension with an entire shopping centre dedicated to second-hand objects, consisting of thirteen shops. (Photo by Jonathan NACKSTRAND / AFP)
റീട്യൂണ മാളിലെ ഷോപ്പുകളിലൊന്നിലെ കാഴ്ച (Photo by AFP / Jonathan NACKSTRAND)

വർക്‌ഷോപ്പിൽനിന്നു പുറത്തിറങ്ങുന്നതാകട്ടെ ഉഗ്രൽ ലുക്കുള്ള ഫർണിച്ചറും. തുണിക്കടകളിലും കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളിലുമെല്ലാം സംഭവിക്കുന്നതും ഇതുതന്നെ. ലോകപ്രശസ്ത ഫർണിച്ചർ ബ്രാൻഡായ ഐക്കിയ തങ്ങളുടെ കേടുവന്ന ഫർണിച്ചർ ഇത്തരത്തിൽ ശേഖരിച്ച് മാളിലെ സെക്കൻഡ് ഹാൻഡ് ഷോപ് വഴി വില്‍ക്കുന്നുണ്ട്. മാളിലെ വിന്റേജ് ക്ലോത്തിങ് സ്റ്റോറും കരകൗശല സ്റ്റോറും കളിപ്പാട്ടക്കടകളും ഇലക്ട്രോണിക്സ് സ്റ്റോറുമെല്ലാം ഇപ്പോൾ സ്വീഡനിലെത്തുന്ന ടൂറിസ്റ്റുകൾക്കു മുന്നിൽപ്പോലും പ്രധാന ആകർഷണമാണ്. 

A picture taken on November 15, 2019 shows a view of the "ReTuna", a shopping centre dedicated to second-hand objects, in Eskilstuna, Sweden. - In Eskilstuna, a Swedish industrial town undergoing ecological reconversion, the recycling of second-hand products takes on another dimension with an entire shopping centre dedicated to second-hand objects, consisting of thirteen shops. (Photo by Jonathan NACKSTRAND / AFP)
റീട്യൂണ മാളിലെ ഷോപ്പുകളിലൊന്ന് (Photo by AFP / Jonathan NACKSTRAND)

ഒരു തരത്തിലും പുനരുപയോഗിക്കാൻ പറ്റാത്ത വസ്തുക്കൾ ഇവിടെനിന്ന് മുനിസിപ്പൽ സെന്ററിലേക്കു മാറ്റും. പക്ഷേ അങ്ങനെയുള്ള വസ്തുക്കൾ പക്ഷേ അപൂർവമാണെന്നതാണു സത്യം. കാരണം, മാളിനോടു ചേർന്ന് ഒരു ഡിസൈനിങ് സ്കൂളുണ്ട്. എന്തിനേയും ഏതിനെയും പുനരുപയോഗിക്കാവുന്ന പരുവത്തിലേക്ക് എങ്ങനെ മാറ്റാമെന്നു പഠിപ്പിക്കുന്ന വിദഗ്ധരാണ് ഇവിടെയുള്ളത്. ഒട്ടേറെ പേരാണ് ഈ ക്ലാസ് അറ്റൻഡ് ചെയ്യാനായി എത്തുന്നത്. 

ഇനി മാളിലെ ഉൽപന്നങ്ങൾക്ക് എത്ര വിലയാകുമെന്നു നോക്കാം. സാധാരണയേക്കാൾ വില കുറയുമെന്നത് ഉറപ്പ്. ഇനിപക്ഷേ ആ വിലയിൽ നിങ്ങൾ തൃപ്തരല്ലെങ്കില്‍ വിലപേശി വാങ്ങാനും സൗകര്യമുണ്ട്. റീട്യൂണയിലെത്തുന്ന ആരും നിരാശരായിപ്പോകരുതെന്നു ചുരുക്കം. ആരും നിരാശപ്പെടില്ലെന്നു മാത്രമല്ല, പ്രകൃതിയുടെ ഭാവിയെക്കുറിച്ച് പ്രത്യാശയോടെത്തന്നെയായിരിക്കും എല്ലാവരുംതന്നെ ആ മാൾ വിടുക.

English Summary: Sweden's ReTuna Mall is World's First Second-hand Mall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com