ADVERTISEMENT

ഓരോ വർഷവും രാജ്യാന്തര പരിസ്ഥിതി ദിനാഘോഷത്തിന് മുഖ്യ ആതിഥേയത്വം വഹിക്കാൻ ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഒരു രാജ്യത്തെ തിരഞ്ഞെടുക്കും. 2022ൽ അത് സ്വീഡനായിരുന്നു. ഇത്തവണ, ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റും (Republic of Côte d'Ivoire). പ്ലാസ്റ്റിക്കിനെതിരെ പോരാടാം എന്നതാണ് ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശം. അങ്ങനെ നോക്കുകയാണെങ്കിൽ ഇത്തവണ ആതിഥേയത്വം വഹിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യംതന്നെയാണ് ഐവറി കോസ്റ്റ്. കാരണം, പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് അത്രയേറെ പറയാനുണ്ട് ആ രാജ്യത്തിന്. ഒപ്പം അതിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും.

ഐവറി കോസ്റ്റിലെ ഏറ്റവും വലിയ നഗരമാണ് ആബിജാൻ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം. ലോകത്തിൽ പാരിസും കിൻസാസയും കഴിഞ്ഞാൽ, ഫ്രഞ്ച് സംസാരിക്കുന്നവർ ഏറ്റവുമധികമുള്ള നഗരവും ഇതാണ്. 45 ലക്ഷത്തോളം ജനസംഖ്യയുള്ള ഈ നഗരത്തിൽനിന്നു മാത്രം ദിവസവും 280 ടണിലേറെ പ്ലാസ്റ്റിക് മാലിന്യമാണുണ്ടാകുന്നത്. ഇതിലേറെയും ഗ്രാമീണ മേഖലയിലും താഴെക്കിടയിലുള്ളവർ താമസിക്കുന്ന മേഖലയിലും തള്ളുകയാണു പതിവ്. നഗരത്തിന്റെ മാലിന്യം ഗ്രാമം ഏറ്റുവാങ്ങേണ്ട അവസ്ഥ. ആകെയുണ്ടാകുന്ന മാലിന്യത്തിൽ അഞ്ചു ശതമാനം മാത്രമാണ് റീസൈക്കിൾ ചെയ്യുന്നത്. അതിനും ഔദ്യോഗിക സംവിധാനങ്ങൾ കുറവാണ്. പകരം ഡംപ് യാഡുകളിൽനിന്നും മറ്റും വനിതകളും കുട്ടികളും ഉൾപ്പെടെ പ്ലാസ്റ്റിക് ശേഖരിച്ചു വിൽക്കുകയാണു പതിവ്.

Read Also: ഈ മാളിൽ പുതിയ സാധനങ്ങളൊന്നുമില്ല, എന്നിട്ടും വിറ്റുവരവ് കോടികൾ; എന്താണു കാരണം?

plastic-brick-class
ഐവറി കോസ്റ്റിൽ പ്ലാസ്റ്റിക് ഇഷ്ടിക ഉപയോഗിച്ചു നിർമിച്ച ക്ലാസ് മുറി.

ഈ പ്ലാസ്റ്റിക് വീട്ടിൽ സൂക്ഷിക്കുകയാണു രീതി. പ്ലാസ്റ്റിക്കിനു വില കൂടുന്നതിനനുസരിച്ച് എടുത്തു വിൽക്കും. ഒട്ടും ശുചിത്വമില്ലാത്ത സാഹചര്യത്തിലാണ് പലതരം പ്ലാസ്റ്റിക് സൂക്ഷിക്കുന്നത്. ഇതു കുട്ടികൾക്ക് ഉൾപ്പെടെ പലതരം രോഗം പകരാനും കാരണമാകുന്നു. രാജ്യത്തുണ്ടാകുന്ന മലേറിയ കേസുകളിൽ 60 ശതമാനത്തിനും കാരണം അശാസ്ത്രീയമായ മാലിന്യ സംസ്കരണമാണെന്നു കണ്ടെത്തിയിട്ടുണ്ട്. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കും, അവ അടിഞ്ഞുകൂടി ജലാശയങ്ങളിലെ ഒഴുക്ക് നിലയ്ക്കുന്നതും കൊതുകുകൾക്കു മുട്ടയിടാൻ പറ്റിയ സാഹചര്യമാണു സൃഷ്ടിക്കുന്നതും.

∙ പഠനവും പ്ലാസ്റ്റിക്കും

പ്ലാസ്റ്റിക് മലിനീകരണത്തോടൊപ്പം ഐവറി കോസ്റ്റ് നേരിടുന്ന മറ്റൊരു പ്രശ്നമാണ് കുട്ടികളുടെ പഠനം. ആറു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾ നിർബന്ധമായും സ്കൂളിൽ പോകണമെന്ന് നിയമം മൂലം നിർദേശിച്ചിട്ടുണ്ട് ഐവറി കോസ്റ്റിൽ. എന്നാൽ രാജ്യത്തെ 20 ലക്ഷത്തോളം കുട്ടികൾ ഇന്ന് വിദ്യാലയത്തിനു പുറത്താണ്. ആവശ്യത്തിന് സ്കൂളുകളും ക്ലാസ് മുറികളും ഇല്ല എന്നതുതന്നെ പ്രശ്നം. ഉള്ള ക്ലാസുകളിലെല്ലാം നൂറോളം കുട്ടികളെ കുത്തിനിറച്ചാണു പഠിപ്പിക്കുന്നത്. ഇത്തരത്തിൽ പ്ലാസ്റ്റിക് മലിനീകരണവും വിദ്യാഭ്യാസ പ്രശ്നവും വലിയ തലവേദനയായതോടെ ഐക്യരാഷ്ട്ര സംഘടന ഇടപെട്ടു. യുനിസെഫിന്റെ (യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്) കീഴിൽ ഒരു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു.

plastic-brick-class-1
ഐവറി കോസ്റ്റിൽ പ്ലാസ്റ്റിക് ഇഷ്ടിക ഉപയോഗിച്ചു നിർമിച്ച ക്ലാസ് മുറി.

കോൺസെപ്റ്റോസ് പ്ലാസ്റ്റിക്കോസ് എന്ന കൊളംബിയൻ കമ്പനിയുമായി ചേർന്നായിരുന്നു യുനിസെഫിന്റെ നീക്കം. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കും റബറുമെല്ലാം ഉപയോഗിച്ച് ഇഷ്ടികകൾ നിർമിക്കുന്ന കമ്പനിയാണിത്. ലെഗോ കട്ടകളുടേതിനു സമാനമായി പരസ്പരം ചേർത്തു വയ്ക്കുന്നതാണ് ഇതിലെ രീതി. അതായത്, ഈ പ്ലാസ്റ്റിക് ഇഷ്ടിക പരസ്പരം ഉറപ്പിക്കുന്നതിനു സിമന്റോ മണ്ണോ വേണ്ട, പകരം ചുറ്റികകൊണ്ട് അടിച്ചുറപ്പിച്ചാൽ മതി. തീപിടിത്തത്തെ ചെറുക്കുന്ന രീതിയിലാണ് നിർമാണം. വെള്ളം അകത്തേക്കു കടത്തിവിടാനും ഈ പ്ലാസ്റ്റിക് ഇഷ്ടിക സമ്മതിക്കില്ല. 100 വർഷമെങ്കിലും ഒരു കുഴപ്പവും പറ്റാതെയിരിക്കും. കൊടുങ്കാറ്റിനെപ്പോലും പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

∙ റീസൈക്കിൾഡ് പ്ലാസ്റ്റിക് സ്കൂൾ

പദ്ധതി പ്രകാരം 2019ൽ ആഫ്രിക്കയിലെ ആദ്യത്തെ ‘റീസൈക്കിൾഡ് പ്ലാസ്റ്റിക് സ്കൂൾ’ ഐവറി കോസ്റ്റിലെ ഗോസാഗുവില്ലിൽ നിർമിച്ചു. സാധാരണ ക്ലാസ് മുറികളുടെ നിർമാണത്തിന് കുറഞ്ഞത് ഒൻപതു മാസമെങ്കിലും വേണം. എന്നാൽ പരമ്പരാഗതരീതി ഒഴിവാക്കി, പ്ലാസ്റ്റിക് ഇഷ്ടിക ഉപയോഗിച്ചതോടെ നിർമാണസമയം ഏതാനും ആഴ്ചകളിലേക്കു ചുരുങ്ങി. 2019 മുതൽ രാജ്യത്തിന്റെ പലയിടത്തുമായി ഇത്തരം സ്കൂളുകൾ നിർമിക്കുന്നുണ്ട്. അതുവഴി ഇതുവരെ 8500ലേറെ കുട്ടികൾക്കു പഠിക്കാനും സാധിച്ചു. എന്നാൽ അവിടെയും നിർത്താനുദ്ദേശിച്ചിട്ടില്ല യുനിസെഫും കോൺസെപ്റ്റോസ് പ്ലാസ്റ്റിക്കോസും. സ്കൂളിലേക്കു പോകാനാകാതെ നിൽക്കുന്ന ലക്ഷക്കണക്കിനു കുട്ടികൾക്കു പഠിക്കണമെങ്കിൽ ആകെ 15,000 ക്ലാസ് മുറികളെങ്കിലും ഇനിയും ഐവറി കോസ്റ്റിൽ നിർമിക്കേണ്ടി വരും. ഇതെല്ലാം പ്ലാസ്റ്റിക് ഇഷ്ടിക ഉപയോഗിച്ചു നിർമിക്കാനാണു തീരുമാനം.

ഐവറി കോസ്റ്റിൽ പ്ലാസ്റ്റിക് ഇഷ്ടിക ഉപയോഗിച്ചു നിർമിച്ച ക്ലാസ് മുറികളിലൊന്ന് (ചിത്രം: DS Smith)
ഐവറി കോസ്റ്റിൽ പ്ലാസ്റ്റിക് ഇഷ്ടിക ഉപയോഗിച്ചു നിർമിച്ച ക്ലാസ് മുറികളിലൊന്ന് (ചിത്രം: DS Smith)

തുടക്കത്തിൽ കോൺസെപ്റ്റോസ് പ്ലാസ്റ്റിക്കോസിന്റെ കൊളംബിയയിലെ നിർമാണ കേന്ദ്രത്തില്‍നിന്നാണ് ഇഷ്ടികകൾ എത്തിച്ചത്. പിന്നീട് ഐവറി കോസ്റ്റിൽനിന്നുതന്നെ പ്ലാസ്റ്റിക് ശേഖരിച്ച്, അവിടെ ഇഷ്ടിക നിർമാണം തുടങ്ങി. ഇത് പ്ലാസ്റ്റിക് മലിനീകരണത്തിലുണ്ടാക്കിയ കുറവ് ചില്ലറയൊന്നുമല്ല. ഇഷ്ടിക നിർമാണത്തിനുള്ള ഫാക്ടറി പൂർണമായും പ്രവർത്തനസജ്ജമായാല്‍ വർഷംതോറും 9600 ടൺ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യാൻ സാധിക്കും. വനിതകൾക്ക് ഉൾപ്പെടെ വലിയൊരു തൊഴിൽ വിപണിയായിരിക്കും ഇതു തുറക്കുക. പ്ലാസ്റ്റിക് ശേഖരിച്ച് ഫാക്ടറിയിലെത്തിച്ചാൽ കുട്ടികളെ പഠിക്കാനുള്ള പണവും അതിൽനിന്നു ലഭിക്കും. അങ്ങനെ, ഒരിക്കൽ ശാപമായിരുന്ന പ്ലാസ്റ്റിക്കിനെ വരമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് ഐവറി കോസ്റ്റ്.

English Summary: How Ivory Coast Turned Plastic Waste into Bricks to Build Class Rooms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com