പ്ലാസ്റ്റിക്കിനെതിരെ അദ്ഭുത കണ്ടെത്തൽ; ലോകത്തെ രക്ഷിക്കുമോ ഈ കുഞ്ഞിപ്പുഴു?
Mail This Article
നിങ്ങൾ പുറത്തേക്കു വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് സഞ്ചി. അതു കാലക്രമേണ മണ്ണില്‍ പുതഞ്ഞു പോയി വർഷങ്ങൾ കഴിഞ്ഞ് മണ്ണു കുഴിച്ചു നോക്കിയാലും ആ സഞ്ചി യാതൊരു കുഴപ്പവും പറ്റാതെ അവിടെ കിടപ്പുണ്ടാകും. ഇതെന്താണ് വിഘടിച്ചു മണ്ണോടു ചേരാത്തത്? അതാണ് പ്ലാസ്റ്റിക്കിന്റെ പ്രത്യേകത. ചില പ്ലാസ്റ്റിക് വസ്തുക്കൾ വിഘടിച്ചു പോകണമെങ്കിൽ 500– 1000 വർഷം വരെ വേണ്ടി വരും. അതായത് നമ്മുടെ നാലും അഞ്ചും ആറും തലമുറകൾ കഴിഞ്ഞാലും, നാം ഉപേക്ഷിച്ച പ്ലാസ്റ്റിക് മണ്ണിൽത്തന്നെ കിടക്കുമെന്നു ചുരുക്കം. വിഘടിക്കുക എന്നുവച്ചാൽ എന്നന്നേക്കുമായി ഇല്ലാതാവുമെന്നല്ല, അവ പൊടിഞ്ഞ് ചെറുതരിയായി മണ്ണിനോടു ചേരുമെന്നാണ്. അതും ഏറെ ദോഷകരമാണ് ഭൂമിക്ക്.
ഇക്കാരണങ്ങളാൽത്തന്നെ പ്ലാസ്റ്റിക്കിനെ ഏതു വിധേയനയും വിഘടിപ്പിക്കാനാണ് ഗവേഷകർ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക് തിന്നു തീർക്കാന്‍ ശേഷിയുള്ള ഒരു ചിതലോ പുഴുവോ ഉണ്ടായിരുന്നെങ്കിലെന്നു വരെ അവർ ആഗ്രഹിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം അടുത്തിടെ അവർക്കു ലഭിക്കുകയും ചെയ്തു. 2022 ഒക്ടോബറിലായിരുന്നു ആ സന്തോഷ വാർത്തയെത്തിയത്. പ്ലാസ്റ്റിക്കിനെ എളുപ്പത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്ന എൻസൈം പുറപ്പെടുവിക്കാൻ ശേഷിയുള്ള ഒരു നിശാശലഭത്തിന്റെ ലാർവയെയാണ് ഗവേഷകര്‍ കണ്ടെത്തിയത്.
വാക്സ് വേം എന്നായിരുന്നു ആ ലാർവയുടെ പേര്. ചിത്രശലഭങ്ങൾ രൂപപ്പെടുന്നതിനു മുൻപ് അവ പുഴുവിന്റെ രൂപത്തിലായിരിക്കുമല്ലോ. അതുതന്നെയാണ് വാക്സ് വേമും. വാക്സ് മോത്ത് എന്നറിയപ്പെടുന്ന നിശാശലഭത്തിന്റെ ലാർവയാണ് വാക്സ് വേം എന്നറിയിപ്പെടുന്നത്. ഇവയ്ക്ക് ഈ പേരു വരാനും കാരണമുണ്ട്. തേനീച്ചക്കൂട്ടിൽ കാണപ്പെടുന്ന മെഴുകാണ് (വാക്‌സ്) ഈ ലാർവയുടെ പ്രിയ ഭക്ഷണം. മുട്ട വിരിഞ്ഞ് പുറത്തെത്തുന്ന ലാർവകൾ ഈ മെഴുക് തിന്നാനെത്തും.
തേനീച്ചക്കർഷകരാകട്ടെ വാക്സ് വേമുകളെ ഒരു പ്രകൃതിദത്ത കീടനാശിനിയായാണു കാണുന്നത്. തേനീച്ചക്കൂട്ടിലെ തേനടയിൽ പലതരം ഷഡ്പദങ്ങളുടെ ലാർവകളുണ്ടാകും. ഇവ പലതരം രോഗങ്ങൾക്കും തേനുൽപാദനം കുറയാനും കാരണമാകാറുണ്ട്. എന്നാല്‍ വാക്സ് വേം മെഴുക് തിന്നുന്നതോടെ പുറത്തേക്ക് തേനൊലിക്കും. അതോടെ ലാർവകൾ ചത്തുപോകും. ശരിക്കുമൊരു കീടനാശിനി പ്രയോഗം നടത്തിയതു പോലെ. ഇങ്ങനെ തേനീച്ചകൾക്ക് ഉപകാരം ചെയ്തു ജീവിക്കുന്നതിനിടെയായിരുന്നു വാക്സ് വേമുകൾ മനുഷ്യര്‍ക്കും ഉപകാരികളായത്.
∙ വിഘടന‘പുഴു’ വന്ന വഴി
സ്പെയിനിലെ മഡ്രിഡിലെ ബയോളജിക്കൽ റിസർച് സെന്ററിൽനിന്നാണ് കഥയുടെ തുടക്കം. അവിടുത്തെ ഡോ.ഫെഡെറിക്ക ബെർട്‌ലോച്ചി ഒരു ദിവസം നോക്കുമ്പോഴുണ്ട്, താൻ പരീക്ഷണത്തിനായി വളർത്തുന്ന തേനീച്ചക്കൂട്ടിലാകെ ഒരു തരം പുഴുക്കൾ. വാക്സ് വേം ആയിരുന്നു അത്. അദ്ദേഹം അവയെ ശേഖരിച്ച് ഒരു പ്ലാസ്റ്റിക് കവറിലാക്കി. കുറച്ചു കഴിഞ്ഞു നോക്കുമ്പോഴുണ്ട് പ്ലാസ്റ്റിക് കവറിലാകെ ദ്വാരം വീണിരിക്കുന്നു. വാക്സ് വേം ദ്വാരമിട്ടതാണെന്നാണ് ആദ്യം കരുതിയത്, പിന്നീടാണ് മനസ്സിലായത് ആ ലാർവ പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ചതാണെന്ന്.
പ്ലാസ്റ്റിക് ഉൽപാദനത്തിൽ 30 ശതമാനവും പോളിഎഥിലീനാണ്. പ്ലാസ്റ്റിക് ബാഗുകളിലും പാക്കേജിങ് വസ്തുക്കളിലുമെല്ലാം പ്രധാനമായും ഇവയാണുള്ളത്. അതിനാൽത്തന്നെ പ്ലാസ്റ്റിക് മലിനീകരണത്തിലെ പ്രധാന വില്ലനും പോളിഎഥിലീനാണ്. ഇതിനെ വിഘടിപ്പിക്കാനായാൽ റീസൈക്ലിങ് വളരെ എളുപ്പമാകും. അങ്ങനെ വരുമ്പോൾ പുതിയ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാം, പഴയ പ്ലാസ്റ്റിക്‌തന്നെ റീസൈക്കിൾ ചെയ്ത് വീണ്ടും വീണ്ടും ഉപയോഗിക്കാം. വാക്സ് വേമുകളുടെ ഉമിനീരിലുള്ള ഒരു തരം എൻസൈമാണ് ഈ പ്ലാസ്റ്റിക് വിഘടനത്തിനു സഹായിക്കുന്നത്. ആ എൻസൈം കൃത്രിമമായി ഉൽപാദിപ്പിക്കാനും സാധിക്കും.
പോളിമർ ചെയിനുകളെ വിഘടിപ്പിക്കുകയെന്നതാണ് പ്ലാസ്റ്റിക് വിഘടനത്തിലെ പ്രധാന വെല്ലുവിളി. കൃത്രിമമായി അതു ചെയ്യാറുണ്ട്, പക്ഷേ വൻ താപനിലയിലേ അതു സാധ്യമാകൂ. അതേസമയം സാധാരണ അന്തരീക്ഷ താപനിലയിൽ വാക്സ് വേമിന്റെ എൻസൈം പ്രവർത്തിക്കും. വെള്ളത്തിൽ വരെ പ്രവർത്തിക്കും! ഏതാനും മണിക്കൂര്‍ സമയം മാത്രം മതി വിഘടനത്തിനെന്ന മെച്ചവുമുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ഇവ ഉൽപാദിപ്പിക്കാനായാൽ വീട്ടിൽപ്പോലും പ്ലാസ്റ്റിക് വിഘടനം നടത്താം. പക്ഷേ അതിന് ഒട്ടേറെ കടമ്പകൾ കടക്കാനുണ്ട്. ശാസ്ത്രജ്ഞർ ഗവേഷണം ആരംഭിച്ചു കഴിഞ്ഞു. വാക്സ് വേം അല്ലാതെ മറ്റു വണ്ടുകളുടെയോ ചിത്രശലഭങ്ങളുടെയോ ലാർവകൾക്കും ഇത്തരത്തിൽ പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാനുള്ള ശേഷിയുണ്ടോ എന്നാണ് അവരന്വേഷിക്കുന്നത്.
ഒരിനം ബാക്ടീരിയയ്ക്ക് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കടലിലും മണ്ണിലും കാണപ്പെടുന്നവയായിരുന്നു ഇവ. 10 തരം പ്ലാസ്റ്റിക്കുകളെ വിഘടിപ്പിക്കാൻ സാധിക്കുന്ന 30,000 ഇനം എൻസൈമുകളെയും ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാനുള്ള വാക്സ് വേമിന്റെ ശേഷിയെപ്പറ്റി നേച്ചർ കമ്യൂണിക്കേഷൻ ജേണലിലാണു പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. പഠനം പ്രകാരം, വാക്സ് വേമിന്റെ ഉമിനീരിൽ 200 തരം പ്രോട്ടീനുകൾ കണ്ടെത്തി. ഇവയിൽ രണ്ടെണ്ണത്തിനാണ് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാനുള്ള ശേഷി. ഇവ കൃത്രിമമായി ഉൽപാദിപ്പിക്കാനായാൽ ലോകത്തെ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള വലിയ പ്രതിവിധിയായിരിക്കും നമുക്കും ലഭിക്കുക.
English Summary: Wax Worm Saliva Rapidly Breaks Down Plastic Bags in Hours